തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. സമ്മേളന വേദിക്കരികിൽ ദേഹത്ത് ഇന്ധനം ഒഴിച്ച് തീ കൊളുത്തിയ 43 കാരനാണ് മരിച്ചത്. തീർത്താലും തീരാത്ത കടബാധ്യതയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് വിഴിഞ്ഞം കരയടിവിള വട്ടവിള തോട്ടരികത്ത് വീട്ടിൽ രതീഷ് മജിസ്ട്രേറ്റിന് മൊഴി നൽകിയിരിക്കുന്നത്.
ഏഴ് ദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. ഡിസംബർ 23 ന് വിഴിഞ്ഞത്ത് നടന്ന പാർട്ടി സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കുടുംബ സമേതമാണ് രതീഷ് എത്തിയത്. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മുരുകൻ കാട്ടാക്കട നയിച്ച കലാപരിപാടിക്കിടയിലാണ് യുവാവ് അപ്രതീക്ഷിതമായ ആത്മഹത്യാ ശ്രമം നടത്തിയത്. വേദിക്കരുകിൽ എത്തിയ രതീഷ് കയ്യിൽ കരുതിയിരുന്ന ഇന്ധനം തലയിൽ കൂടി ഒഴിച്ച് സ്വയം തീ കത്തിക്കുകയായിരുന്നു. സമ്മേളനത്തിന് എത്തിയവരും പൊലീസും ചേർന്ന് തീയണച്ചെങ്കിലും യുവാവിന് മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
A youth who suffered severe burns after attempting suicide near the venue of the CPM district meeting died while undergoing treatment.