ആലുവ: (piravomnews.in) വാക്കത്തിയുമായെത്തി ആലുവ പട്ടണത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി തെങ്ങുകയറ്റ തൊഴിലാളി.
എറണാകുളം കോതമംഗലം നാടുകാണി സ്വദേശി സുരേഷാണ് കഴഞ്ഞ ദിവസം രാവിലെ തിരക്കേറിയ സമയത്ത് റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞും ഭീഷണി മുഴക്കിയും നടന്നത്.
ഒടുവിൽ ബല പ്രയോഗത്തിലൂടെയാണ് ഇയാളെ പൊലീസ് കീഴടക്കിയത്. തിങ്കളാഴ്ച രാവിലെ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും എത്താനുള്ള തിരക്കിലായിരുന്നു എല്ലാവരും. നിരത്തിൽ നല്ല തിരക്കുമുണ്ടായിരുന്നു.
അപ്പോഴാണ് പല വാഹനങ്ങളും റോഡിൽ തടഞ്ഞിട്ട് ഒരാൾ എന്തൊക്കെയോ ഭീഷണി മുഴക്കി നിരത്തിലൂടെ നടന്നത്. കാര്യമറിയാതെ എല്ലാവരും ഒന്ന് അന്ധാളിച്ചു.
കൊല്ലുമെന്നും വെട്ടുമെന്നും അടുത്ത് വന്നാൽ അസുഖങ്ങൾ പകരുമെന്നൊക്കെ വിളിച്ചു പറഞ്ഞായിരുന്നു വാക്കത്തി വീശിയുള്ള നടപ്പ്. നാട്ടുകാരും യാത്രക്കാരുമൊക്കെ കുറച്ചധികം നേരം ഭീതിയിലായി.
അനുനയം പോരാതെ വന്നപ്പോൾ ഒടുവിൽ പൊലീസ് ബലപ്രയോഗത്തിലൂടെ ആളെ കീഴടക്കി. കോതമംഗലം നാടുകാണി സ്വദേശിയായ സുരേഷാണ് പിടിയിലായത്.
ഇയാൾക്ക് മാനസിക അസ്വസ്ഥതകളുണ്ടെന്നാണ് ആദ്യനിഗമനം. റോഡിൽ നിന്ന് വിളിച്ചു പറഞ്ഞതു പോലെ ഇയാൾക്ക് എന്തെങ്കിലുമൊക്കെ അസുഖങ്ങളുണ്ടോ എന്നറിയാനും പരിശോധനകൾ നടത്താനാണ് പൊലീസിന്റെ തീരുമാനം.
എന്തായാലും സുരേഷിനെ പൊലീസ് കൊണ്ടുപോയതിന് പിന്നാലെ നാട്ടുകാർ ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് അവരവരുടെ വഴിക്ക് പോയി.
The #coconut tree #worker, who #terrorized the #city with a #knife, was #finally #subdued by the #police