പറവൂർ : (piravomnews.in) ആ മുഖം ആദ്യം അവരുടെ മനസ്സിലാണ് പതിഞ്ഞത്. പിന്നീടവർ സ്നേഹം ചാലിച്ച നൂലിൽ മെനഞ്ഞു, സ്വന്തം മുഖ്യമന്ത്രിയെ.
ഒടുവിൽ ആ സമ്മാനം കൈമാറാനുള്ള കാത്തിരിപ്പ്. നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് ചിത്രം സമ്മാനിക്കുമ്പോൾ കുട്ടികളുടെ മുഖത്ത് തെളിഞ്ഞത് ആഹ്ലാദവും അഭിമാനവും. പരിമിതികളെ മറികടന്ന സർഗശേഷിയെ മുഖ്യമന്ത്രി അഭിനന്ദിച്ചപ്പോൾ അവർക്ക് വിശ്വം കീഴടക്കിയ സന്തോഷം.
വടക്കേക്കര പഞ്ചായത്ത് ഉടമസ്ഥതയിൽ കുടുംബശ്രീ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികളാണ് മുഖ്യമന്ത്രിയുടെ മുഖം നൂലിൽ ഒരുക്കിയത്. 40 സെന്റിമീറ്റർ വിസ്തീർണമുള്ള ക്യാൻവാസിൽ മുഖ്യമന്ത്രിക്കുള്ള സമ്മാനം.
സി എസ് വിഷ്ണുവിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ഉദ്യമത്തിൽ പങ്കാളികളായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗംകൂടിയായിരുന്നു പരിശ്രമം
. 16നും 56നും ഇടയിൽ പ്രായമുള്ള 26 പേരാണ് ഇവിടെയുള്ളത്. ഒന്നരമാസംകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയതെന്ന് പിന്തുണയുമായെത്തിയ അധ്യാപിക ഹീതുലക്ഷ്മി പറഞ്ഞു.
That #face was first #imprinted on their #minds; #Later they #weaved in the thread of #love