പെരുവ....( https://www.piravom.truevisonnews.com ) കാമ്പിശ്ശേരി കരുണാകരൻ എഡിറ്റോറിയൽ അവാർഡ്-2024ന് മംഗളം ന്യൂസ് എഡിറ്റർ രാജേഷ് മുളക്കുളം അർഹനായി. 'അപമാനമാകുന്ന മനുഷ്യമൃഗങ്ങൾ' എന്ന ശീർഷകത്തിൽ 2023 നവംബർ ഒമ്പതിലെ മംഗളം ദിനപത്രത്തിൽ എഴുതിയ എഡിറ്റോറിയലാണ് അവാർഡിന് അർഹമാക്കിയത്. കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി ഏർപ്പെടുത്തിയ അഞ്ചാമത് അവാർഡാണിത്. കോട്ടയം ജില്ലയിൽ മുളക്കുളം ഞാനാമറ്റത്തിൽ പരേതനായ രാമകൃഷ്ണൻ നായരുടെയും ശാന്തയുടെയും മകനാണ്. ജ്യോതിയാണ് ഭാര്യ. മക്കൾ: രാംഗോവിന്ദ്, ചാരുബാല
എം പി അച്യുതൻ, ഡോ. റസലുദീൻ, കെ.രാജൻ ബാബു എന്നിവരടങ്ങിയ ജഡ്‌ജിംഗ് കമ്മിറ്റി ഏകകണ്ഠമായാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും അജിത് എസ്.ആർ. രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും അട ങ്ങുന്നതാണ് പുരസ്കാരം.സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ ദുരഭിമാനക്കൊല പ്രമേയ മാക്കി എഴുതിയ എഡിറ്റോറിയൽ കാലിക പ്രസക്തവും കഠിനമായ ജാതിചിന്തയ്ക്കുമെതിരായ കടുത്ത താക്കീതാണെന്ന് ജഡ്‌ജിങ് കമ്മിറ്റി വിലയിരുത്തി..മംഗളം കോട്ടയം യൂണിറ്റിൽ ന്യൂസ് എഡിറ്ററായ രാജേഷ് മുളക്കുളം 2019 മുതൽ മുഖപ്രസംഗം എഴുതുന്നു. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജ്, ദീപിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ മാനേജ്മെൻ്റ് എന്നിവിടങ്ങളിൽ നിന്നു ബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടി.1995 ദീപികയിൽ പത്രപ്രവർത്തകനായി ചേർന്നു. ദീപികയുടെ കോട്ടയം, എറണാകുളം ഡെസ്കുകളിൽ സബ് എഡിറ്ററായും കൊല്ലം ബ്യൂറോയിൽ റിപ്പോർട്ടറായും തിരുവനന്തപുരം യൂണിറ്റിൽ ഡെസ്ക് ചീഫായും പ്രവർത്തിച്ചിട്ടുണ്ട്. 2003ൽ മംഗളം ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിൽ അസി. ന്യൂസ് എഡിറ്ററായി ചേർന്നു.
2009-ൽ 'കായികക്ഷമതയ്ക്ക് ഒരു ഹരിശ്രീ' എന്ന പരമ്പരയ്ക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്താഖ് അവാർഡ് ലഭിച്ചു. 2014 ൽ ഒളിമ്പ്യൻ പ്രീജ ശ്രീധരൻ്റെ കായിക ജീവിതത്തെയും പരിശീലന പ്രത്യേകതകളേയും കുടുംബത്തെയും പരിചയപ്പെടുത്തിയ പുസ്തകം 'മിഠായി പശുക്കുട്ടി സ്വർണം പ്രീജ' പ്രസിദ്ധീകരിച്ചു.
Campissery Karunakaran Award for Rajesh Mulakulam