വൈക്കം: അസുഖത്തെ തുടർന്ന് ഇരുകാലുകളും നഷ്ട്ടപ്പെട്ട് വാടക വീട്ടിൽ അന്തിയുറങ്ങുന്ന നിർദ്ധന യുവതിക്കും കുടുംബത്തിനും വാസയോഗ്യമായ ഭവനം ഒരുക്കി റോട്ടറി ക്ലബ്ബിൻ്റെ കൈത്താങ്ങ്. റോട്ടറി ക്ലബ് ഓഫ് വൈക്കം ലേക് സിറ്റിയുടേയും ജെന്റിൽമാൻ ചിട്ടി ഫണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പൈനുങ്കൽ സ്വദേശിയായ മഞ്ജുവിന് വീട് നിർമ്മിച്ച് നൽകുന്നത്. റോട്ടറി ക്ലബ്ബിൻ്റെ അഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് മറവൻതുരുത്ത് പഞ്ചായത്തിൽ റോഡരികിൽ വാങ്ങി നൽകിയ മൂന്നു സെന്റ് സ്ഥലത്ത് ജെന്റിൽമാൻ ചിട്ടി ഫണ്ടിൻ്റെ സിൽവർജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ട് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിർമ്മിച്ച് നൽകുന്നത്. ജി എൽ സി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് യുവതിയുടെ ഇരുകാലുകളും 3 വർഷം മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മുറിച്ച് മാറ്റിയിരുന്നു. തുടർന്ന് കൃതൃമകാലുകളുടെ സഹായത്തോടെ സുമനസ്സുകൾ വാങ്ങി നൽകിയ മുച്ചക്ര വാഹനത്തിലാണ് യുവതി സഞ്ചരിക്കുന്നത്. ഭവനത്തിൻ്റെ കല്ലിടീൽകർമ്മം മാനേജിങ് ഡയറക്ടറും റോട്ടറി ക്ലബ്ബ് അംഗവുമായ ബാബു കേശവനും റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണ്ണർ ഇ. കെ. ലൂക്കും ചേർന്ന് നിർവഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് മിനി ജോണി, സെക്രട്ടറി ജി. ശ്രീഹരി, മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ബൈജു മാണി, ലക്ഷ്മി രാജ് തുടങ്ങിയവർ പ്രസംഗിച്ചു. പൊതുപ്രവർത്തകരും പ്രദേശവാസികളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Rotary Club's support for a poor woman and her family who lost both legs and ended up sleeping in a rented house.