പിറവം....(piravomnews.in) കെ.സ്മാര്‍ട്ട് വഴി 2025-26 ലെ ആദ്യ ബജറ്റ് പിറവം നഗരസഭ അവതരിപ്പിച്ചു. പിറവം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കെ.പി. സലീം 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു നഗരസഭയെ 25 വര്‍ഷത്തിന് അപ്പുറത്തേക്കുള്ള വികസനങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 36 കോടി 66 ലക്ഷത്തി പതിനയ്യായിരത്തി അറുപത് രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്.

ഡോ.വന്ദന ദാസ് മെമ്മോറിയല്‍ ഹാള്‍, മഹാത്മ അയ്യങ്കാളി ഗ്രൗണ്ട്, പണ്ഡിറ്റ് കറുപ്പന്‍ വിദ്യാഭ്യാസ ധനസഹായം, താലോലം, കുരുന്നുകള്‍ക്കൊരു കൂടാരം, അര്‍ബന്‍ റോഡ്, ജനറല്‍ ഓപ്പറേഷന്‍ തീയേറ്റര്‍, പിറവം ഓര്‍ഗാനിക് ഫെര്‍ട്ടിലൈസര്‍, ഹൈടെക് ടോയ്ലറ്റ് ബ്ലോക്ക്, എന്‍റെ പിറവം ശുചിത്വ പിറവം, മധുരം മാതൃത്വം 2.0 അടക്കമുള്ള മാതൃകാപരമായ പദ്ധതികളാണ് അവതരിപ്പിച്ചത്. മുന്‍ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, സ്ഥിരം സമിതി അധ്യക്ഷരായ ജൂബി പൗലോസ്, ബിമല്‍ ചന്ദ്രന്‍, ജില്‍സ് പെരിയപ്പുറം, ഷൈനി ഏലിയാസ്, വത്സല വര്‍ഗീസ് കൗണ്‍സിലര്‍മാരായ തോമസ് മല്ലിപ്പുറം, രാജു പാണാലിക്കല്‍, ബാബു പാറയില്‍, ജിന്‍സി രാജു, അന്നമ്മ ഡോമി, ഡോ. അജേഷ് മനോഹര്‍ എന്നിവർ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം കൗണ്‍സില്‍ ഐകകണ്ഠേന ബജറ്റ് പാസ്സാക്കി.
ബജറ്റ് സംക്ഷിപ്തം 2025-26 വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റില്‍ 3,05,25,535/- രൂപ മുന്നിരിപ്പും 36,68,68,241/- രൂപയുടെ വരവും ഉള്‍പ്പെടെ 39,73,93,776/- രൂപ ആകെ വരവും 36,66,15,060/- രൂപ ചെലവും 3,07,78,716/- രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
കാര്‍ഷിക മേഖല- നെല്‍കൃഷി വികസനം ലക്ഷ്യം വെച്ച് നെല്‍കൃഷിയുടെ ചെലവിന്‍റെ 50% സബ്സിഡിയായി നല്‍കല്‍, തരിശ് നെല്‍കൃഷി വികസനം, കേര കൃഷി വികസനം, പ്ലാന്‍റ് ഹെല്‍ത്ത് ക്ലിനിക്കിലൂടെയുള്ള ജീവനോപാധികളുടെ വിതരണം തുടങ്ങിയ പദ്ധതികള്‍ക്കായി ആകെ 33 ലക്ഷത്തി പതിനായിരം രൂപ വകയിരുത്തുന്നു.
ആരോഗ്യം ശുചിത്വം - ഡോ. വന്ദനദാസ് മെമ്മോറിയല്‍ ഹാള്‍ - പിറവം താലൂക്ക് ആശുപത്രിയില്‍ പുതിയ കോണ്‍ഫ്രന്‍സ് ഹാള്‍ നിര്‍മ്മിക്കുന്നതിലേക്കായി 15 ലക്ഷം രൂപ, ജനറല്‍ ഓപ്പറേഷന്‍ തീയേറ്റര്‍ നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ, ആയൂര്‍വേദ ആശുപത്രയില്‍ പ്രസവാനന്തര ശുശ്രൂഷ മധുരം മാതൃത്വം 2.0 പദ്ധതിക്കായി 12 ലക്ഷം രൂപ, ഡയാലിസിസ് ദൈനം ദിന ചെലവുകള്‍ക്കായി 13 ലക്ഷം രൂപ
എന്‍റെ പിറവം ശുചിത്വ പിറവം - 1 കോടി 59 ലക്ഷം രൂപ ശുചിത്വ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ കണ്ണീറ്റുമല മാലിന്യ സംസ്കരണ പ്ലാന്‍റ് നവീകരണത്തിന് 11 ലക്ഷം, പിറവം ഓര്‍ഗാനിക് ഫെര്‍ട്ടിലൈസര്‍ - തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്കരണത്തിനായി 4 ലക്ഷം, കേരള ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 1 കോടി ഇരുപത്തിയേഴ് ലക്ഷം രൂപ തുടങ്ങി വിവിധ മേഖലകളില്‍ തുക വകയിരുത്തിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസം- പിറവം ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹൈടെക് ടോയ്ലറ്റ് കോംപ്ലക്സിനായി 10 ലക്ഷം രൂപ, മറ്റ് വിവിധ സ്കൂളുകളിലെ അറ്റകുറ്റപണികള്‍ക്കായി 25 ലക്ഷം രൂപ, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ക്കായി 9 ലക്ഷം രൂപ എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്. പണ്ഡിറ്റ് കറുപ്പന്‍ വിദ്യാഭ്യാസ ധനസഹായം - മത്സ്യ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്പ് ടോപ്പിനായി 1 ലക്ഷത്തി ഇരുപതിനായിരം രൂപ, മത്സ്യ ബന്ധനത്തിന് വള്ളവും വലക്കും 2 ലക്ഷത്തി ഇരുപത്തി എണ്ണായിരത്തി എഴുന്നൂറ്റി അമ്പത് രൂപ, മത്സ്യ ബന്ധനത്തിന് വലക്കായി 75,000 രൂപ, മത്സ്യ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് മേശയും കസേരക്കുമായി 30,000 രൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പട്ടികജാതി വികസനം- മഹാത്മ അയ്യങ്കാളി ഗ്രൗണ്ട് - ഇട്ട്യാര്‍മല സാംസ്കാരിക നിലയം കളിസ്ഥല നവീകരണം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി ഈ മേഖലയില്‍ ആകെ 53 ലക്ഷത്തി പതിനൊന്നായിരം രൂപ വകയിരുത്തുന്നു.
വനിത ശിശുക്ഷേമം താലോലം - അങ്കണവാടിയിലേക്ക് ഫര്‍ണീച്ചര്‍, കളി ഉപകരണങ്ങള്‍, അനുപൂരക പോഷകാഹാര പദ്ധതി എന്നിവക്കായി 40 ലക്ഷം വകയിരുത്തുന്നു. കുരുന്നുകള്‍ക്ക് ഒരു കൂടാരം - വിവിധ അങ്കണവാടി അറ്റകുറ്റപണികള്‍ക്കായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഭിന്നശേഷി സ്കോളര്‍ഷിപ്പിനായി 13.5 ലക്ഷം രൂപ, ഭിന്നശേഷി കലാമേളക്കായി അമ്പതിനായിരം രൂപ, ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 1.5 ലക്ഷം രൂപ എന്നിങ്ങനെ ഈ മേഖലയില്‍ വകയിരുത്തിയിട്ടുണ്ട്.
കുടിവെള്ള പദ്ധതികള്‍- നഗരസഭ പ്രദേശത്തെ മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ആവശ്യമായ വെള്ളം നല്‍കുന്നതിന് അധിക സംഭരണ ശേഷിയുള്ള ടാങ്ക് നിര്‍മ്മിക്കുന്നതിലേക്ക് കൊമ്പനാമലയില്‍ നഗരസഭ തനത് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങുന്ന നടപടി പൂര്‍ത്തിയായിരിക്കുകയാണ്. ഇവിടെ ടാങ്ക് നിര്‍മ്മിക്കുന്നതിനും കക്കാടില്‍ നിന്നുമുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈനും ഉള്‍പ്പെടെ അമൃത് പദ്ധതിയില്‍ 8 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. കൂടാതെ കാലപഴക്കം മൂലം ജലവിതരണം തടസ്സപ്പെടുത്തുന്ന പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ബജറ്റ് വര്‍ഷം നടപ്പിലാക്കുന്നു. ഈ പദ്ധതികള്‍ക്കായി 1 കോടി രൂപ വകയിരുത്തുന്നു.
പശ്ചാത്തല മേഖല പ്രവര്‍ത്തനങ്ങള്‍- നഗരസഭ ഓഡിറ്റോറിയം പൂര്‍ത്തീകരണത്തിനായി 10 ലക്ഷം രൂപ, കണ്ണീറ്റുമല ശ്മാശന നവീകരണത്തിനായി 20 ലക്ഷം, നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ വെയിറ്റിംഗ് ഷെഡ്ഡുകളുടെ നവീകരണത്തിനായി 15 ലക്ഷം, അര്‍ബന്‍ റോഡുകള്‍ - നഗരസഭയിലെ വിവിധ മണ്‍പാതകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് വേണ്ടി 40 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
2024-25 ലെ പുതുക്കിയ ബജറ്റ് പ്രകാരം 2,52,79,579/- രൂപയുടെ മുന്നിരിപ്പും 39,53,47,556/- രൂപ വരവും ഉള്‍പ്പെടെ ആകെ 42,06,27,135/- രൂപ വരവും 39,01,01,600/- രൂപ ചെലവും 3,05,25,535/- രൂപ നീക്കിയിരുപ്പുമാണ് കണക്കാക്കുന്നത്.
Piravom Municipality presents first budget for 2025-26 via K.Smart
