കണ്ണൂർ : വൃദ്ധരെയും രോഗികളെയും പരിചരിക്കുന്ന ഹോം നേഴ്സെന്ന വ്യാജേനെ സംസ്ഥാനത്ത് ഉടനീളം വ്യാപകമായ കവർച്ച നടത്തിയ പ്രതി പിടിയില്‍. നിരവധി കേസുകളിൽ പ്രതിയായ പാലക്കാട് സ്വദേശിനി മഹേശ്വരി (44)യാണ് പിടിയിലായത്. കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷൻ പരിധിയിലെ വെറ്റിലപ്പള്ളി വയലിലെ നൗഷാദ് മൻസിലിൽ നവംബർ പതിമൂന്നാം തീയതി ആറര പവൻ സ്വർണ്ണം മോഷണം നടത്തിയ കേസിലെ പ്രതിയെയാണ് കണ്ണൂർ സിറ്റി ഇൻസ്പക്ടർ സനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വോഷണ സംഘം പാലക്കാട് വച്ച് അറസ്റ്റ് ചെയ്തത്. സമാനമായ പത്തോളം കേസുകളിൽ പ്രതിയായ മഹേശ്വരി പല പേരുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഹോം നഴ്സിംഗ് ഏജൻസിയിലൂടെ ഹോം നേഴ്സായി കിടപ്പു രോഗികളെ പരിചരിക്കാനായി നിൽക്കുകയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ വീട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റുകയും ചെയ്യും. പിന്നീട് കിട്ടിയ സന്ദർഭം ഉപയോഗിച്ച് സ്വർണ്ണാഭരണങ്ങൾ മോഷണം ചെയ്തു കടന്നുകളയുകയാണ് പതിവ്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ചു കിട്ടുന്ന ആഭരണങ്ങൾ വിറ്റ് ഇവർ പാലക്കാട്ടെയും തമിഴ് നാട്ടിലെയും ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച് ആഡംബരജീവിതം നയിച്ചിരുന്നതായി മൊഴി നൽകിയിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലിസ് പറഞ്ഞു.
The suspect who committed widespread robbery across the state while posing as a home nurse has been arrested.