തൃശൂർ: കുന്നംകുളം ആർത്താറ്റിൽ മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊന്നു. ആർത്താറ്റ് പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്ക് മുറി നാടൻചേരി വീട്ടിൽ മണികണ്ഠൻ്റെ ഭാര്യ സിന്ധു (55) ആണ് കൊലചെയ്യപ്പെട്ടത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. സിന്ധുവിന്റെ ഭർത്താവ് വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ സമയത്താണ് സംഭവം നടന്നത്. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ. ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.
വെട്ടേറ്റ് കഴുത്ത് അറുത്തുമാറ്റിയ നിലയിലാണ് സിന്ധുവിന്റെ മൃതദേഹ കണ്ടെത്തിയത്, വീടിനകത്ത് മൽപിടുത്തം നടന്ന അടയാളങ്ങളുമുണ്ടായിരുന്നു. ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ബഹളം കേട്ട് അയൽവീട്ടിലെ സ്ത്രീ ശ്രദ്ധിച്ചപ്പോൾ സിന്ധുവിന്റെ വീട്ടിൽ നിന്ന് മാസ്ക് ധരിച്ച ഒരാൾ വീടിൻ്റെ അടുക്കള ഭാഗത്ത് നിന്നിറങ്ങി പാടം വഴി നടന്നു പോകുന്നത് കണ്ടിരുന്നു. വെകുന്നേരം ഈ പ്രദേശത്തു ഒരു യുവാവിനെ മാസ്ക് വച്ച് നാട്ടുകാരിൽ ചിലർ കണ്ടെത്തുകയായിരുന്നു ശേഷം നാട്ടുകാർ തന്നെ പ്രതിയെ ഓടിച്ചിട്ട് പിടികൂടി. മുതുവറ സ്വദേശി കണ്ണൻ (55) ആണ് പിടിയിലായത്. സിന്ധുവിന്റെ സഹോദരിയുടെ ഭർത്താവാണ് പിടിയിലായ കണ്ണൻ. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. സിന്ധുവിന് രണ്ട് മക്കളാണുള്ളത്. മകൾ വിവാഹിതയാണ്. മകൻ ജോലി സംബന്ധമായി മറ്റൊരു സ്ഥലത്താണുള്ളത്.
Housewife killed during robbery attempt; Locals chased and caught the accused.