മലപ്പുറം: കൊളത്തൂരിൽ വാടക ക്വാർട്ടേഴ്‌സ് പുകയില ഉൽപ്പന്നങ്ങളുടെ ഗോഡൗണാക്കിയ യുവാവ് പിടിയിൽ. പനങ്ങാങ്ങര സ്വദേശി പടിക്കാപറമ്പിൽ സമീറി(34)നെയാണ് കൊളത്തൂർ പൊലീസ് ഇൻസ്‌പെക്ടർ സംഗീത് പുനത്തിലും സംഘവും അറസ്റ്റ് ചെയ്തത്. പുഴക്കാട്ടിരി പൈതൽപ്പടിയിൽ ടർഫ് മൈതാനത്തിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ വാടക കെട്ടിടത്തിലാണ് 27 ചാക്കുകളിലായി ഹാൻസ്, കൂൾലിപ്പ്, പാൻമസാല തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനക്കായി ശേഖരിച്ചുവച്ചത്. വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു പ്രതി സമീർ. സമീർ വൻതോതിൽ പുകയില ഉത്പന്നങ്ങൾ ചില്ലറ വിൽപ്പന നടത്തുന്നുണ്ടെന്നു ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു സമീർ.
തിങ്കളാഴ്ച രാത്രി സമീർ പൈതൽപ്പടിയിലെ ക്വാർട്ടേഴ്‌സിൽ വൻതോതിൽ പുകയില ഉത്പന്നങ്ങൾ എത്തിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇന്നലെ ക്വാർട്ടേഴ്‌സിൽ പൊലീസ് പരിശോധന നടത്തി സമീറിനെ അറസ്റ്റ് ചെയ്യുകയും നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചുവച്ച കുറ്റത്തിന് 2020 ൽ പെരിന്തൽമണ്ണ പൊലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. 2023 ൽ കൊളത്തൂർ പൊലീസ് രണ്ടുകേസുകൾ സമീറിനെതിരേ രജിസ്റ്റർ ചെയ്തിരുന്നു.
Pan masala products in 27 sacks per rental quarter; A 34-year-old man was arrested.