പിറവം : (piravomnews.in) ദ്വിശതാബ്ദി നിറവിലെത്തുന്ന പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാമ്പാക്കുട കോനാട്ട് കുടുംബത്തിലെ വൈദികരുടെ നേതൃത്വത്തിൽ പള്ളിയിൽ 1825ലാണ് ആരാധന ആരംഭിച്ചത്. ഇപ്പോൾ ആയിരത്തോളം ഇടവകവീടുകളുണ്ട്. ആഘോഷത്തിന്റെ ഭാഗമായി 10 വീടുകളും ദ്വിശതാബ്ദിമന്ദിരവും നിർമിക്കും. പാലിയേറ്റീവ് യൂണിറ്റും സ്ഥാപിക്കും.
ഒന്നിന് വൈകിട്ട് ആറിന് ബസോലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആഘോഷം ഉദ്ഘാടനം ചെയ്യും. കുന്നംകുളം ഭദ്രാസന മെത്രാപോലീത്ത ഗീവർഗീസ് മാർ യൂലിയോസ് അധ്യക്ഷനാകും. മന്ത്രി വീണാ ജോർജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ഭവനദാനപദ്ധതി തോമസ് ചാഴികാടൻ എംപിയും പാലിയേറ്റീവ് കെയർ യൂണിറ്റ് അനൂപ് ജേക്കബ് എംഎൽഎയും ഉദ്ഘാടനം ചെയ്യും. ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ എംഡി ഡോ. ആൽബിൻ ജോൺ വർഗീസ് മുഖ്യപ്രഭാഷണം നടത്തും.
തിരക്കഥാകൃത്ത് പോൾസൺ സ്‌കറിയ, പഞ്ചായത്ത് അംഗങ്ങളായ ഇടവകാംഗങ്ങൾ എന്നിവരെ അനുമോദിക്കും. വാർത്താസമ്മേളനത്തിൽ വികാരി ഡോ. ജോൺസ് എബ്രഹാം കോനാട്ട്, ഫാ. പോൾ ജോൺ കോനാട്ട്, ഫാ. ടോം ബേബി വെട്ടിക്കുഴിയിൽ, കെ ജെ ജോമോൻ, പി യു ചാക്കോ, നിഖിൽ കെ ജോയി, ഷിന്റോ എം ജോയി എന്നിവർ പങ്കെടുത്തു.
St. John's #Orthodox #Valiyapalli, #Pampakkuta, on its #bicentenary