അടൂർ: (piravomnews.in) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 11 വർഷം അധിക കഠിന തടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും ശിക്ഷ.
ഏഴംകുളം വില്ലേജിൽ തേപ്പുപാറ തൊടുവക്കാട് ചരുവിള വീട്ടിൽ ലിസണി (37)നാണ് അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി മഞ്ജിത്ത് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ ആക്ട്, എസ്.സി -എസ്.ടി ആക്ട് എന്നിവ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2023 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവത താമസിച്ചു വരുന്ന മാതൃസഹോദരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുകയായിരുന്നു.
അടൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയായിരുന്ന എസ്. ശ്രീകുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ അടൂർ ഡിവൈ.എസ്.പിയായിരുന്ന ജയരാജ് ആർ. ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 28 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പിഴത്തുക അതിജീവതക്ക് നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശവും നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി. ഹാജരായി.
#Sexual #assault on a #minor #girl; The 37-year-old was 3sentenced to life #imprisonment and an #additional 11 years of imprisonment