കവിത.... ആൾക്കൂട്ടഹത്യ
- ആദ്യത്തെ കല്ലുമായ -
- വളേയെറിയുവാ-
- നാമാവിൻചോട്ടിൽ ഞാൻനിന്നു .
- വഴിവക്കിൽ വിഷണ്ണയായ്
- കൂട്ടത്തിൻനടുവിലെ
- വാടിയമുഖത്തെ ഞാൻ കണ്ടു.
- നിലത്തുകുനിഞ്ഞു
- വിധിന്യായമെഴുതുന്ന
- ഗുരുവിനെ നേരിൽക്കണ്ടിട്ടും
- കണ്ണിലെക്കോലോ, ഒടിഞ്ഞതില്ല;
- കണ്ണിലൊരുതുള്ളി നീരുവന്നില്ല.
- ആദ്യത്തെ
- കല്ലുമായവളേയെറിയുവാൻ
- പാതയോരത്തുഞാൻ നിന്നു .
- ഇടിനാദംപോലെ
- ഇടനെഞ്ചുതുളച്ചൊരു
- ന്യായവിധിയെ ഞാൻ കേട്ടു:
- "പാപമില്ലാത്തവൻ ആദ്യമെറിയട്ടെ "
- നിർജ്ജീവകല്ലുകൾ പോലും ;
- താഴേയ്ക്കുതാനേ വീണുടഞ്ഞു
- കല്ലു
- ഹൃദയമുരുകിക്കരഞ്ഞു.
- ആദ്യത്തെ കല്ലുമായൊന്നാമനായി
- ഞാൻ
- ആ പാതയോരത്തും നിന്നു .
- ആൾക്കൂട്ടവിചാരണ
- തകർത്ത മധുവിന്റെ
- ദീനരോദനവും ഞാൻ കേട്ടു.
- ആൾക്കൂട്ടഹത്യക്കോശാനപാടുന്ന
- സംസ്കാരശൂന്യത കണ്ടു;
- തലതാഴ്ത്തിയോയെന്റെ
- മലയാളമേ?
- നിന്റെ നിഘണ്ടുവിലല്ലാത്ത കാഴ്ച !
- ആൾക്കൂട്ട ഭീകരതാണ്ഡവമാടുന്ന
- ഈ പാതയോരത്തിനി മേലിൽ
- നിൽക്കാനിടവരുത്തല്ലേയെന്നൊരു
- പ്രാർത്ഥനയൊന്നിനി മാത്രം.
- ആൾക്കൂട്ടഹത്യ
- അരുതേയരുതെന്നൊരു
- ബോധ്യവുമുള്ളത്തിൽ വന്നു;
- കല്ലായഹൃത്തടമുടഞ്ഞുവീണു,
- മൃതുവായുള്ള ഹൃദയം തുടിച്ചു.
- ഷൈൻ ബി.
poem aalkootahadhya