പത്തനംതിട്ട: റീൽസ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. തിരുവല്ല മുത്തൂർ - മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ കൗമാരക്കാരുടെ സംഘം നടത്തിയ റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.
അതിവേഗതയിൽ വന്ന ബൈക്ക് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർ സണ്ണിക്ക് പരിക്കേറ്റു. അദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് പൂർണമായി തകർന്നു. ഈ പ്രദേശത്തെ റോഡ് പുനർനിർമിച്ചതിനു ശേഷം റീൽസെടുക്കാൻ യുവാക്കളുടെ തിരക്കാണെന്ന് പ്രദേശവാസികൾ പറയുന്നു. മറ്റ് വാഹനങ്ങളിലെ യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വലിയ ഭീഷണിയാണിത്. പിന്നാലെ 'ഈ റോഡിൽ ഇരുചക്ര വാഹനത്തിൽ റീൽസെടുക്കുന്നവന്‍റെ കയ്യും കാലും തല്ലിയൊടിക്കു'മെന്ന ബാനർ ഓട്ടോറിക്ഷാ തൊഴിലാളികൾ സ്ഥാപിച്ചു.
ബൈക്ക് ഓടിച്ചയാളെയും സുഹൃത്തുക്കളെയും നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. രണ്ട് പേർ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ പരാതിയില്ലെന്ന് അറിയിച്ചതോടെ ബൈക്ക് റൈഡറെയും കൂട്ടുകാരെയും താക്കീത് ചെയ്ത് വിട്ടയച്ചു.
During the filming of the reels, a Newgen bike lost control and collided with an autorickshaw.