പിറവം: നഗരസഭയിലെ പ്രധാന ജല സ്രോതസായ ഇടപ്പള്ളിച്ചിറകുളം നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. നാളുകളായി ചെളിയും പായലും നിറഞ്ഞ് അവഗണനയിലായിരുന്ന കുളം അമൃത് പദ്ധതിയിൽ നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുന്നത്. 55 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഡിവിഷൻ കൗൺസിലർ അജേഷ് മനോഹർ പറഞ്ഞു. നവീകരണത്തിന്റെ ഭാഗമായി കുളത്തിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തിയും കൈവരികളുടെ നിർമാണവും, നടപ്പാതകൾ ടൈലുകൾ വിരിക്കലും പൂർത്തിയായി. കുളം നവീകരിക്കുന്നതിനൊടൊപ്പം ഓരത്തുള്ള സ്ഥലം നവീകരിച്ചു പാർക്ക്, ഓപ്പൺ ജിം എന്നിവയും അലങ്കാര ലൈറ്റുകളും സ്ഥാപിക്കും. വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്നതിനും ഉല്ലസിക്കുന്നതിനും ഉള്ള സൗകര്യങ്ങൾ ക്രമീകരിക്കും. പാർക്ക്, ഓപ്പൺ ജിം എന്നിവ പൂർത്തിയാകുന്നതോടെ ഇടപ്പള്ളിച്ചിറ പിറവം നഗരസഭയിലെയും സമീപ മുൻസിപ്പൽ പഞ്ചായത്തുകളിലെയും യുവതയുടെ ശ്രദ്ധാകേന്ദ്രമായി മാറും.
Edappallichirakulam renovation works are in final stage. Piravam Municipality with Rs 55 lakh project