---
title: "സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധ; യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ  അന്തരിച്ചു."
english_title: "KR Krishna passed away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/260058/kr-krishna-passed-away"
published_at: "2024-12-31T02:31:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67730a2098314_kjkl.jpg"
keywords: []
---

# സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധ; യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ  അന്തരിച്ചു.

> **Lead Summary:** സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു. ശ്രീനഗറിൽ വെച്ചായിരുന്നു മരണം. പെരുമ്പാവൂർ സ്വദേശികളായ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷണ.

## Article Content

സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു. ശ്രീനഗറിൽ വെച്ചായിരുന്നു മരണം. പെരുമ്പാവൂർ സ്വദേശികളായ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷണ.

സംവിധായകൻ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ എന്ന സീരീസിലെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു കൃഷ്ണ. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വർഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസോസിയേറ്റായി പ്രവർത്തിക്കുകയായിരുന്നു കൃഷ്ണ. രോഗത്തെ തുടർന്ന് ഈ മാസം 23 ന് കൃഷ്ണയെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. വാർഡിലേക്ക് മാറ്റാനിരിക്കെ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമെന്നാണ് വിവരം.

മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ ഛായാഗ്രാഹക സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൃഷ്ണ ഇടക്കാലത്ത് സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. സാനു വർഗീസ് ഛായാഗ്രഹണവും ജ്യോതിഷ് ശങ്കർ സംവിധാനവും നിർവഹിച്ച പുറത്തിറങ്ങാനിരിക്കുന്ന ബേസിൽ ജോസഫ് ചിത്രം പൊന്മാനിലാണ് ഒടുവിൽ മലയാളത്തിൽ പ്രവർത്തിച്ചത്. വിമൻ ഇൻ സിനിമ കലക്ടീവിന്റെ സജീവ പ്രവർത്തകയായിരുന്നു. കൃഷ്ണയുടെ മൃതദേഹം നാളെ വൈകിട്ട് കൊച്ചിയിൽ എത്തിക്കും. ജനുവരി ഒന്നിനാണ് സംസ്കാരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/260058/kr-krishna-passed-away)