പറവൂർ : (piravomnews.in) നഗരസഭയുടെ ഉടമസ്ഥതയിലുള്ള പെരുമ്പടന്ന മീൻ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മീൻ മാർക്കറ്റിനുമുന്നിൽ ധർണ നടത്തി.
നഗരസഭാ പ്രതിപക്ഷനേതാവ് ടി വി നിധിൻ ഉദ്ഘാടനം ചെയ്തു. ദേശീയപാത 66ന്റെ വികസനത്തിനായി മീൻ മാർക്കറ്റിന്റെ ഒന്നര സെന്റ് ഏറ്റെടുത്തിരുന്നു. ഇതിൽ നഷ്ടപരിഹാരമായി ലഭിച്ച 23 ലക്ഷം രൂപ ഇവിടത്തെ നവീകരണത്തിനായി ചെലവഴിക്കാൻ കൗൺസിൽ തീരുമാനിച്ചതാണ്.
എന്നാൽ, മറ്റെന്തോ ആവശ്യത്തിനായി പണം വകമാറ്റിയെന്ന് സമരക്കാർ ആരോപിച്ചു. ഇവിടത്തെ ഓടകളിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധവും പ്രദേശമാകെ വൃത്തിഹീനവുമാണ്. എല്ലാ വർഷവും മീൻ മാർക്കറ്റ് നടത്തിപ്പിനായി ലേലത്തിൽ കൊടുക്കുമ്പോൾ എട്ടുലക്ഷം രൂപയോളം നഗരസഭയ്ക്ക് വരുമാനം ലഭിക്കുന്നുണ്ട്.
സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ കുത്തക ലേലക്കാർ ലേലത്തിൽ പങ്കെടുക്കാത്ത സ്ഥിതിയാണ്. മീൻ മാർക്കറ്റിന്റെ ദുരവസ്ഥ പരിഹരിക്കാൻ നഗരസഭാ ഭരണനേതൃത്വം തയ്യാറാകണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം നേതാക്കൾ പറഞ്ഞു.
ഏരിയ കമ്മിറ്റി അംഗം എൻ എസ് അനിൽകുമാർ, ലോക്കൽ സെക്രട്ടറി സി പി ജയൻ, എൻ എസ് സുനിൽകുമാർ, ജ്യോതി ദിനേശൻ, ജയ ദേവാനന്ദൻ എന്നിവർ സംസാരിച്ചു.
The #CPI-M staged a dharna #demanding that the #deplorable #condition of the #fish #market be #resolved