പിറവം..... (piravomnews.in)കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഇത്തവണത്തെ വിശ്വരൂപദര്‍ശനത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് ദീപാരാധനക്കുശേഷം പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ 18 ദിവസം മാത്രം ഭഗവാന് ചാര്‍ത്താനുള്ള വിശ്വരൂപ ഗോളക ശ്രീലകത്തേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിച്ച് ധനുപുലരി മുതല്‍ ഈ ഗോളക ചാര്‍ത്തിയിട്ടുള്ള ദര്‍ശന പുണ്യമാണ് ഇവിടുത്തെ പ്രത്യേകത.
ഈ വര്‍ഷത്തെ വിശ്വരൂപ ദര്‍ശനം ഡിസംബര്‍ 16 മുതല്‍ ജനുവരി 2 വരെയാണ്. എല്ലാ വര്‍ഷവും ധനു 1 മുതല്‍ 18 വരെ മാത്രം ശ്രീകൃഷ്ണ ഭഗവാന്റെ വിശ്വരൂപ ദര്‍ശനം ലഭിക്കുന്ന ഏകക്ഷേത്രമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏറെ ചരിത്ര പ്രാധാന്യമുള്ളതുമായ ഈ ക്ഷേത്രം.
കുരുക്ഷേത്രയുദ്ധം നടന്ന പതിനെട്ടു ദിവസം ധനു ഒന്നിനാണ് ആരംഭിക്കുന്നത്. ഈ ദിവസങ്ങളില്‍ വിശ്വരൂപിയായ ഭഗവാനെ ദര്‍ശിക്കുന്നത് പുരാപുണ്യമായി ഭക്തര്‍ കരുതുന്നു. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വച്ച് പാര്‍ത്ഥന് ശ്രീകൃഷ്ണ ഭഗവാന്‍ നല്‍കിയ വിശ്വരൂപ ദര്‍ശന ഭാവത്തിലാണ് ഈ ദിവസങ്ങളില്‍ ഇവിടുത്തെ ദര്‍ശനം. യുദ്ധരംഗത്ത് ഒന്നും ചെയ്യാന്‍ പറ്റാതെ നിസ്സഹായനായി തളര്‍ന്നിരുന്ന അര്‍ജ്ജുനന് സാക്ഷാല്‍ വിശ്വരൂപദര്‍ശനം നല്‍കി കര്‍മ്മ വിഘ്നങ്ങള്‍ അകറ്റിയതുപോലെ തന്നെ ഈ ദിവസങ്ങളില്‍ ഇവിടെ വന്ന് ഭഗവാനെ ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വിദ്യാഭ്യാസ പ്രശ്നങ്ങളിലും എന്ത് പ്രതിസന്ധി ഉണ്ടായാലും അതെല്ലാം അകറ്റി ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും എന്നാണ് വിശ്വാസം.
Vishwarupa Darshan at Kakkad Sri Purushmangalam Temple