പിറവം : (piravomnews.in) തോമസ് ചാഴികാടൻ എംപിയുടെ ഫണ്ട് ഉപയോഗിച്ച് മണീട് പഞ്ചായത്ത് മൂന്നാം വാർഡിൽ നിർമിക്കുന്ന വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്.

എംപി ഫണ്ട് 34 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. ടാങ്ക് ഉൾപ്പെടെ നിർമാണം പൂർത്തിയായി. പതിറ്റാണ്ടുകളായി പ്രദേശത്ത് നിലനിന്ന കുടിവെള്ളക്ഷാമം പലപ്പോഴും വലിയ വാർത്തയായിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും.
വാർഡ് അംഗം ആഷ്‌ലി എൽദോയുടെ നേതൃത്വത്തിൽ ജനകീയകൂട്ടായ്മ രൂപീകരിച്ച് 60 കുടുംബങ്ങൾക്ക് താൽക്കാലികമായി വെള്ളം എത്തിക്കുന്നുണ്ട്.
എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക അനുവദിച്ചത്.
വെട്ടിത്തറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലവും ഇളമണ്ണുമന ദാമോദരൻ നമ്പൂതിരി മൂവാറ്റുപുഴയാറിന്റെ തീരത്ത് കിണറിനാവശ്യമായ സ്ഥലവും സൗജന്യമായി നൽകി.
#Vettittara #Kurutholantand #drinkingwater project towards #completion
