കൊച്ചി : (piravomnews.in) ശബരിമല തീർഥാടകരെ ബസിൽ നിർത്തിക്കൊണ്ടു പോകരുതെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ബസുകൾ ഉപയോഗിക്കരുതെന്നും കെഎസ്ആർടിസിക്കു ഹൈക്കോടതിയുടെ കർശന നിർദേശം.
തീർഥാടകർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്.മണ്ഡലകാലത്തു ക്ഷേത്രം 18 മണിക്കൂർ തുറന്നിരിക്കുമെന്നു ദേവസ്വം ബോർഡ് അറിയിച്ചു.
ഇക്കാര്യത്തിൽ തന്ത്രിയുടെ അനുമതി ലഭിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അന്നദാനം ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്കായി ചുക്കുവെള്ളം വിതരണം ചെയ്യും. സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ബുക്ക് ചെയ്യാതെ ആരെയും സന്നിധാനത്തേക്കു കടത്തിവിടില്ല.ഇതെങ്ങനെ നടപ്പാക്കുമെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു.
വെള്ളം തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നു ജല അതോറിറ്റിയും പരമ്പരാഗത പാതയിലുടെ വരുന്ന തീർഥാടകർക്കായി സൗകര്യങ്ങൾ ഒരുക്കിയെന്നു വനം വകുപ്പും അറിയിച്ചു. ഹർജിയിൽ ഇടുക്കി കലക്ടറെയും കക്ഷി ചേർത്തു.
ശബരിമലയിൽ അഖില ഭാരതീയ അയ്യപ്പ സേവ സംഘത്തിന്റെ കൈവശമുള്ള കെട്ടിടം ഭക്തജനങ്ങൾക്കു സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡിനു വിട്ടുകൊടുക്കാൻ നിർദേശിച്ചു. കെട്ടിടം അടഞ്ഞുകിടക്കുന്നത് കണക്കിലെടുത്താണിത്.
Don't #take #Sabarimala #pilgrims by #bus; #HighCourt to #KSRTC