- കവിത... എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര
- ഒറ്റക്കെനിക്കൊന്ന് പോകണം,
- എൻ്റെയാ വിദ്യാലയത്തിൽ...
- നന്മയുടെ ബാല്യത്തെ ഓർമ്മ-
- പ്പെടുത്താനൊരു യാത്ര...
- കാലങ്ങൾ മുന്നേ പടിയിറങ്ങി -
- പ്പോയ ബാല്യം...
- നിറമുള്ള മണമുള്ള സ്നേഹത്തിൻ
- രുചിയുള്ള ബാല്യം.
- ക്ലാസ്സ് മുറിയുടെ വരാന്തയിലെനി -
- ക്കൊന്നിരിക്കണം,
- ഓർക്കാത്ത ചില മുഖങ്ങളെ
- ഓർത്തെടുക്കാൻ,
- ഗുരുക്കളെ മനസ്സാൽ കാൽതൊട്ട്
- വണങ്ങണം,
- മേശമേൽ തല ചായ്ച്ച് ഏറെ
- നേരമെൻ മിഴി പൂട്ടണം.
- മുറ്റത്തെ ചെമ്പകച്ചോട്ടിലിരുന്ന്,
- പണ്ടത്തെ കാഴ്ചകൾ ഓരോന്നായി
- കാണണ,മന്നെനിക്ക്..
- അവിടം നിറയെ കല്ലുകൾ
- ഉണ്ടായിരിക്കും,
- ബദാമിൻ്റെ കറകൾ വീണ്
- നിറം മാറിയ കല്ലുകൾ.
- വിധികർത്താക്കളും കരഘോഷ -
- ങ്ങളുമില്ലാത്ത,
- ആ വേദിയിൽ ഒരു നിമിഷമെങ്കിലും
- നിൽക്കണം.
- മണിയൊച്ച കേൾക്കുന്ന നേരവും കാത്തന്ന്,
- അലസമായ് ഏറെ ഇരുന്നിരിക്കാം!
- മഴ നനഞ്ഞൊട്ടിയ പുസ്തക -
- ത്താളുകൾ ഓർമ്മ തൻ ചെപ്പിൽ വച്ചൊന്നുണക്കാം.
- അമ്പഴവും മാങ്ങയും
- ലോലോലിക്കയും
- നാവിൽ നുണഞ്ഞൊ,ന്നിറക്കാം..
- കുളം കരയും,
- കക്കും കളിച്ചാ
- വരകൾ ഇന്നുമവിടുണ്ടോ?
- എന്ന്, ആ മൈതാനിയിലൊന്ന് പരതണം.
- മനസ്സിലാ വരകളിന്നും മായാതെ
- മറയാതെ നിറയുന്നു.
- ഒളിച്ചു കളിച്ചെണ്ണിയ
- ഭിത്തികളിലിന്നു,മാ
- അക്കങ്ങൾ,ചിലപ്പോൾ മുഴങ്ങി
- കേൾക്കാം.
- ഒരുമയുടെ രുചിയുള്ള ഉച്ചക്കഞ്ഞി -
- പ്പുരയൊന്നു കാണണം
- സൗഹൃദം കോറിയിട്ട ഉണങ്ങിയ
- മുറിപ്പാടുകളിലൂടെ…
- എനിക്കൊന്നു പോകണം...
- എൻ്റെയാ വിദ്യാലയത്തിൽ..
- .
- സുജ വൈഷ്ണവം
poem ente vidhyalayathilekkoru yathra