കഥ... പുക പടരുമ്പോൾ
ഫ്ലാറ്റിന്റെ പത്താം നിലയിൽനിന്നും നോക്കിയാൽ അങ്ങകലെ കുന്ന് കാണാം. കുന്നിന്റെ ഉച്ചിയിൽ കത്തുന്ന സൂര്യനെയും കാണാം. സൂര്യൻ വമിക്കുന്ന കട്ടിയുള്ള പുക മേഘങ്ങളായി ഇടം തേടി ഇഴയുന്നതും കാണാം. തീച്ചാമുണ്ഡിയുടെ രൂപമാണ് ആ മേഘങ്ങൾക്കിപ്പോൾ. കനത്ത മേഘങ്ങൾ തന്റെ അരികിലേക്ക് വരുന്നുണ്ടോ എന്നൊരു സംശയം തോന്നി വിശ്വത്തിന്. ആ തോന്നലിൽ ശ്വാസം മുട്ടി. ഉള്ളിൽനിന്നൊരു ചുമ ഉരുണ്ടുകേറി തൊണ്ടയിലൂടെ പുറത്തേക്ക് കുതിച്ചു. നീണ്ടുനിന്ന ചുമയോടൊപ്പം വിയർപ്പും ഒഴുകി. വിശ്വം ജനൽപ്പാളികൾ കൊട്ടിയടച്ചു.
വൈകിട്ടാവുമ്പോൾ ഒരു തരം കനത്ത പുകയാണ് ചുറ്റും. കത്തിത്തീരാത്ത കുന്ന് ഒരു അഗ്നിപർവ്വതമായി. ഉരുകിയൊലിക്കുന്ന ലാവ ആശ്രയംതേടി അടുത്തുള്ള ചോലയിൽ ലയിക്കുന്നുണ്ടാവും. ഭൂമിക്കുള്ളിൽ നിന്നും ഭൂതങ്ങൾ പുക തള്ളി. തീരുന്നില്ല. പ്രകൃതി നിശ്ചലയാണ്. ആ പുകയിൽ കണ്ണിൽ നീറ്റൽ തുടങ്ങും. ചോന്ന് തടിക്കും. വീട്ടിനകത്ത് ഇരിക്കണം എന്നാണ് ഉപദേശം. മോളുടെ വക സ്ട്രിക്ട് ഓർഡർ വാട്സ്ആപ്പ് വഴിയും വന്നിട്ടുണ്ട്. ഇനി രക്ഷയില്ല. രണ്ടാഴ്ചത്തെ അവധിക്ക് നാട്ടിൽ വന്നതാണ്. ഉച്ചയുറക്കത്തിൽ മേലാസകലം വെന്തുനീറി. ഇനിയെന്തുചെയ്യാൻ? ഒരു കുളി പാസ്സാക്കി. മനസ്സും ശരീരവും തണുപ്പിച്ചപ്പോൾ ല്സോത്തോയിലെ മലോട്ടി മലനിരകളെയും അവിടത്തെ തണുപ്പും കറുത്ത മണ്ണും വെളുത്ത ചിരികളും മിസ്സ് ചെയ്തു എന്നു മനസ്സിലായി. ഒരു പുസ്തകം വായിക്കാനിരുന്നു. പക്ഷേ, അക്ഷരങ്ങൾ കണ്മുന്നിൽനിന്നും ഓടിമറഞ്ഞു. വയ്യ, ശ്വാസം മുട്ടുന്നുണ്ടോ. ഇൻഹേയ്‌ലർ കണ്ടില്ല. വാ തുറന്നു വിശ്വം ഉള്ളിലേക്ക് ശ്വാസം എടുത്തു. തട്ടിത്തടഞ്ഞു പുക വായിലൂടെയും മൂക്കിലൂടെയും ആഴങ്ങളിലേക്ക് തിക്കിക്കയറി. ശ്വാസകോശങ്ങളുടെ ഭിത്തികളിൽ ആഞ്ഞിടിച്ചു. ആദ്യം കണ്ട സുഷിരങ്ങളിലൂടെ പുറത്തേക്ക്, സ്വാതന്ത്ര്യത്തിലേക്ക് ഊളിയിട്ടു. ആ പ്രക്രിയയിൽ നേടിയെടുത്ത ഊർജ്ജവുമായി വിശ്വം ലിഫ്റ്റിനരുകിലേക്ക് നടന്നു. അധികം കാത്തുനിൽക്കേണ്ടിവന്നില്ല. ഓട്ടോമാറ്റിക്കായി തുറന്ന ലിഫ്റ്റിൽ കയറി സീറോ എന്ന ബട്ടനിൽ ഞെക്കി. പാളികൾ അടഞ്ഞ ഒരു ചതുരക്കള്ളി ചെറുതാളത്തിൽ മോചനം തേടി താഴേക്കൊഴുകി. അതിനൊപ്പം വിശ്വവും ആടിയാടി, ഊഞ്ഞാലാടി താഴേക്ക്. ശ്വാസം മുട്ടുംമുൻപേ ലിഫ്റ്റ് നിന്നു. തുറന്ന പാളികളിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രകാശം കടന്നുവന്നു. വിശ്വം പുറത്തേക്കു കടന്നു. ദൂരെയെവിടെയെങ്കിലും കനമില്ലാത്ത വായു ഉണ്ടെങ്കിലോ എന്ന തോന്നലിൽ ഇറങ്ങി നടന്നു. നീണ്ട ഇടവഴി എത്തുന്നത് നാഷണൽ ഹൈവേയിലാണ്. തിരക്കില്ലാത്ത ഇടവഴിയിൽ പരിചിതമുഖങ്ങൾ കണ്ടില്ല. ഒന്നോരണ്ടോ ടു വീലർസ് പുക തുപ്പിക്കൊണ്ട് പറന്നകന്നു. അത്രേയുള്ളൂ. മുന്നോട്ടു നടക്കുംതോറും ദൂരക്കാഴ്ച കുറഞ്ഞു. നിഴലുകളുടെ അനക്കം കാണാം. വാഹനങ്ങൾ പുക ഛർദിച്ചുകൊണ്ട് പായുന്നു. ഓരോ നിഴലിനും പിന്നാലെ മറ്റൊരു നിഴൽ കാണാച്ചരടിന്റെ ബലത്തിൽ മുമ്പോട്ടായുന്നു. താനും ഏതോ ചരടിന്റെ കുരുക്കിലാണ്. നടപ്പിന്റെ ആയാസം കുറച്ചു ഇത്തിരി ശ്വാസം എടുക്കാൻ വിശ്വം ഒന്നു നിന്നു. അപ്പോഴാണ് ഹൈവേയിൽ നിന്നും ഒരു നിഴൽ ഇടവഴിയിലേക്ക് തിരിയുന്നത് കണ്ടത്. അടുത്തേക്കുവരുന്തോരും നിഴലിന്റെ രൂപത്തിലും കൃത്യത കണ്ടുതുടങ്ങി. അവരുടെ ദുപ്പട്ട കടുംനിറമോ ഇളം നിറമോ എന്നു വ്യക്തമായില്ല. മെലിഞ്ഞ നിറം വീണ്ടും അടുത്തുവന്നപ്പോൾ അവർ ചിരിച്ചു. എന്നാ വന്നേ? രണ്ടു ദിവസമായി, വിശ്വം ഒരു അകൽച്ചയോടെ മറുപടി പറഞ്ഞു. വന്നെന്ന് ഞാനറിഞ്ഞിരുന്നു. ഞാൻ എല്ലാം അറിയും, പറഞ്ഞില്ലെങ്കിലും. അവരുടെ സ്വരത്തിൽ ചവർപ്പുണ്ടായിരുന്നു. വിശ്വം ഒന്നും മിണ്ടിയില്ല. അവർ തുടർന്നു. ഒറ്റയ്ക്കാണോ? ഉം. ഭക്ഷണം? ഹോട്ടൽ ഉണ്ടല്ലോ. വിശ്വം ഒന്നു നിർത്തി, എന്നിട്ട് ചോദ്യങ്ങളുടെ കുറേ കല്ലുകൾ അങ്ങോട്ടെറിഞ്ഞു, ആകെ ക്ഷീണിച്ചിരിക്കുന്നല്ലോ… ഇപ്പോഴും ടൈലറിങ് ഉണ്ടോ? ഇതിന്റെയെല്ലാം ആവശ്യം ഉണ്ടോ. ഇനിയെങ്കിലും സ്വസ്ഥമായി വീട്ടിൽ ഇരുന്നൂടെ. ആരോഗ്യം നോക്കണ്ടേ… പറഞ്ഞുവന്നപ്പോൾ ഒരുപാട് ചോദ്യങ്ങൾ ചിറകടിച്ചുയർന്നു. വേണ്ടായിരുന്നു. എന്തിന്! ചോദ്യങ്ങളുടെ പുകച്ചുരുളുകൾ മേലാകെ പൊതിഞ്ഞു. അവരാകെ വിയർത്തുനനഞ്ഞു. കണ്ണുനിറഞ്ഞു. വാക്കുകളുടെ കല്ലുകൾ തന്റെ നെഞ്ചിലേക്ക് പതിക്കുന്നത് വിശ്വവും അറിഞ്ഞു. കൊടുക്കൽവാങ്ങലുകൾക്ക് എന്നും മൂർച്ചയുണ്ടായിരുന്നു. ദൂരേയുള്ള കുന്നിലെ തീ ആളിപ്പടരുന്നുണ്ടോ? ചില തീക്കട്ടകൾ വായുവിലേക്ക് ഉയരുന്നുണ്ട്. അവർ തുടർന്നു, എനിക്കാരടേം സഹായം വേണ്ട. നല്ല ആരോഗ്യം ഉണ്ട്. മക്കളും വിളിക്കുന്നുണ്ട്, അങ്ങോട്ടുപോകാൻ. എന്തിന്? എല്ലാർക്കും പണം മതി. അതുകിട്ടുമ്പോ ബന്ധം മറക്കും. അവരുടെ കണ്ണുകളിലൂടെ തീ ചിതറിയോ. ചുണ്ടുകൾ വിറച്ചു. പൊള്ളുന്ന ലാവ ഒഴുകി. വിശ്വം വല്ലാതെയായി. ചുറ്റും നോക്കി. ഭാഗ്യം, ആരുമില്ല ഇടവഴിയിൽ. വിളറിയ ചിരിയോടെ അയാൾ പറഞ്ഞു, കണ്ണുതുടയ്ക്കൂ. ആരെങ്കിലും കണ്ടാലോ. കരയാൻ മാത്രം എന്തുണ്ട്… അവനോന്റെ കാര്യം നോക്കി എല്ലാരും പോയി. എനിക്ക് മാത്രം കുടുംബത്തിന്റെ വകയായി ഒന്നും കിട്ടിയില്ല. നക്കാപ്പിച്ച തന്നിട്ട് അവൾ എന്റേന്ന് ഒപ്പിട്ടു വാങ്ങി, ആരും അറിയാതെ സ്ഥലം വിറ്റു. വിൽക്കട്ടെ. അവൾ നന്നാവട്ടെ. കേസ് കൊടുക്കാൻ അറിയാമ്പാടില്ലാഞ്ഞിട്ടല്ല. മക്കളു പറഞ്ഞു, കേസിനുപോയാൽ അവർ കൂടെ നിൽക്കില്ല എന്ന്. അവനോന്റെ കാര്യം നോക്കി നടക്കാൻ. അവര് പറഞ്ഞതും ശരിയല്ലേ. ഒന്നോർത്താൽ എന്നെ കണ്ടാൽ മറ്റുള്ളവരെപ്പോലെ അല്ലല്ലോ. കറുത്തുണങ്ങിയ ശരീരം. പഠിപ്പില്ല. കാണാനും കൊള്ളൂല. വിശ്വം മൗനത്തിലാണ്ടു. എന്തുപറയാൻ. ആരെങ്കിലും കണ്ടാലോ എന്ന പേടി കട്ടിയുള്ള പുക പോലെ മനസ്സിൽ പടർന്നു. ദൂരെ, ചാരനിറത്തിൽ പുക കാണാം.
ഉച്ചി കത്തുന്ന മലയെ കണ്ടാലിപ്പോൾ തെച്ചി പൂത്തതുപോലെ. ഇപ്പോഴത്തെ പ്രശ്നം എന്താണ്, വിശ്വം സൗമ്യതയിൽ ചോദിച്ചു. സുഖമായി ജീവിക്കുന്നു. സ്വന്തം കാര്യങ്ങൾ ഭംഗിയായി നടത്തുന്നു. പോയത് പോകട്ടെ. ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ടിനി എന്തു നേട്ടം? ദോഷം വന്നില്ലല്ലോ. ആരോഗ്യം നോക്കി മക്കൾക്കൊപ്പം ജീവിക്കാൻ നോക്കൂ. നിങ്ങൾക്കത് പറയാം. നിങ്ങളും കണക്കാണ്. കിട്ടാനുള്ളത് എല്ലാരും അടിച്ചുമാറ്റി. എനിക്കുമാത്രം ഒന്നും കിട്ടിയില്ല. എന്റെ കെട്ട്യോനും ഇവർക്കെല്ലാം വേണ്ടി കഷ്ടപ്പെട്ടു. ഇപ്പോൾ എന്തായി, ചീത്തപ്പേരുമാത്രം ബാക്കി. അമ്മ പോയപ്പോൾ ഉണ്ടായ സ്വർണ്ണം മുഴുവൻ ഞാൻ അടിച്ചുമാറ്റിയെന്നാ അവള് പറഞ്ഞോണ്ട് നടക്കണത്. എല്ലാരോടും ചോദിച്ചിട്ടും പറഞ്ഞട്ടുമല്ലേ ഞാൻ ആ സ്വർണ്ണം വിറ്റതും അമ്മേടെ അടിയന്തരം നടത്തിയതും. അതിലും ചീത്തപ്പേരു ബാക്കി. അമ്മ സ്ഥലം അവളുടെ പേരിൽ ഇഷ്ടദാനം ചെയ്തല്ലോ, ആരോടും ചോദിച്ചില്ല. എനിക്ക് മാറ്റിവച്ച രണ്ടുലക്ഷം അവൾ തന്നു. ജോലിയും കൂലിയും ഇല്ലാത്ത അവൾക്ക് എവിടന്ന് കിട്ടീ ഇത്രേം വല്യ തുക. അപ്പോൾ അവളുടെ മോളും അറിഞ്ഞിട്ടല്ലേ എന്നോട് എഴുതിവാങ്ങീത്. അതിനെന്താ, ആ തുക നിങ്ങൾക്കായി മാറ്റിവച്ചത്. അതുകിട്ടിയല്ലോ, ഇല്ലേ? കിട്ടി. സ്ഥലം വിൽക്കാണെന്ന് അറിഞ്ഞെങ്കിൽ സമ്മതിക്കില്ലായിരുന്നു. അവളുടെ മോളും കള്ളിയാ. ചെറുപ്പം മുതലേ അവളെ നോക്കി, അവർക്കുവേണ്ടി കാര്യങ്ങളെല്ലാം ചെയ്തു. കുഞ്ഞിലേ അവളുടെ തീട്ടോം മൂത്രോം കോരി, കുളിപ്പിച്ചു, പഠിപ്പിച്ചു, കല്യാണംവരെ നടത്തി. എന്നിട്ട് അമ്മേം മോളും ഒന്നായി. മുമ്പ് കണ്ടാല് കീരീം പാമ്പും പോലെ ആയിരുന്നവർ… ഇതൊക്കെ എന്നോട് എന്തിന് പറയണം. നിങ്ങളുടെ ഒരു കാര്യത്തിലും ഞാൻ ഇടപെടാറില്ലല്ലോ. നിങ്ങളുടെ ഇഷ്ടത്തിന് നിങ്ങൾ ജീവിക്കുന്നു. എന്നെ വെറുതേ വിടുക. അതേ, താൻ എപ്പോഴും അങ്ങനെ ആയിരുന്നു. ഒന്നിലും ഇടപെടാതെ മിടുക്കനായി നടക്കുന്നു. നിങ്ങൾക്കൊന്നും പറ്റിയ ഒരാളല്ല ഞാൻ. വിശ്വത്തിനു മടുപ്പുതോന്നി. നാഷണൽ ഹൈവേയിൽ തിരക്കുതുടങ്ങി. വാഹനങ്ങൾ ചീറിപ്പായുന്നുണ്ട്. കുന്നിൽനിന്നും പുക ഒഴുകിയെത്തുന്ന വേഗത കൂടി. ശ്വാസം മുട്ടന്നോ? പുകപടലങ്ങൾ എത്രവേഗമാണ് പടരുന്നത്. ഞാൻ പോകുന്നു. കണ്ടപ്പോൾ പറഞ്ഞുപോയതാ, എന്റെ വിഷമം. പറയാനും ആരുമില്ലാതെയായി. അവർ വീണ്ടും കരയാനുള്ള ഭാവമാണോ? പറ്റിയാൽ വീട്ടിൽ വരൂ…, അവർ ക്ഷണിച്ചു. എങ്ങോട്ടുമില്ല ഞാൻ. ആരോടുമില്ല ബന്ധം. ഈ ജന്മത്തിലെ സഹോദരബന്ധങ്ങൾ എല്ലാം തീർന്നു. ആരോടും പരിഭവമില്ല. വൈരാഗ്യമില്ല. പശ്ചാത്താപവുമില്ല. എന്റെ വഴി വേറെയാണ്. അവിടെ ഞാനും എന്റെ ഭാര്യയും മക്കളും മാത്രം. അതുമതി. പൊയ്ക്കോളൂ. പുക പിടിച്ചു ശ്വാസം മുട്ടണ്ട. ആസ്ത്മ ഉള്ളതല്ലേ. അവരുടെ കണ്ണുനിറഞ്ഞു. ഒരു നിമിഷം, മൗനത്തിന്റെ പുകയിൽ അവർ പരിഭ്രമിച്ചുവോ ആവോ. ഒന്നും പറയാനില്ല എന്നാവും മനസ്സിൽ. അല്ലെങ്കിൽ, പറഞ്ഞിട്ടെന്തിനെന്ന ചിന്തയാവും. സ്വയം പുച്ഛം തോന്നി വിശ്വത്തിന്. സ്വന്തം സഹോദരിയാണ് നടന്നകലുന്നത്. പൂർവ്വജന്മത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ട സഹോദരി. കളിച്ചും ചിരിച്ചും പരിഭവിച്ചും വളർന്നവർ. കാലം… കാറ്റിന്റെ ഗതിയിൽ കാലം മാറി. പലതും മാറി. തുളുമ്പിയ കണ്ണുകൾ തുടച്ചു അവർ, നടന്നു. എന്തുചെയ്യണമെന്നറിയാതെ വിശ്വം അവിടെ നിന്നു, അവരുമായുള്ള അകലം കൂടിവന്നു. ചുറ്റും പുകയാണ്. അകത്തും പുകയാണ്. പുകയുടെ വലയം അയാളെ മെല്ലെ പൊതിഞ്ഞു. ദൂരേ, കുന്നിൻമോളിൽ അപ്പോഴും തീയാളിക്കത്തുന്നുണ്ടായിരുന്നു. ഡോ. അജയ് നാരായണൻ
story puka padarumbhol