തലയോലപ്പറമ്പ്: നിയന്ത്രം വിട്ട കാർ മിനി ടിപ്പർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് വൈക്കം - തലയോലപ്പറമ്പ് പ്രധാന റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 3.15 മണിയോടെ പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപമാണ് അപകടം. വൈക്കത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന മിനി ടിപ്പർ ലോറിയിലേക്ക് തലയോലപ്പറമ്പിൽ നിന്നും വടയാർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് വരുന്നത് കണ്ട ടിപ്പർ ലോറി ഡ്രൈവർ വാഹനം ഉടൻ വെട്ടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും അമിതവേഗത്തിൽ എത്തിയ കാർ ടിപ്പറിൻ്റെ പിൻഭാഗത്ത് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയുടെ പിൻവശത്തെ മെയിൻ ആക്സിൽ ഉൾപ്പടെ ചക്രങ്ങൾ വേർപ്പെട്ടു പോയി. കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നെങ്കിലും കാർ യാത്രികരായ കോട്ടയം സ്വദേശി പ്രതീഷ് (50) ഇയാളുടെ ഭാര്യ എന്നിവർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ചക്രങ്ങൾ ഊരിപ്പോയതിനെ തുടർന്ന് നടുറോഡിൽ പിൻവശം കുത്തിക്കിടന്ന ടിപ്പർ ലോറി ജെസിബി ഉപയോഗിച്ച് നീക്കം ചെയ്താണ് പിന്നീട് ഗതാഗതം പുനസ്ഥാപിച്ചത്.
A car and a tipper lorry collided at Thalayolaparambu