പിറവം : സാമൂഹ്യനീതി ലഭിക്കണമെങ്കിൽ സമുദായാംഗങ്ങൾ ഒന്നാകണമെന്നും എങ്കിൽ മാത്രമേ നന്നാകാൻ സാധിക്കൂവെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കാഞ്ഞിരമറ്റം ആമ്പല്ലൂർ ശാഖയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗം ജനറൽ സെക്രട്ടറി യായി 28 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് 28 നിലവിളക്കുകൾ തെളിച്ച് ആദരവ് അറിയിച്ചാണ് സമ്മേളനം ആരംഭിച്ചത്. ആമ്പല്ലൂർ കവലയിൽ നിന്ന് നൂറു കണക്കിന് ആളുകളുടെ അകമ്പടിയോടെയാണ് യോഗം ജനറൽ സെക്രട്ടറിയെ സ്വീകരിച്ചത്. ഗുരുജ്ഞാന സരണിയുടെ ഓർമ്മയ്ക്കായി ആമ്പല്ലൂർ ശാഖയിൽ ഒരു നിർധന കുടുംബത്തിന് ഭവനം നിർമ്മിച്ചുനൽകുമെന്ന് സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായപ്പോൾ, ഈ വീടിന് മാത്രമല്ല ശാഖയിൽ ഇനി എത്ര വീടുകൾ പണിതാലും അതിനെല്ലാം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്താണ് ജനറൽ സെക്രട്ടറി പ്രസംഗം അവസാനിപ്പിച്ചത്. ശാഖയിൽ 50 വർഷം പിന്നിട്ട ദമ്പതികളെയും ഇതുവരെ ശാഖയുടെ പ്രസിഡന്റായിരുന്നവരെയും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ആദരിച്ചു. ശ്രീനാരായണ ധർമ്മ പ്രകാശിനി സഭ പ്രസിഡന്റ് കെ.കെ. നന്ദനൻ, രഞ്ജിത്ത് രാജപ്പൻ, ഭിലാഷ് രാമൻകുട്ടി, ഗൗതം സുരേ ഷ്, ഷിമോൾ, ശാഖാ വൈസ് പ്രസിഡൻ്റ് മനോഹരൻ പി.എ. പാണ്ട്യാലയിൽ, ശാഖ കിഴക്കൻ മേഖലാ കൺവീനർ ബിജു കാരിക്കൻ, വനിതാ സംഘം പ്രസിഡന്റ് മഞ്ജു മഹേഷ്, തെക്കൻമേഖലാ കൺവീനർ പി.ആർ. മോഹനൻ, വടക്കൻ മേഖലാ കൺവീനർ കെ.കെ. ശശി, യൂത്ത് മൂവ്മെന്റ്റ് കൺവീനർ അമൃത പിള്ള, ശാഖാ സെക്രട്ടറി കെ.പി.ബിജീഷ് എന്നിവർ സംസാരിച്ചു.
Community members must unite to achieve social justice; Vellapalli