ആലപ്പുഴ : അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കടക്കരപ്പള്ളി നിവർത്തിൽ വീട്ടിൽ സന്തോഷ് (49) നെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2019 മാർച്ച് 31 നായിരുന്നു. പ്രതിയായ മകന് തൻ്റെ ഭാര്യയുമൊത്ത് സ്വൈര്യമായി ജീവിക്കുന്നതിന് ശാരീരക അവശതകളും ഓർമ്മക്കുറവും ഉണ്ടായിരുന്ന അമ്മ കല്യാണി (75) തടസമാണെന്ന് കണ്ട് അമ്മയും മകനും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പ്രതി അമ്മയെ ചവിട്ടിയും തൊഴിച്ചും കഴുത്തിന് കുത്തിപ്പിടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതി അമ്മയെ ആശുപത്രിയിലെത്തിക്കുകയും സ്വഭാവിക മരണമാണെന്ന് പൊലീസിൽ മൊഴി നൽകുകയും ചെയ്തു. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ വാരിയെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടി ഗർഭപാത്രത്തിനും മറ്റും മുറിവുകൾ സംഭവിച്ച് അമിത രക്തസ്രാവം ഉണ്ടായി മരണപ്പെട്ടതാണെന്ന് വ്യക്തമായി. പിന്നീട് പട്ടണക്കാട് സബ് ഇൻസ്പെക്ടർ അമൃത് രംഗൻ നടത്തിയ അന്വേഷണത്തിലാണ് അമ്മയെ സ്വന്തം മകനായ പ്രതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്.
#Son gets #life #imprisonment in #case of #beating his #mother to #death.