---
title: "#kochi | ഇനിയും ഉയരാം, ആകാശമൊരുക്കി "
english_title: "Let's #rise #again, the #sky has #prepared "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205951/lets-rise-again-the-sky-has-prepared-where"
published_at: "2024-05-18T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664834d1e9d43_ennidam.jpg"
keywords: []
---

# #kochi | ഇനിയും ഉയരാം, ആകാശമൊരുക്കി 

> **Lead Summary:** **കൊച്ചി : ** കുട്ടമ്പുഴ ആദിവാസി ഊരുകളിലെ അമ്മമാർ ‘കെന്നിഞ്ചി’ നൃത്തവുമായി വേദിയിൽ നിറഞ്ഞാടി.

## Article Content

**കൊച്ചി : ** കുട്ടമ്പുഴ ആദിവാസി ഊരുകളിലെ അമ്മമാർ ‘കെന്നിഞ്ചി’ നൃത്തവുമായി വേദിയിൽ നിറഞ്ഞാടി.

> കുഞ്ചിപ്പാറ കോളനിയിലെ മുതുവാൻ സമുദായത്തിൽനിന്നുള്ള അമ്മമാരുടെ നൃത്തത്തിന്റെ നിറവിൽ "എന്നിടം' പദ്ധതിക്ക്‌ ജില്ലയിൽ ഉജ്വല തുടക്കം. ഊരുകളിലെ മറ്റു കലാരൂപങ്ങളും കൊച്ചി കോർപറേഷൻ 33–-ാംഡിവിഷൻ എഡിഎസിൽ അവതരിപ്പിച്ചു.

പാട്ടും നൃത്തവുമായി കുടുംബശ്രീ അംഗങ്ങൾ തങ്ങളുടെ സ്വന്തം ഇടം കണ്ടെത്തി. കുട്ടമ്പുഴയിലെ തനത്‌ ഉൽപ്പന്നങ്ങളായ കുട്ടമ്പുഴ കാപ്പി, കൂവപ്പൊടി, തേൻ, ചക്ക വറുത്തത്‌ തുടങ്ങിയവയുടെ വിപണനമേളയും നടന്നു.

> വാർഡിൽ എഡിഎസ് ശക്തിപ്പെടുത്താനും വനിതകളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും മാനസിക ഉല്ലാസത്തിനുമുള്ള വേദിയായാണ്‌ "എന്നിടം' ഒരുക്കുന്നത്‌. കുടുംബശ്രീ വാർഷികദിനമായ വെള്ളിയാഴ്ച "എന്നിട'ത്തിന്റെ ജില്ലാ ഉദ്‌ഘാടനം കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ നടന്നു.

സബ്‌ കലക്ടർ കെ മീര ഉദ്‌ഘാടനം ചെയ്‌തു. മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ ടി എം റെജീന അധ്യക്ഷയായി. കൊച്ചി ഈസ്‌റ്റ്‌ സിഡിഎസ്‌ ചെയർപേഴ്‌സൺ മിനി ജോഷി, ജില്ലാ മിഷൻ അസിസ്‌റ്റന്റ്‌ കോ–-ഓർഡിനേറ്റർ കെ ആർ രജിത, ജയശ്രീ ഷാജി, നിഷ അമിതാബ്, അനിത ജ്യോതി, ലത രാജു തുടങ്ങിയവർ സംസാരിച്ചു.

> കല–-സാംസ്കാരിക–-സാമൂഹ്യ പ്രവർത്തനങ്ങൾക്കായി ഓരോ എഡിഎസിലും "എന്നിടം' സജ്ജമാക്കും.അംഗങ്ങളിൽ സാമൂഹിക–-സാംസ്‌കാരിക അവബോധം സൃഷ്ടിക്കുക, പൊതുസമൂഹത്തിൽ മാനസികാരോഗ്യം ഉറപ്പാക്കുക, നാടിന്റെ സൗഹാർദ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയും ലക്ഷ്യമിടുന്നു.

എല്ലാമാസവും ഒരുദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ്‌ നിർദേശം. ജില്ലയിൽ മറ്റിടങ്ങളിൽ സിഡിഎസ്‌ തലത്തിൽ പരിപാടികൾ നടന്നു. ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ മറ്റു വാർഡുകളിൽ ‘എന്നിട'ത്തിന്റെ ഭാഗമായ പരിപാടികൾ സംഘടിപ്പിക്കും.

> കുടുംബശ്രീ നേതൃത്വത്തിൽ ജെൻഡർ ന്യൂട്രൽ അവധിക്കാല ക്യാമ്പിനും വെള്ളിയാഴ്ച തുടക്കമായി. കുടുംബശ്രീ ജെൻഡർ വികസനവകുപ്പാണ്‌ "കളിമുറ്റം' പേരിൽ കുട്ടികൾക്കായി ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. ചെറുപ്പംമുതൽ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ കുട്ടികളിലേക്ക് പകരുകയാണ്‌ ക്യാമ്പിന്റെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205951/lets-rise-again-the-sky-has-prepared-where)