തൃശൂര്‍: ചാലക്കുടിയിൽ യുവതിയെ കടയിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭര്‍ത്താവ് റിമാന്‍ഡിൽ. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്പിൽ സലീഷ് (45) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങള്‍ വിൽക്കുന്ന സ്ഥാപനത്തിലാണ് സംഭവം.

സംശയത്തെ തുടര്‍ന്നുള്ള വിരോധത്താലാണ് പ്രതി ഭാര്യയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കടയിലേക്ക് അതിക്രമിച്ചുകയറിയ പ്രതി അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പലതവണ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. യുവതി നിലത്തുവീണശേഷവും കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.
സംഭവത്തിനുശേഷം യുവതി ആശുപത്രിയിൽ ചികിത്സ തേടി. ഒളിവിൽ പോയ പ്രതിയെ കൊടകര പൊലീസും ചാലക്കുടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Suspected wife; husband enters shop and attacks with knife; accused arrested
