തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാൽ ഫോണിലെ ഡിജിറ്റൽ ലൈസൻസ് കാണിച്ച് കൊടുത്താൽ മതി. പ്രിന്‍റഡ് ലൈസൻസിനായി നിർബന്ധിക്കരുതെന്ന് ഇന്ത്യയുടെ മോട്ടോർ വെഹിക്കിൾ ആക്ടിൽ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ ഡിജിറ്റൽ ലൈസൻസ് ഏർപ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ ലൈസൻസിന് 200 രൂപ സർവീസ് ചാർജ് ഏർപ്പെടുത്തിയെന്ന വ്യാജ പ്രചാരണം അടുത്ത കാലത്തുണ്ടായി. അങ്ങനെയൊരു ദ്രോഹം സർക്കാർ ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. പ്രിന്‍റഡ് ലൈസൻസ് വേണ്ടവരാണ് പോസ്റ്റൽ ചാർജ് ഉൾപ്പെടെ അടയ്ക്കേണ്ടത്. അതിന്‍റെ ആവശ്യം വരുന്നില്ലെന്നും വേണമെങ്കിൽ ലൈസൻസ് സ്വയം പ്രിന്‍റെടുത്ത് സൂക്ഷിക്കാമെന്നും മന്ത്രി വിശദീകരിച്ചു. ക്യുആർ കോഡ് വ്യക്തമായിരിക്കണം എന്നേയുള്ളൂ. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിട്ടും ലൈസൻസ് കിട്ടാൻ വൈകുന്നുവെന്ന പരാതി പല തവണ കേട്ടെന്നും അതുകൊണ്ടാണ് ലൈസൻസ് ഡിജിറ്റലാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞു. അടുത്ത ഘട്ടമായി ആർസി ബുക്കും ഡിജിറ്റലാക്കുമെന്ന് മന്ത്രി അറിയിച്ചു. പരിവാഹൻ സൈറ്റിൽ നിന്ന് എങ്ങനെയാണ് ഡിജിറ്റൽ ലൈസൻസ് ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് വീഡിയോയും മന്ത്രി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.
Minister KB Ganesh Kumar said that the campaign of 200 rupees fee for digital license is wrong; If you pass the test, you can download it on the same day.