വൈക്കം....(piravomnews.in)വൈക്കം താലൂക്ക് ആശുപത്രിയിൽ സംഘർഷം; പോലീസുക്കാരെനു പരിക്ക്. വൈക്കം താലൂക്ക് ആശുപത്രിയിൽ ഓ.പി കൗണ്ടറിൽ അസഭ്യവർഷവും,കൈയേറ്റ ശ്രമവും തടയാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന് ആക്രമണത്തിൽ പരിക്കു പറ്റി. സംഭവത്തിൽ ദമ്പതികളെ പോലീസ് പിടികൂടി.
ബ്രഹ്മമംഗലം വടക്കേത്തറ വീട്ടിൽ വി.എസ് അനീഷ് കുമാർ (45) ഇയാളുടെ ഭാര്യ - സീന (40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.വൈക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐ കുലശേഖരമംഗലം വല്ലയിൽ അൽ അമീർ (46) നാണ് ആക്രമണത്തിൽ പരിക്കേറ്റത്. നെറ്റിക്ക് പരിക്കേറ്റ് ചോര വാർന്ന പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിന് പരിക്ക് പറ്റിയ ഭാര്യയെ ഓർത്തോഡോക്ടറെ കാണിക്കുന്നതിനാണ് യുവാവ് ഭാര്യയുമായി ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡോക്ടറുടെ ഓ.പി ഇന്ന് ഇല്ലെന്ന് ജീവനക്കാരൻ അറിയിച്ചതോടെ ഇയാൾ ബഹളം വയ്ക്കുകയും ജീവനക്കാർക്കെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. ബഹളം കേട്ട് ആശുപത്രി പോലീസ് എയ്ഡ് പോസ്റ്റിൽ ഡൂട്ടിയിൽ ഉണ്ടായിരുന്ന അമീറും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനും ഉടൻ ഓടിയെത്തി ഇയാളെ ശാന്തനാക്കാൻ ശ്രമം നടത്തുന്നതിനിടെ ഇയാൾ പ്രകോപിതനായി പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതൽ പോലീസ് എത്തിയാണ് ഇവരെ കീഴടക്കി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സീന ബ്രഹ്മമംഗലത്ത് വച്ച് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ജീപ്പിൻ്റെ ചില്ല് അടിച്ച് തകർത്ത കേസ്സിലും അനീഷ് ബ്രഹ്മമംഗലത്തെ എടിഎം കൗണ്ടറിൻ്റെ ചില്ല് അടിച്ച് തകർത്ത കേസ്സിലും പ്രതികളാണെന്ന് പോലിസ് പറഞ്ഞു. ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആശുപത്രി അധികൃതരുടെ പരാതിയും പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലും ദമ്പതികൾക്കെതിരെ വൈക്കം പോലിസ് കേസ്സ് രജിസ്റ്റർ ചെയ്തു.
Clash at Vaikom Taluk Hospital; Police injured