മലപ്പുറം : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിൽ രാത്രിയാണ് കവർച്ചയുണ്ടായത്. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച നടന്നത്. ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിലെത്തിയ സംഘം സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയത്. ജ്വല്ലറി മുതൽ തന്നെ കാർ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവർത്തിച്ചത്. വീട്ടിലെത്തുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പാണ് ആക്രമണമുണ്ടായത്. സ്കൂട്ടർ ഇടിച്ച് വീഴ്ത്തി, നിലത്ത് വീണവരുടെ മുഖത്തേക്ക് മുളക് സ്പ്രേ അടിച്ചു. അതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വർണ്ണമടങ്ങിയ ബാഗും സ്കൂട്ടറിന്റെ ഡിക്കിയിലുണ്ടായിരുന്ന ബാഗും കൊളളയടിക്കുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുളളതെന്നാണ് ജ്വല്ലറി ഉടമ പറയുന്നത്. സ്കൂട്ടറിന് പിന്നിൽ ഫോളോ ചെയ്ത് വരുന്ന കാർ കണ്ടിരുന്നു, പക്ഷേ ഇത്തരമൊരു ആക്രമണമുണ്ടാകുമെന്ന് കരുതിയില്ലെന്നും ഉടമ പറയുന്നത്. പരിക്കുകളോടെ യൂസഫും ഷാനവാസും ചികിത്സയിലാണ്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡ്രൈവർ അടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നതെന്ന്ന ഉടമ വ്യക്തമാക്കി. ആക്രമിച്ച മൂന്നു പേരും മുഖം മൂടിയും ധരിച്ചിരുന്നു.
The jewelery owner's scooter was knocked down and 3.5 kg of gold was stolen.