തിരുവനന്തപുരം: കാട്ടാക്കട പുളിങ്കോട് മുടിപ്പുര ക്ഷേത്രത്തിൽ കവർന്ന നടത്തിയ മോഷ്ടാവിനെയും കവർച്ച മുതൽ പണയം വയ്ക്കാൻ സഹായം നൽകിയ കൂട്ടാളിയെയും പൊലീസ് പിടികൂടി. പാലോട്ടുവിള കൊമ്പേറ്റി വാറുവിളാകത്ത് വീട്ടിൽ നിന്നും വെള്ളറട വാടകക്ക് താമസിക്കുന്ന രാമചന്ദ്രൻ (67) നെയും ഇയാള് മോഷ്ടിച്ച സ്വർണ്ണം വിൽക്കാനും പണയം വയ്ക്കാനും സഹായിച്ച പേരേക്കോണം ചെട്ടിക്കുന്ന് റോഡരിക്കത്തു വീട്ടിൽ ജോണി (51) നേയും കാട്ടാക്കട ഡി വൈ എസ് പി യുടെ ഷാഡോ സംഘം ആണ് വെള്ളറടയിൽ നിന്നും പിടികൂടിയത്. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂവച്ചൽ പുളിങ്കോട് മുടിപ്പുര ക്ഷേത്രത്തിൽ ആണ് ബുധനാഴ്ച പുലർച്ചെ ആയിരുന്നു കവർച്ച. ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തി തുറന്ന് 54 സ്വർണ്ണ പൊട്ടുകൾ, ഒന്നര പവൻ മാല, 10 താലി, നേർച്ച ഉരുപ്പടികൾ പിടി പണം (കിഴി പണം) ഉൾപ്പെടെ കവർന്നു. രാവിലെ ക്ഷേത്ര പരിസരം ശുചീകരിക്കാൻ എത്തിയ സ്ത്രീയാണ് ഓഫീസ് മുറി തുറന്നു കിടക്കുന്നത് കാണുകയും ഭരണ സമിതിയെ വിവരം അറിയിക്കുകയും ചെയ്തത്. തുടർന്ന് ഭരണസമിതി അംഗങ്ങൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ തന്നെ പിടികൂടിയ പ്രതിയെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുത്തു. തുടർന്ന് രാത്രിയോടെ ജോണിനെയും പൊലിസ് പിടികൂടി. ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. സമീപത്തെ ഒരു വീട്ടിലും സംഭവ ദിവസം മോഷണം നടത്താനുള്ള ശ്രമം പ്രതി നടത്തിയിട്ടുണ്ട്. ഇവിടെ വീടിന്റെ സിറ്റൗട്ടിൽ എത്തി കള്ളൻ തിരികെ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. എന്നാൽ പ്രതി ഇത് സമ്മതിച്ചിട്ടില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Office room in the temple was broken into and robbed; The thief and his accomplice were arrested.