ചോറ്റാനിക്കര.... ബാറിൽ നിന്നും മദ്യപിച്ചിറങ്ങിയ ആൾ വഴിയരികിൽ കിടന്ന കാർ എടുത്ത് ഓടിച്ചു അപകടത്തിൽ പെട്ടു; കാറുടമയുടെ ഭാര്യക്കും,കുട്ടിക്കും പരിക്ക്. കാറിനുള്ളിൽ ഇരിക്കുന്ന കുടുംബത്തെ ഭീതിയിൽ ആഴ്ത്തിയായിരുന്നു മദ്യപാനിയുടെ അഭ്യാസം. മദ്യത്തിന്റെ വീര്യത്തിൽ ഒഴിഞ്ഞു കിടന്ന ഡ്രൈവർ സീറ്റിലേയ്ക്ക് ചാടിക്കയറി, കാർ സ്റ്റാർട്ടാക്കുകയായിരുന്നു.
അപരിചിതൻ തങ്ങളുടെ വാഹനത്തിനുള്ളിലേയ്ക്ക് കയറി തങ്ങളുമായി പോകുന്നത് കണ്ടതോടെ പരിഭ്രമത്തിലായ വീട്ടമ്മയും കുട്ടിയും ഒച്ചയിട്ടു. ഇതോടെ വെപ്രാളത്തിലായ മദ്യപൻ ഓടിച്ച കാർ പലയിടത്തും കൊണ്ട് ഇടിപ്പിച്ചു. ഒടുവിൽ വീട്ടമ്മ സ്റ്റീയറിംഗിൽ കയറി പിടിച്ചതോടെ കാർ വഴിയരികിൽ പാനി പൂരി വിൽക്കുന്ന കടയിലും ട്രാൻസ്ഫോർമറിന്റെ വേലിക്കെട്ടിലും ഇടിച്ചു നിന്നു. വ്യാഴാഴ്ച രാത്രിയാണ് ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനടുത്ത് നിർത്തിയിട്ട കാറിൽ ആണ് സംഭവം ഭാര്യയും കുട്ടിയുമായി വന്ന ചോറ്റാനിക്കര സ്വദേശി കടയിൽ സാധനങ്ങൾ വാങ്ങാൻ കാർ നിർത്തിയിട്ട് ഇറങ്ങിയ സമയത്താണ് മദ്യപൻ ആ വഴി വന്നത്. പെട്ടെന്ന് തിരിച്ചു വരാമെന്ന കണക്ക് കൂട്ടലിൽ കാറിന്റെ താക്കോൽ ഉടമസ്ഥൻ എടുക്കാതിരുന്നതാണ് കുടുംബത്തിന് വിനയായത്. കാറിൽ ചാടിക്കയറിയ മദ്യപൻ വണ്ടി ഓടിച്ച് ബൈപ്പാസ് കടന്ന് കെ.എസ്.ഇ.ബി ഓഫീസിനു മുന്നിലെത്തിയപ്പോഴാണ് ഇടിച്ചു നിന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചോറ്റാനിക്കര പോലീസ് ആളെ കയ്യോടെ പിടികൂടി. ചോറ്റാനിക്കര പൂച്ചക്കുടിക്കവല അരിമ്പൂർ വീട്ടിൽ ആഷ്ലി (53) യാണ് അറസ്റ്റിലായത്. വാഹനം നിർത്തിക്കാനുള്ള ശ്രമത്തിനിടയിൽ വീട്ടമ്മയുടെ കൈക്ക് ചെറിയ പരുക്കുണ്ട്.
A drunken man left the bar and took a car lying on the side of the road and ran into an accident; Car owner's wife and child injured