---
title: "#councilmeeting | മഴക്കാലപൂർവ ശുചീകരണ അവലോകനത്തിനായി വിളിച്ച അടിയന്തര കൗൺസിൽ യോഗം പ്രഹസനമായി"
english_title: "An #emergency #council #meeting called for a #pre-monsoon #sanitation #review #turned out to be a #farce"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202073/an-emergency-council-meeting-called-for-a-pre-monsoon-sanitation-review-turned-out-to-be-a-farce"
published_at: "2024-04-30T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66307648dab7c_council.jpg"
keywords: []
---

# #councilmeeting | മഴക്കാലപൂർവ ശുചീകരണ അവലോകനത്തിനായി വിളിച്ച അടിയന്തര കൗൺസിൽ യോഗം പ്രഹസനമായി

> **Lead Summary:** കളമശേരി : കളമശേരി നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ അവലോകനത്തിനായി വിളിച്ച അടിയന്തര കൗൺസിൽ യോഗം പ്രഹസനമായി.

## Article Content

കളമശേരി : കളമശേരി നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ അവലോകനത്തിനായി വിളിച്ച അടിയന്തര കൗൺസിൽ യോഗം പ്രഹസനമായി.

> മഴക്കാല ശുചീകരണം നടത്താൻ രണ്ടുമാസംമുമ്പ് കൗണ്‍സില്‍ തീരുമാനമെടുത്തതാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രവൃത്തിയും നഗരസഭയില്‍ നടന്നിട്ടില്ല. അതിനാല്‍ത്തന്നെ "എന്താണ് അവലോകനം ചെയ്യേണ്ടത്’ എന്ന് ആരോഗ്യവിഭാഗം അധ്യക്ഷന്‍ എ കെ നിഷാദിനും ധാരണയുണ്ടായിരുന്നില്ല.

ഭരണകക്ഷി അംഗങ്ങളും ഇതിനെതിരെ വിമര്‍ശവുമായി രംഗത്തെത്തി. അടുത്ത മഴക്കാലത്ത് കളമശേരി വെള്ളക്കെട്ടിലാകുമെന്ന ആശങ്ക ടി എ അസൈനാർ പങ്കുവച്ചു. മഴക്കാലപൂർവ ശുചീകരണം നടത്താതെ അവലോകനയോഗം വിളിച്ചതിനെ കെ ടി മനോജ് ചോദ്യംചെയ്തു.

നഗരസഭയിൽ വലിയ തോടുകള്‍ യന്ത്രങ്ങൾകൊണ്ടും ചെറിയ തോടുകള്‍ ആളുകൾ നേരിട്ടുമാണ് ശുചീകരിക്കേണ്ടത്. ഏതൊക്കെ തോടുകൾ എങ്ങനെ ശുചീകരിക്കണം എന്ന് അധികൃതര്‍ക്കും ധാരണയില്ല.

ചാക്കിൽ കെട്ടിയ മാലിന്യവും തലയണയും കിടക്കയും ഉൾപ്പെടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽനിന്ന്‌ തോട്ടിലേക്ക് തള്ളുന്നുണ്ട്. ഇത് ഒഴിവാക്കാൻ നടപടി വേണമെന്ന് റഫീഖ് മരക്കാർ പറഞ്ഞു. കഴിഞ്ഞദിവസം 10 പേരെ തെരുവുനായ കടിച്ച വിഷയവും ചർച്ചയായി.

പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകൾക്ക് കുത്തിവയ്പ് നടത്തിയിട്ടില്ലെന്ന് കൗൺസിലർമാർ പറഞ്ഞു. കുത്തിവയ്പിനായി ഒരുലക്ഷം രൂപയുടെ ഫണ്ടാണ് ഉണ്ടായിരുന്നതെന്നും 150 തെരുവുനായകള്‍ക്കും ഏതാനും വളർത്തുനായകൾക്കും കുത്തിവയ്പ് നടത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാല്‍, കുത്തിവച്ചവയെയും അല്ലാത്തവയെയും തിരിച്ചറിയാൻ മാർഗമില്ല. യോഗത്തിൽ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202073/an-emergency-council-meeting-called-for-a-pre-monsoon-sanitation-review-turned-out-to-be-a-farce)