---
title: "#bridge| ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന പാലങ്ങൾക്ക് ഉയരക്കുറവ്"
english_title: "#Edappally--#Moothakunnam reach of #bridges being #constructed as part of #National #Highway 66 is short in #height"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205953/edappally-moothakunnam-reach-of-bridges-being-constructed-as-part-of-national-highway-66-is-short-in-height"
published_at: "2024-05-18T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664835b91e198_bridge.jpg"
keywords: []
---

# #bridge| ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന പാലങ്ങൾക്ക് ഉയരക്കുറവ്

> **Lead Summary:** **പറവൂർ :** ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന പാലങ്ങൾക്ക് ഉയരക്കുറവ്.

## Article Content

**പറവൂർ :** ഇടപ്പള്ളി–-മൂത്തകുന്നം റീച്ചിൽ ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന പാലങ്ങൾക്ക് ഉയരക്കുറവ്.

മേജർ ഇറിഗേഷൻവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് വടക്കേക്കര പഞ്ചായത്തിലെ കുര്യാപ്പിള്ളിയിൽ രണ്ട് പാലങ്ങൾ, പറവൂർ പാലം, ചെറിയപ്പിള്ളി പാലം എന്നിവയ്‌ക്ക് ഉയരക്കുറവ് വ്യക്തമായത്. ജലപാതയിൽ നിർമിക്കുന്ന പാലങ്ങൾക്ക് അഞ്ചുമീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് (ജലോപരിതലത്തിൽനിന്നുള്ള ഉയരം) വേണമെന്ന നിബന്ധനയും ദുരന്ത അതോറിറ്റിയുടെ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല.

പാലങ്ങൾക്ക് ഉയരം കുറവാണെന്ന വസ്‌തുത നിർമാണം കരാറെടുത്ത ഓറിയന്റൽ കമ്പനി അധികൃതരെ മേജർ ഇറിഗേഷൻവകുപ്പ് ബോധ്യപ്പെടുത്തി. ദേശീയപാത അതോറിറ്റിയുടെ നിർദേശപ്രകാരംമാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നും നിർദേശിച്ചു.

പരിശോധനയുടെ വിശദ റിപ്പോർട്ട് അടുത്തദിവസം നൽകുമെന്ന് മേജർ ഇറിഗേഷൻവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തദ്ദേശസ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും പരിശോധനയിൽ പങ്കെടുത്തു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്‌ഥർ പങ്കെടുത്തില്ല.

അവർകൂടി പങ്കെടുക്കുന്ന പരിശോധന 21ന്‌ നടക്കും. പറവൂർ പുതിയ പാലത്തിൽ ഗർഡറുകൾ സ്ഥാപിച്ചപ്പോഴാണ് ഉയരക്കുറവ് ശ്രദ്ധയിൽപ്പെട്ടത്. ഇത് പരിശോധിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇതുൾപ്പെടെ നാല് പാലങ്ങൾ പരിശോധിച്ചത്.

ഉയരം കുറച്ച്‌ പാലം പണിയുന്നത് വാട്ടർ മെട്രോ ഉൾപ്പെടെയുള്ള ഭാവിയിലെ ജലഗതാഗത വികസനത്തിന്‌ തടസ്സമാകും.

മുസിരിസ് പദ്ധതിയുമായി ബന്ധപ്പെട്ട ടൂറിസം പ്രവർത്തനങ്ങൾക്കും തിരിച്ചടിയാകും. എന്നാൽ, ദേശീയപാത 66 നിർമാണവുമായി ബന്ധപ്പെട്ട കൺസ്ട്രക്‌ഷൻ കരാറിൽ കോട്ടപ്പുറം–-മൂത്തകുന്നം പാലവും വരാപ്പുഴ പാലവും മാത്രമേ ജലഗതാഗതത്തിന് അനുയോജ്യമായി നിർമിക്കണമെന്ന്‌ നിർദേശിച്ചിട്ടുള്ളൂ എന്നാണ് ഓറിയന്റൽ കമ്പനി അധികൃതർ പറയുന്നത്.

മറ്റു പാലങ്ങൾ അഞ്ചുമീറ്റർ വെർട്ടിക്കൽ ക്ലിയറൻസിൽ നിർമിക്കണമെന്ന നിർദേശം ദേശീയപാത അതോറിറ്റി നൽകിയിട്ടില്ല.

ഇന്ത്യൻ റോഡ്‌സ് കോൺഗ്രസ് (ഐആർസി കോഡ്) പ്രകാരമാണ് ദേശീയപാത നിർമാണം നടത്തുന്നത്. അഞ്ചുമീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് വേണമെന്നത്‌ കേരള സർക്കാരിന്റെ നിബന്ധനയാണ്. ആ സർക്കുലർ ദേശീയപാത അധികൃതർക്ക് ലഭിച്ചിട്ടില്ലെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205953/edappally-moothakunnam-reach-of-bridges-being-constructed-as-part-of-national-highway-66-is-short-in-height)