---
title: "#Traffic | ആലുവ–-മംഗലപ്പുഴ പാലം ബലപ്പെടുല്‍ ; കാലടിയിൽ ഗതാഗതക്കുരുക്ക്‌ മുറുകി,20 ദിവസത്തേക്ക് ആലുവയിൽ ഗതാഗതനിയന്ത്രണം "
english_title: "#Strengthening of #Aluva--#Mangalapuzha #Bridge; #Traffic jam in #Kaladi #tightened, #traffic #control in #Aluva for 20 days"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205926/strengthening-of-aluva-mangalapuzha-bridge-traffic-jam-in-kaladi-tightened-traffic-control-in-aluva-for-20-days-new"
published_at: "2024-05-18T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66481c511601b_aaluva.jpg"
keywords: []
---

# #Traffic | ആലുവ–-മംഗലപ്പുഴ പാലം ബലപ്പെടുല്‍ ; കാലടിയിൽ ഗതാഗതക്കുരുക്ക്‌ മുറുകി,20 ദിവസത്തേക്ക് ആലുവയിൽ ഗതാഗതനിയന്ത്രണം 

> **Lead Summary:** **കാലടി : ** കാലടി–-മറ്റൂർ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിലായി.

## Article Content

**കാലടി : ** കാലടി–-മറ്റൂർ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിലായി.

ആലുവ–-മംഗലപ്പുഴ പാലം ബലപ്പെടുത്തുന്നതി​ന്റെ ഭാഗമായി വെള്ളിയാഴ്‌ചമുതൽ 20 ദിവസത്തേക്ക് ആലുവയിൽ ഗതാഗതനിയന്ത്രണമുണ്ട്. അതിനാല്‍ തൃശൂരിൽനിന്ന്‌ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അങ്കമാലിയിൽനിന്ന്‌ ഇടത്തു തിരിഞ്ഞ് കാലടിവഴി പോകാനാണ് നിർദേശം.

ഇതുകൂടിയായതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. വെള്ളിയാഴ്‌ച രാവിലെ തുടങ്ങിയ ​ഗതാഗതക്കുരുക്ക് വൈകിട്ടുവരെ നീണ്ടു. സാധാരണ ദിവസങ്ങളില്‍ രാവിലെമുതൽ പത്തുവരെയും പകൽ മൂന്നുമുതൽ രാത്രി ഒമ്പതുവരെയും ഗതാഗതക്കുരുക്ക് പതിവാണ്.

അങ്കമാലിയില്‍ ഇപ്പോള്‍ത്തന്നെ കടുത്ത ഗതാഗതക്കുരുക്കുണ്ട്. തൃശൂരിൽനിന്ന്‌ തെക്കോട്ട്‌ പോകുന്ന വാഹനങ്ങള്‍ മം​ഗലപ്പുഴ പാലം കയറാതെ കാലടിയിൽ എത്തുന്നതോടെ എംസി റോഡിൽ മറ്റൂർ, കാലടി, വല്ലം, പെരുമ്പാവൂർവരെ വാഹനങ്ങൾകൊണ്ട് നിറയും.

നൂറ്റമ്പത്‌ സ്വകാര്യ ബസുകൾ അങ്കമാലി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോലഞ്ചേരി, കോതമംഗലം, മലയാറ്റൂർ, അയ്യമ്പുഴ, മഞ്ഞപ്ര, ആലുവ എന്നീ റൂട്ടുകളിലേക്ക് പ്രദേശത്തുകൂടി സര്‍വീസ് നടത്തുന്നുണ്ട്. ഗതാഗതക്കുരുക്കിൽപ്പെട്ട് സമയം നഷ്ടപ്പെടുന്നതുകൊണ്ട് പല ബസുകളും പാതിവഴിയിൽ ട്രിപ്പുകൾ അവസാനിപ്പിക്കുകയാണ്.

കൂടാതെ അപകടങ്ങളും വര്‍ധിച്ചു. അങ്കമാലിയിലും കാലടിയിലും അടിയന്തരമായി ബൈപാസ് നിര്‍മിക്കുക, അങ്കമാലി-–മലയാറ്റൂർ ഗ്രീൻ-ഫീൽഡ് നാലുവരിപ്പാത നിര്‍മിക്കുക തുടങ്ങിയവയാണ് കാലടി–-പെരുമ്പാവൂര്‍ മേഖലയിലെ ​ഗതാ​ഗതക്കുരുക്ക്‌ അഴിക്കാനുള്ള മാര്‍​ഗങ്ങൾ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205926/strengthening-of-aluva-mangalapuzha-bridge-traffic-jam-in-kaladi-tightened-traffic-control-in-aluva-for-20-days-new)