എരുമേലി : മുൻകാല സീസണുകളെ അപേക്ഷിച്ച് ഇത്തവണ കാനനപാതയിൽ തീർത്ഥാടകർ കൂടുതലായി എത്തുന്നു. മുമ്പ് മണ്ഡല കാലത്തിന്റെ അവസാനവും തുടർന്ന് മകരവിളക്ക് സീസണിലുമാണ് കാനന പാതയിൽ തിരക്ക് അനുഭവപ്പെടാറുള്ളത്. എന്നാൽ ഇത്തവണ മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി അയ്യപ്പ ഭക്തർ എത്തുന്നു. ഇവരിൽ ഏറെയും യുവാക്കൾ ആണെന്നുള്ളത് ഏറെ ശ്രദ്ധേയമാണെന്ന് വന പാതയിൽ സുരക്ഷാ ചുമതലകൾക്ക് നേതൃത്വം നൽകുന്ന എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഹരിലാൽ പറഞ്ഞു. ഇന്നലെ വൈകുന്നേരം വരെ 2751 പേർ ആണ് ഈ സീസണിൽ ഇതുവരെ കോയിക്കക്കാവ് വഴി കടന്നുപോയത്. കോയിക്കക്കാവിൽ പ്രവർത്തിക്കുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നുള്ള കണക്ക് ആണിത്.
ചെക്ക് പോസ്റ്റ് മുതൽ ആണ് കാനന പാത തുടങ്ങുന്നത്. ചെക്ക് പോസ്റ്റിൽ തീർത്ഥാടകരുടെ എണ്ണം ശേഖരിക്കുന്നുണ്ട്. എരുമേലിയില്‍ നിന്ന് പേരൂര്‍തോട് വഴി - ഇരുമ്പൂന്നിക്കര- കോയിക്കക്കാവ് വഴിയാണ് ശബരിമല ദര്‍ശനത്തിനായി നടന്നുപോകുന്നത്. കോയിക്കക്കാവ് വരെ ജനവാസമേഖലയാണ്. റോഡ് സൗകര്യങ്ങളും ഉണ്ട്. കോയിക്കക്കാവില്‍ നിന്നാണ് കാനനയാത്ര തുടങ്ങുന്നത്. കോയിക്കക്കാവ്- അരശുമുടിക്കോട്ട- കാളകെട്ടി- അഴുതക്കടവ് വരെ ഏഴു കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. കോയിക്കക്കാവ് മുതൽ കാളകെട്ടി, അഴുത വരെ നീളുന്ന വന യാത്രയിൽ മമ്പാടി ഭാഗത്ത് ആരോഗ്യ വകുപ്പിന്റെ ഓക്സിജൻ പാർലർ സേവനം ലഭിക്കും. വഴിയിൽ ഇടയ്ക്ക് ചെറിയ കടകൾ പ്രവർത്തിക്കുന്നുണ്ട്. ആനകൾ ഇറങ്ങുന്ന വഴിത്താരകൾ ഈ പാതയിൽ ഉണ്ട്. ആനകളുടെ ഉൾപ്പടെ വന്യ ജീവികളുടെ സാന്നിധ്യം അറിയുന്നതിനും തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകി യാത്ര നിയന്ത്രിക്കുന്നതിനും വനം വകുപ്പിൽ നിന്നുള്ള സ്‌ക്വാഡ് പാതയിൽ നിരീക്ഷണ പട്രോളിംഗ് ദിവസവും നടത്തുന്നുണ്ടെന്ന് റേഞ്ച് ഓഫിസർ ഹരിലാൽ പറഞ്ഞു.
രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ ആണ് കോയിക്കക്കാവിൽ തീർത്ഥാടകരെ കടത്തി വിടുക. രാത്രിയിൽ കാനന പാതയിൽ ആരെയും പ്രവേശിപ്പിക്കില്ല. ഇടത്താവളങ്ങളിൽ വിശ്രമിച്ച ശേഷം യാത്ര തുടരണം. കുടിവെള്ളം, പ്രാഥമിക കൃത്യങ്ങൾ എന്നിവയ്ക്ക് കോയിക്കക്കാവ്, കാളകെട്ടി, അഴുത എന്നീ ഇടത്താവളങ്ങളിൽ വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സാധനങ്ങളുമായി വന പാതയിൽ യാത്ര അനുവദിക്കില്ല. ഇവ വനം വകുപ്പിന്റെ കൗണ്ടറിൽ നൽകണം.
അഴുതക്കടവില്‍ ഉച്ചക്ക് രണ്ട് വരെ ആണ് യാത്ര അനുവദിച്ചിരിക്കുന്നത്. ഇവിടെ പാലം കടന്ന് കയറ്റം താണ്ടി കല്ലിടാംകുന്ന്- ഇഞ്ചിപ്പാറക്കോട്ട-മുക്കുഴി- വള്ളിത്തോട്- വെള്ളാരംചെറ്റ- പുതുശ്ശേരി-കരിയിലാംതോട്- കരിമല- ചെറിയാനവട്ടം- വലിയാനവട്ടം കഴിഞ്ഞാല്‍ പമ്പയില്‍ എത്തും. 18. 25 കിലോമീറ്റര്‍ ദൂരമുണ്ട്. അതേസമയം ഇടുക്കി ജില്ലയിൽ
സത്രം- പുല്ലുമേട് വഴി സന്നിധാനത്തേയ്ക്ക് എളുപ്പ മാർഗമുണ്ട്. ഇതുവഴി സഞ്ചരിക്കുന്ന നിരവധി തീർത്ഥാടകരുണ്ട്. സത്രത്തില്‍ നിന്ന് സന്നിധാനത്തേയ്ക്ക് 12 കിലോമീറ്റര്‍ ദൂരമാണുള്ളത്. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഇതുവഴി തീര്‍ഥാടകരെ കടത്തിവിടുക. ശബരിമലയില്‍ നിന്ന് സത്രത്തിലേക്ക് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കടത്തിവിടും. സത്രം, സീതക്കുളം, സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി, എന്നിവിടങ്ങളില്‍ കുടിവെള്ള സൗകര്യമുണ്ട്. പുല്ലുമേട്ടില്‍ ഭക്ഷണസൗകര്യവും ആരോഗ്യവകുപ്പിന്റെ ക്യാമ്പുമുണ്ടാകും.
2751 people have crossed Kanana Path through Erumeli till yesterday.