കഥ.... എരിയുന്നബാല്യങ്ങൾ
ശനിയും, ഞായറും കഴിഞ്ഞു സ്കൂളിൽ എത്തിയതാണ് മീനാക്ഷി. എങ്കിലും. കൂട്ടുകാരുടെ കളിചിരിയിലേക്കെത്താൻ ആ കുഞ്ഞു മനസിന് കഴിഞ്ഞില്ല. ഇഴഞ്ഞു നീങ്ങിയ സമയം എങ്ങനെയോ ഉച്ചയായി.സർക്കാർ സ്കൂൾ ആയതിനാൽ ഉച്ച ഭക്ഷണം സ്കൂളിൽ നിന്ന് തന്നെ. നല്ല വിശപ്പുണ്ടായിരുന്നു വെങ്കിലും.. കുറച്ചു കഴിച്ചെന്നു വരുത്തി. വീട്ടിൽ നിന്ന് കൊണ്ടു വന്ന ചോറ്റു പാത്രവുമെടുത്തു അവൾ പാചക പ്പുരയിലേക്കോടി. അവിടെ പാചകക്കാരി അനിത പതിവുപോലെ അവളെയും കാത്തു നിൽപ്പുണ്ടായിരുന്നു. "ഈ വാങ്ങി കൊണ്ടു പോകുന്നതൊക്കെ കഴിക്കുന്നുണ്ടോ കുഞ്ഞേ അവരുടെ ചോദ്യം കേട്ടതും അവളുടെ കുഞ്ഞു മുഖം പതിയെ താഴ്ന്നു.. അവളുടെ വിഷമം അനിതയ്ക്കു നന്നായി അറിയാം. അവരും ഒരമ്മയാണല്ലോ. അവർ ചോറും, കറികളും പാത്രത്തിലാക്കി, അവൾക്കു കൊടുത്തു അവൾ ആ പാത്രം സ്കൂൾ ബാഗിൽ ഭദ്രമായി വച്ചു.
പതിവ് കാഴ്ചതന്നെയാണ് കാത്തിരിക്കുന്നതെന്നറിയാം....എങ്കിലും, വൈകുന്നേരം സ്കൂൾ വിട്ടയുടനെ അവൾ വീട്ടിലേക്കോടി..വീട്ടിലെത്തുമ്പോൾ അവളുടെ അച്ഛൻ നിലത്തുറയ്ക്കാത്ത കാലുകളോടെ ഒരു ദേശീയ പതാക മുറ്റത്തെ ചെറിയ മാവിന്റെ കൊമ്പിൽ കെട്ടിവയ്ക്കുവാൻ ശ്രമിക്കുന്നതു കണ്ടു.... അവളെ അയാൾ കണ്ടമട്ടില്ല.... അവൾ വേഗം അകത്തേക്ക് പോയി.... അവിടെ.... അടുക്കളതറ നിറഞ്ഞു, ചോറുചിതറി കിടക്കുന്നു... അച്ഛൻ പതിവുപോലെ എന്നവൾ ആലോചിച്ചു... ചുവരിൽചാരി അനുജനെയും ചേർത്ത് പിടിച്ചു അവളുടെ അമ്മ നിലത്തിരിപ്പുണ്ടായിരുന്നു.... സ്കൂളിൽ നിന്ന് കൊണ്ടു വന്ന ഭക്ഷണമെടുക്കുവാൻ അവൾ ഭയന്നു... ഇനി അതുകൂടി തട്ടി തൂവിയാൽ അനുജൻ എന്ത് കഴിക്കും.. നിറയുന്ന കണ്ണുകളോടെ അവൾ പുറത്തേയ്ക് നോക്കി... അച്ഛൻ വീണ്ടും പുറത്തേയ്ക്കു പോയത് കൊണ്ടാവണം.. അടുത്ത വീട്ടിലെ അപ്പൂപ്പൻ ഉറക്കെ പറയുന്നത് കേട്ടു... "സ്വന്തം ഭാര്യയ്ക്കും, മക്കൾക്കും ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കാത്തവൻ, രണ്ടു ദിവസം കഴിഞ്ഞു വരുന്ന സ്വാതന്ത്ര്യദിനത്തെ പതാക കൊണ്ടു വരവേൽക്കുന്നു..പരിപാവനമായ ദേശീയ പതാക ഉയർത്തേണ്ടത് സ്വാതന്ത്ര്യമെന്ന വാക്കിന്റെ അർഥം അറിയാത്ത ഇവനെ പോലുള്ളവരാണോ..കഷ്ട്ടമെന്നല്ലാതെ എന്തു പറയാൻ."... അപ്പൂപ്പൻ പിന്നെയും പറഞ്ഞുകൊണ്ടിരിന്നു.... ഒരു നല്ല മനസില്ലാത്ത ഇവനെ പോലുള്ളവർ ദരിദ്രൻ തന്നെ..പരമ ദരിദ്രൻ..സ്നേഹമുള്ള മനസുള്ളവൻ തന്നെ സമ്പന്നൻ.... അവൻ കുടുംബത്തെ സ്നേഹം കൊണ്ടു നിറയ്ക്കുന്നു... സ്വന്തം കുടുംബത്തെ സ്നേഹിക്കാത്തവൻ ദേശസ്നേഹം നടിക്കുന്നു ... ഹും. ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്ന ആ വൃദ്ധന്റെ ദുർബലശബ്ദം വീണ്ടും, വീണ്ടും കേട്ടു കൊണ്ടേയിരുന്നു.
ജയകുമാരി കൊല്ലം
story eriyunna bhalyanghal