---
title: "#SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും"
english_title: "#SeaportAirportRoad; The #final #hurdle has been #cleared and #construction will begin"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/206319/seaportairportroad-the-final-hurdle-has-been-cleared-and-construction-will-begin"
published_at: "2024-05-20T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664abd8a8f4f0_road.jpg"
keywords: []
---

# #SeaportAirportRoad | സീപോർട്ട്–-എയർപോർട്ട് റോഡ് ; അവസാനകടമ്പയും നീങ്ങി ,നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും

> **Lead Summary:** **കളമശേരി :** സീപോർട്ട്–-എയർപോർട്ട് റോഡ് വികസനത്തിനുള്ള അവസാനകടമ്പയും നീങ്ങിയതോടെ ഇനി നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും.

## Article Content

**കളമശേരി :** സീപോർട്ട്–-എയർപോർട്ട് റോഡ് വികസനത്തിനുള്ള അവസാനകടമ്പയും നീങ്ങിയതോടെ ഇനി നിർമാണത്തിന്‌ നടപടികൾ ആരംഭിക്കും.

ഇത്‌ കളമശേരിയുടെമാത്രമല്ല, കൊച്ചിയുടെ ഗതാഗതവികസനത്തിൽ നാഴികക്കല്ലായി മാറും. ഇരുപതുവർഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്ന എച്ച്എംടിയുടെയും എൻഎഡിയുടെയും ഭൂമിപ്രശ്നം സംസ്ഥാന സർക്കാർ മുൻകൈയെടുത്താണ്‌ പരിഹരിച്ചത്‌.

സീപോർട്ട്–- - എയർപോർട്ട് നിർമാണത്തിന്‌ ആവശ്യമുള്ള എച്ച്‌എംടി ഭൂമി നിശ്ചിതതുക കെട്ടിവച്ച് ആർബിഡിസികെയ്‌ക്ക് വിട്ടുനൽകാൻ സുപ്രീംകോടതി കഴിഞ്ഞ മാർച്ചിലാണ്‌ ഉത്തരവിട്ടത്‌.

റോഡ് വികസനത്തിന് എച്ച്‌എംടിയിൽനിന്ന്‌ വിട്ടുകിട്ടേണ്ട 1.632 ഹെക്ടർ സ്ഥലം ലഭ്യമാക്കാൻ 16.34 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവയ്‌ക്കുന്നതിന് സുപ്രീംകോടതി അനുമതി തേടാൻ മന്ത്രിമാരായ പി രാജീവ്, കെ രാജൻ, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നതതലയോഗം തീരുമാനിച്ചതോടെയാണ്‌ കോടതി നടപടിക്രമങ്ങൾ വേഗത്തിലായത്‌.

എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമി റോഡ് നിർമാണത്തിന് അനുവദിച്ച് മാർച്ചിൽ രാഷ്ട്രപതിയുടെ ഉത്തരവും ഇറങ്ങിയിരുന്നു. ഭൂമിവിലയായി 23.06 കോടി രൂപ ആർബിഡിസികെ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് നൽകാനും തീരുമാനമായിരുന്നു.

സീപോർട്ട്–-എയർപോർട്ട് റോഡ് വികസനത്തിന്റെ ഭാഗമായി എൻഎഡി–-മഹിളാലയം റീച്ചിന് ആവശ്യമായ 722.04 കോടി രൂപകൂടി അനുവദിക്കാൻ മന്ത്രിമാരുടെ യോഗനിർദേശപ്രകാരം കഴിഞ്ഞ കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/206319/seaportairportroad-the-final-hurdle-has-been-cleared-and-construction-will-begin)