പെരുമ്പാവൂർ : (piravomnews.in) എംസി റോഡും എഎം റോഡും സന്ധിക്കുന്ന ടൗൺ ജങ്ഷനിലെ സിഗ്നൽ സംവിധാനം നിലച്ചിട്ട് മാസങ്ങളായി. കഴിഞ്ഞദിവസം വാഹനാപകടത്തിൽ തകർന്ന ട്രാഫിക് കൺട്രോൾ റൂമും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനിൽ രാത്രിയും പകലും പൊലീസ് കാവൽനിൽക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് മറിഞ്ഞാണ് ട്രാഫിക് കൺട്രോൾ റൂം പൂർണമായും തകർന്നത്.
ശ്രദ്ധയിൽപ്പെട്ടിട്ടും പുനഃസ്ഥാപിക്കാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയും നഗരസഭയും നടപടിയെടുക്കുന്നില്ല. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതാണ് പുലർച്ചെയുണ്ടായ അപകടത്തിന് കാരണം. ഇതേ ജങ്ഷനിൽ മൂന്നുമാസത്തിനുള്ളിൽ 10 അപകടങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ 20നാണ് ടോറസ് ഇടിച്ച് കടുവാൾ രാജ്മന്ദിർ അപ്പാർട്ട്‌മെന്റില്‍ സിസിലി താരു (67) മരിച്ചത്.
സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതിനാൽ ട്രാഫിക് പൊലീസ് റോഡിൽനിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. രാത്രി എട്ട് കഴിഞ്ഞാൽ വാഹനങ്ങൾ നിയന്ത്രിക്കാൻ ആരുമില്ല. ട്രാഫിക് കൺട്രോൾ റൂമും സിഗ്നൽ സംവിധാനവും പുനഃസ്ഥാപിച്ചാൽ അപകടം കുറയ്ക്കാനാകും.
നാലുവശത്തുനിന്നും വരുന്ന വാഹനങ്ങൾ ജങ്ഷനിലെത്തുമ്പോൾ കുരുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. അപകടമൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The #signal #system has been #stopped for months; the #locals are in #danger