---
title: " #Ombudsman | വെങ്ങോല പഞ്ചായത്തില്‍ കാരുണ്യഹൃദയതാളം പദ്ധതി തട്ടിപ്പ് ; കോണ്‍​ഗ്രസ് ജനപ്രതിനിധികള്‍  കുറ്റക്കാരെന്ന് ഓംബുഡ്സ്‍മാന്‍"
english_title: "#Karunya Hridayathalam #project fraud in #Vengola Panchayat; #Ombudsman says #Congress #representatives are guilty"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202069/karunya-hridayathalam-project-fraud-in-vengola-panchayat-ombudsman-says-congress-representatives-are-guilty"
published_at: "2024-04-30T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66307432abe87_ombusdman.jpg"
keywords: []
---

#  #Ombudsman | വെങ്ങോല പഞ്ചായത്തില്‍ കാരുണ്യഹൃദയതാളം പദ്ധതി തട്ടിപ്പ് ; കോണ്‍​ഗ്രസ് ജനപ്രതിനിധികള്‍  കുറ്റക്കാരെന്ന് ഓംബുഡ്സ്‍മാന്‍

> **Lead Summary:** **പെരുമ്പാവൂർ :** കാരുണ്യഹൃദയതാളം പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ വെങ്ങോല പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി മുൻ പ്രസിഡ​ന്റും വാർഡ് അംഗവും കുറ്റക്കാരാണെന്ന് ഓംബുഡ്സ്മാൻ വിധിച്ചു.

## Article Content

**പെരുമ്പാവൂർ :** കാരുണ്യഹൃദയതാളം പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ വെങ്ങോല പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി മുൻ പ്രസിഡ​ന്റും വാർഡ് അംഗവും കുറ്റക്കാരാണെന്ന് ഓംബുഡ്സ്മാൻ വിധിച്ചു.

കോൺഗ്രസ് നേതാവും വെങ്ങോല പഞ്ചായത്ത് പ്രസിഡ​ന്റുമായിരുന്ന അന്തരിച്ച എം എം അവറാന്‍, പഞ്ചായത്ത്‌ അം​ഗം സി എം അഷ്റഫ്‌ എന്നിവരെയാണ്‌ കുറ്റക്കാരെന്ന് ഓംബുഡ്സ്മാൻ വിധിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് സി എം അഷ്‌റഫിനെ അയോഗ്യനാക്കി.

കേസി​ന്റെ നടപടിക്രമ കാലയളവില്‍ മരണപ്പെട്ടതിനാൽ എം എം അവറാനെ നടപടിയിൽനിന്ന് ഒഴിവാക്കി. 2013ല്‍ നിർധനരോഗികളെ സഹായിക്കാൻ പഞ്ചായത്തിൽ പദ്ധതി രൂപീകരിച്ച് പണപ്പിരിവ് നടത്തി, സമാഹരിച്ച തുക പിന്നീട് സ്വകാര്യ ട്രസ്റ്റിലേക്ക് മാറ്റുകവഴി അഴിമതി നടത്തിയിട്ടുണ്ടെന്നാണ് ഓംബുഡ്സ്‌മാൻ കണ്ടെത്തിയത്.

> "പഞ്ചായത്തിന്റെ ദുരിതാശ്വാസനിധി' എന്നപേരിൽ ശേഖരിച്ച പണം പഞ്ചായത്ത് സെക്രട്ടറിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാതെ എം എം അവറാൻ ചെയർമാനും സി എം അഷ്‌റഫ് കൺവീനറുമായി രൂപീകരിച്ച സ്വകാര്യ ട്രസ്റ്റിലേക്കാണ് നിക്ഷേപിച്ചത്.

പദ്ധതിയുടെ പേരില്‍ കുടുംബശ്രീയെ ഉപയോ​ഗിച്ച് പണപ്പിരിവും ബക്കറ്റ് പിരിവും നടത്തുകയും ചെയ്തിരുന്നു. 23 വാര്‍ഡില്‍നിന്നായി ഒരുകോടി രൂപയാണ് കണക്കുപ്രകാരം പിരിച്ചത്. ബക്കറ്റ് പിരിവിന് കണക്കില്ല. ആകെ 10 ലക്ഷം രൂപമാത്രമാണ് പദ്ധതിവഴി വിതരണം ചെയ്തത്‌.

2013ൽ അഭിഭാഷകനായ ബേസിൽ കുര്യാക്കോസ് നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് പി എസ് ഗോപിനാഥ് (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ) പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തി ഉത്തരവിട്ടത്. സി എം അഷ്‌റഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ അയോഗ്യത കൽപ്പിക്കാനുള്ള ഉത്തരവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കൈമാറാനും ഓംബുഡ്‌സ്മാൻ നിർദേശിച്ചു.

പദ്ധതിയിലെ അഴിമതിയും സാമ്പത്തിക ക്രമക്കേടും അന്വേഷിക്കാനാവശ്യപ്പെട്ട് എൻസിപി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ് അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രിയായ എം കെ മുനീറിന് നൽകിയ പരാതിയും കേരള സർക്കാർ ഓംബുഡ്സ്മാന് കൈമാറിയിരുന്നു.

പഞ്ചായത്തിലെ ഭരണകക്ഷിയായ മുസ്ലിംലീഗിലെ അംഗങ്ങള്‍ കെ പി അബ്ദുൾ ജലാൽ, റാബിയ ഇബ്രാഹിം എന്നിവരും ഓംബുഡ്സ്മാന് പരാതി നൽകിയിരുന്നു. അന്നത്തെ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബാണ് കാരുണ്യഹൃദയതാളം പദ്ധതി ഉദ്ഘാടനം ചെയ്തത്. അയോഗ്യനാക്കപ്പെട്ട സി എം അഷ്റഫ് നിലവിൽ കോൺഗ്രസ് വെങ്ങോല മണ്ഡലം പ്രസിഡ​ന്റാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202069/karunya-hridayathalam-project-fraud-in-vengola-panchayat-ombudsman-says-congress-representatives-are-guilty)