പെരുമ്പാവൂര്‍ : യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ അർബൻ ബാങ്കിൽ കോടികളുടെ വായ്‌പാത്തട്ടിപ്പ് നടത്തിയ കേസിൽ മുൻ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും ബാങ്ക് പ്രസിഡന്റുമായിരുന്ന പെരുമ്പാവൂർ കാരാട്ടുപള്ളിക്കര ഇടത്തോട്ടിൽ ഇ എസ് രാജൻ (55), ബാങ്ക് മുൻ സെക്രട്ടറി പെരുമ്പാവൂർ സുദർശന അവിട്ടം വീട്ടിൽ കെ രവികുമാർ (66) എന്നിവരെയാണ് എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ നാലുപേർ അറസ്റ്റിലായി.

മുസ്ലിംലീഗ് നേതാവ് എസ് ഷറഫ്, കോൺഗ്രസ് നേതാവും ബാങ്ക് മുൻ ഡയറക്ടർബോർഡ് അംഗവുമായിരുന്ന വി പി റസാഖ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തു. വ്യാജരേഖ നിര്‍മിച്ച് ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് സൊസൈറ്റിക്ക് 33,33,87,691 രൂപയുടെ നഷ്ടം വരുത്തിയ കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എറണാകുളം ജോയിന്റ് രജിസ്ട്രാർ ജനറൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
Perumbavoor Urban Bank loan scam; Former president and secretary arrested
