കഥ... ഇരുട്ടിൽ നിന്നു ഞാൻ
എന്നെയറിയാമോ? ഞാനെൻ്റെയമ്മയുടെ ഹൃദയമിടിപ്പിൻ്റെ സൗമ്യമായ മുഴക്കത്തിൻ്റെ താളത്തിലെന്നെ ചുറ്റപ്പെട്ട ഇരുട്ടിൽ ഏകയായി പൊങ്ങിക്കിടന്നു. ഞാനൊരു ചെറിയ ആത്മാവാണ്. ഓരോ ദിവസം കഴിയുന്തോറും വളരുകയും വികസിക്കുകയും ചെയ്യുന്നവൾ. രക്തപ്രവാഹത്തിൻ്റെ തിരക്കും പോഷകവുമെൻ്റെ ചെറിയ സിരകളിലൂടെ ഒഴുകുന്നതെനിക്കനുഭവപ്പെടുന്നു. എല്ലാമെനിക്കറിയാം.. എനിക്കു കേൾക്കാം. "അമ്മേടെ തക്കുടുവേ" എൻ്റെയമ്മ മന്ത്രിക്കുന്നു. അമ്മയുടെ ശബ്ദം മൃദുവായ ലാളനയാണ്. "ഇന്നത്തെ ദിവസം നിനക്കെങ്ങനെ കണ്ണാ?" അമ്മ കൊഞ്ചുന്നു. ഞാൻ ചവിട്ടുകയും കാലിട്ടടിക്കുകയും ചെയ്തുകൊണ്ടു പ്രതികരിക്കുവാൻ ശ്രമിക്കുമ്പോൾ എൻ്റെയമ്മ ചിരിക്കുന്നു. ഞാൻ കിടക്കുന്ന ജലശൈയ്യ കുലുങ്ങുന്നു. അമ്മയുടെ സന്തോഷവാക്കുകൾ മന്ത്രധ്വനിയായി എന്നിലൂടെ പ്രതിധ്വനിക്കുന്നു. "ഞാൻ മിണ്ടുമ്പോൾ മാത്രമേ അനങ്ങൂ!" അമ്മ അഭിമാനത്തോടെ പറയുന്നു. അവരുടെ കൈകൾ ഞാൻ വളരുന്ന വലിയ വയറിൻ്റെ മേലേ മെല്ലെത്തടവി. വളരുമ്പോൾ ഞാനെന്നിലെ മാറ്റങ്ങൾ ശ്രദ്ധിക്കുന്നു. എൻ്റെ ചെറിയ കൈകളും കാലുകളും രൂപം കൊള്ളുന്നു. എൻ്റെ കൈവിരലുകളും കാൽവിരലുകളും ആവേശത്താൽ വിറയ്ക്കുന്നു. എൻ്റെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. പക്ഷേയെനിക്കറിയാം പുറത്തെ വെളിച്ചംലോകം.
അമ്മയുടെ ചർമ്മത്തിലൂടെ ഊഷ്മളമായൊരു തിളക്കം ഞാൻ അനുഭവിക്കുന്നുണ്ട്. "അമ്മേ ഞാനമ്മയുടെ പൂമ്പാറ്റയാണമ്മേ, ചിറകു വിരിക്കാൻ മോഹിക്കുന്നവൾ, ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?" ഞാൻ ചോദിക്കാൻ ശ്രമിക്കുന്നു. എൻ്റെ ശബ്ദം ഒരു നിശബ്ദ പിറുപിറുപ്പു മാത്രം. "എനിക്കു നിന്നെ അനുഭവിക്കാൻ കഴിയും, കണ്ണാ" എൻ്റെ അമ്മ മറുപടി പറയുന്നു. അവരുടെ സ്വരത്തിൽ സ്നേഹം നിറഞ്ഞു കവിഞ്ഞൊഴുകുന്നു. "അമ്മേ നിങ്ങൾ ഓരോ ദിവസവും ശക്തയാകുന്നു". വളരുന്നതു തുടരുമ്പോൾ, തനിച്ചല്ലെന്നു ഞാൻ മനസ്സിലാക്കുന്നു. എനിക്കെൻ്റെ അമ്മയും അച്ഛനുമുണ്ട്. അവർ എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യും തീർച്ച. അവരെ കണ്ടുമുട്ടാനും വെളിച്ചമുള്ള ലോകം കാണാനും ശബ്ദങ്ങൾ കേൾക്കാനും എനിക്കു കാത്തിരിക്കാനാവില്ല. എന്നാലിപ്പോൾ, അവരുടെ സ്നേഹവും ഊഷ്മളതയും കൊണ്ടു ചുറ്റപ്പെട്ടയെൻ്റെ സുഖപ്രദമായയീ ചെറിയ സ്ഥലത്തു ഞാൻ സംതൃപ്തനാണ്. ഒരു ദിവസം അമ്മയുടെ ശബ്ദത്തിൽ ആവേശം നിറഞ്ഞു കേട്ടു. "നിൻ്റെ അച്ഛൻ ഇവിടെയുണ്ടു, കുട്ടാ. നിന്നെ കാണാൻ കൊതിച്ചു കാത്തിരിക്കാനാകുന്നില്ല." എനിക്കൊരു പുതിയ സാന്നിധ്യമനുഭവപ്പെടുന്നു. അമ്മയുടെ വയറിലൊരു മൃദുസ്പർശം. "എടാ ചെറുക്കാ," അച്ഛൻ മന്ത്രിക്കുന്നു. "നിൻ്റെ വരവിൽ ഞങ്ങൾ നിന്നെ വളരെയധികം സ്നേഹിക്കാൻ പോകുന്നു മോനേ." അച്ഛൻ്റെ ശബ്ദം പരുക്കനാണെങ്കിലും മൃദുവായി പറയുവാൻ ശ്രമിക്കുന്നുണ്ട്. "ഞാൻ മോനല്ലച്ഛാ....നിങ്ങളുടെ മാലാഖ മോളാണച്ഛാ" പറയാൻ ശ്രമിച്ചു. ഞാൻ വീണ്ടും ചവിട്ടുകയും കാലിട്ടടിക്കുകയും ചെയ്തു. അവരുടെയടുത്തേക്കെത്താൻ ശ്രമിക്കുന്നു. എൻ്റെ മാതാപിതാക്കൾ ചിരിക്കുന്നു, സംസാരിക്കുന്നു. അവരുടെ സ്നേഹവും സന്തോഷവുമെന്നെ പൊതിയുന്നു.അമ്മയെ കാണാൻ വരാൻ നേരമായെന്നറിയിച്ചു ഞാൻ. കണ്ണടച്ചു പിടിച്ചുകൊണ്ടു ഞാൻ നീന്തിയിറങ്ങി. അമ്മയെ വിട്ടുഞാനന്നു നീങ്ങി ആദ്യമായി. വിടാതെയമ്മ സ്നേഹക്കയറിൻ്റെയറ്റത്തും. ഏതോ കൈകളെന്നെ കോരിയെടുത്തു. വെള്ളിവെളിച്ചം കണ്ണിൽക്കുത്തിക്കയറി. കരഞ്ഞുകൊണ്ടു ഞാൻ കണ്ണു തുറന്നു. അമ്മയെത്തേടി ഞാനപ്പോൾ. ആരോയെന്നെയെൻ അമ്മയിൽ നിന്നുമറത്തു മാറ്റി.അമ്മ കരയുന്നോ?ഞാൻ തനിച്ചായി...സ്നേഹക്കയറുമില്ല...ഞാൻ വീണ്ടും ചവിട്ടുകയും കാലിട്ടടിക്കുകയും ചെയ്തു. ആരും ചിരിക്കുന്നില്ല അവിടെയെങ്ങുമമ്മയില്ല. ചുറ്റിനുമാരൊക്കെയോ അടക്കം പറയുന്നു. "പെണ്ണാണ് പെണ്ണാണ്". എൻ്റെ വായുണങ്ങുന്നു. എൻ്റെ അമ്മയെവിടെ... എനിക്കു താരാട്ടു പാടുന്ന ഹൃദയമെവിടെ...എന്നെ ചുറ്റുന്ന ഇരുട്ടെവിടെ...ഇരുട്ടിൽനിന്നു ഞാൻ വന്നു...ഇരുട്ടിൽ തന്നെ നിൽപ്പൂ...ഞാൻ വീണ്ടും ചവിട്ടുകയും കാലിട്ടടിക്കുകയും ചെയ്യുന്നു... _
- രചന - റോഷൻ പനമേലി
story iruttil ninnu njan