വൈപ്പിൻ: (piravomnews.in) രണ്ടാംദിവസവും എളങ്കുന്നപ്പുഴയിൽ കടൽകയറ്റമുണ്ടായി. തിങ്കൾ വൈകിട്ട് നാലരയോടെയാണ് വെള്ളം കയറിയത്.
തീരത്തുള്ള 15 വീടുകളിൽ കടൽവെള്ളം കയറി. രാത്രി ഏഴോടെ വെള്ളക്കയറ്റത്തിനു ശമനമുണ്ടായി. എന്നാൽ, കയറിയ വെള്ളം ഒഴുകിപ്പോകാത്തത് പ്രശ്നമായി. തീരദേശറോഡിലെ കാനകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.
ഞായർ രാത്രിയിലും ഈ ഭാഗത്ത് വെള്ളം കയറി. നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിലും വൈകിട്ട് വെള്ളം കയറി. തീരദേശറോഡ് വെള്ളത്തിലായി. ഒരു വീട്ടിലും വെള്ളം കയറി. രാത്രിയിൽ വെള്ളം കയറിയേക്കുമെന്ന ഭീതിയിലാണ് തീരദേശവാസികൾ.
എറണാകുളത്ത് ഞായറാഴ്‌ച കടൽ കയറിയ തീരങ്ങളിൽനിന്ന് വെള്ളം ഇറങ്ങിയതോടെ സ്ഥിതിഗതികൾ ശാന്തമായി. തിങ്കളാഴ്‌ച കടലും ശാന്തമായിരുന്നു.
കഴിഞ്ഞദിവസം കടൽ പ്രക്ഷുബ്‌ധമായി കരയിലേക്കുകയറിയ കണ്ണമാലിയിലും ടെട്രാപോഡ് കടൽഭിത്തി സുരക്ഷയൊരുക്കിയ ചെല്ലാനത്തും തിങ്കളാഴ്‌ച കടൽക്ഷോഭമുണ്ടായില്ല. എളങ്കുന്നപ്പുഴ ചാപ്പ കടപ്പുറത്തും വളപ്പ്, എളങ്കുന്നപ്പുഴ ബീച്ചുകളിലും തിങ്കളാഴ്‌ച കടൽ ശാന്തമായിരുന്നു.
On the #second day #too, there was a sea #surge at #Elangunnapuzha