കഥ; മരിച്ചവരെ ചുംബിക്കുമ്പോൾ

കഥ; മരിച്ചവരെ ചുംബിക്കുമ്പോൾ
Jul 20, 2024 06:35 PM | By mahesh piravom

കഥ... മരിച്ചവരെ ചുംബിക്കുമ്പോൾ

മരിച്ചുപോയ അച്ഛനെ അവസാനമായി ചുംബിച്ചപ്പോഴും പുറത്ത് മഴ തിമിർത്തുപെയ്യുന്നുണ്ടായിരുന്നു. നെറ്റിയിൽ തൊട്ടുവച്ച ചുണ്ടുകൾ മസ്തിഷ്‌കത്തിൽ ഇനിയും മരിക്കാത്ത ചിന്തകളുടെ ചൂടറിഞ്ഞു. ഭാവിഭംഗപ്പെട്ട എന്നെക്കുറിച്ചുള്ള പ്രതീക്ഷകളുടെ നോവറിഞ്ഞു, കർക്കശ്യത്തിന്റെ ചിറകരിഞ്ഞുപോയി എവിടെയോ ഒളിഞ്ഞിരുന്ന വാത്സല്യംനിറഞ്ഞ അവസാന നിശ്വാസം ബാക്കിയിട്ട ഒരു തണുപ്പറിഞ്ഞു. വെട്ടിയിട്ടമാവിന്റെ ശിഖരങ്ങൾ അടഞ്ഞ കണ്ണുകളെമൂടി പിന്നെ, ചിതയിൽ നെരുപ്പേറിയപ്പോൾ ഉള്ളിൽ ആദ്യമായി ഹൃദയത്തോട് ചേർത്തുവച്ച ഒരു തന്ത്രിപൊട്ടി. കുതിച്ചുവന്ന കണ്ണുനീർ പീലികളെതടവി ഉള്ളിലേക്ക് തിരയടിച്ചുപോയപ്പോൾ ചുണ്ടുകളിലെത്താതെ അക്ഷരങ്ങൾ മുറിഞ്ഞു വിക്കിവീണു മാപ്പ്... ഐ സി യുവ്വിന്റെ തണുവിൽ നീലവിരികൾ ചുളുങ്ങിയിരുന്നു. എത്തിപ്പിടിക്കാൻ ശ്രമിച്ച അവസാനശ്വാസത്തിന്റെ തീവ്രതകൊണ്ടാകും,എടുത്തുമാറ്റിയ വെന്റിലേറ്റർ ഫീഡറിനുപുറകിൽ അമ്മയുടെ മുഖം തീരെചെറുതായിരുന്നു. നെറ്റിയിലെ ചുളിവുകൾക്കു ആഴംകൂടിയിരുന്നു. നീലഞരമ്പുകൾ എഴുന്നുനിന്ന വലതുകൈപ്പത്തി മലർന്നുതന്നെയിരുന്നു. തിരുമ്മിയടക്കുമ്പോഴും കൺപോളകൾ ഇനിയുമെന്തോ എന്നിൽ കാണാനുള്ള ആർത്തിയോടെ എന്നെത്തന്നെ നോക്കിയിരുന്നു. അമ്മയുടെ കൈവെള്ളയിൽ മുത്തുമ്പോൾ എന്‍റെ ചുണ്ടുകൾ വിറച്ചിരുന്നു. മെലിഞ്ഞവിരലുകളിൽ വറ്റിന്റെമണമറിഞ്ഞു. നെറ്റിയിൽ മുത്തുമ്പോൾ അമ്മയുടെ ഗന്ധം തിരഞ്ഞു. ഗർഭപാത്രത്തിലെ സുപരിചിതഗന്ധം. ജനനം മുതൽ പരിചിതമായ മസാലക്കൂട്ടുകളുടെയും, പുകയുടെയും ഗന്ധത്തിൽനിന്നും അമ്മമണം തിരഞ്ഞു നാസാരന്ധ്രങ്ങൾ തോറ്റപ്പോഴും കണ്ണുകൾ വല്ലാതെനിറഞ്ഞിരുന്നു. കരുതലിന്റെ വിരൽത്തുബുകളിൽ അപ്പോഴും സ്നേഹം നിറമില്ലാത്ത ഒഴുകുന്നതുപോലെ തോന്നി. നരച്ചുചിതറിയ മൂർദ്ധാവിനു അപ്പോഴും ചെറുചൂടുണ്ടായിരുന്നു. കറുത്തുപോയ കൺതടങ്ങൾ കടന്നു അവസാനമായി നെറ്റിയിൽ മുത്തുമ്പോൾ തുറന്നുവിട്ട ഭൂതംപോലെ വികൃതമായൊരു ശബ്ദത്തോടെ വ്യക്തതയില്ലാതെ കരഞ്ഞു. തന്നതിൽ തന്മാത്രകളുടെ അംശംപോലും തിരിച്ചുകൊടുക്കാനാവാത്ത കുറ്റബോധം തലച്ചോറിൽ ഭ്രാന്തെടുത്തു. പൊരുതിതോറ്റവനെപ്പോലെനിന്ന എന്റെയുള്ളിൽ ഹൃദയത്തിന്റെ രണ്ടാംതന്ത്രിയും ശബ്ദത്തോടെ മുറിഞ്ഞുവീണുകഴിഞ്ഞിരുന്നു. മനസ്സുപറഞ്ഞ വാക്ക്‌ വിറച്ചചുണ്ടുകൾ വികലമായി ഉരുവിട്ടുകൊണ്ടിരുന്നു മാപ്പ്....... ഹൃദയാഘാതത്തിന്റെ തീവ്രതയിൽ അവൾ പിടഞ്ഞുവീണ എന്‍റെ മടിത്തട്ടു അവളുടെ വിയർപ്പിൽ നനഞ്ഞിരുന്നു. കേവലം ഒരു ഞരക്കത്തിനപ്പുറം കണ്ണുകൾ പാതിയടച്ചു നിശബ്ദമായവളുടെ നാഡിപിടിച്ചു ഡോക്ടർ ശക്തമായി തലകുലുക്കി തിരിയുമ്പോൾ, കണ്ടതൊക്കെ കളവാണെന്ന് വിശ്വസിക്കാൻ ഞാൻ വല്ലാതെ പാടുപെടുകയായിരുന്നു. പിന്നെപ്പോഴോ ഫ്രീസറിൽ നിന്നും അവളെ പുറത്തെടുത്തപ്പോൾ നെറ്റിയിലെ ചുവന്നസിന്ദൂരം കലങ്ങിയിരുന്നു. പാതിയടഞ്ഞ കണ്ണുകൾകൊണ്ട് അവൾ എന്നെ സൂക്ഷിച്ചുനോക്കുന്നതുപോലെ തോന്നി. കണ്ണടയാളങ്ങളുടെ അവളുടെ എനിക്കു മാത്രം മനസ്സിലാകുന്ന ഭാഷയിൽ അവൾ അപ്പോഴും പരിഭവിച്ചുകൊണ്ടേയിരുന്നു. ഒരിക്കലെങ്കിലും ചേർന്നുപോയി കാണണമെന്ന് കരുതിയാശിച്ചു നടക്കാതെപോയ ശിവരാത്രി ഉത്സവത്തിന്റെ പരിഭവം. വിലകുറഞ്ഞതെങ്കിലും ഓർത്തെടുത്തു ഒരിക്കലും വാങ്ങാനാവാതെപോയ കസവുസാരിയുടെ പരിഭവം. പിന്നെ പതിവു സ്നേഹശാസനകളുടെ അടയാളങ്ങൾ. സമയംതെറ്റിച്ചു കഴിക്കുന്ന ആഹാരശീലത്തിനു, മരുന്നുകൾ മുടക്കുന്ന മറവിക്ക്‌, ഉറക്കമില്ലായ്മയിൽ ബാൽക്കണിയുടെ ഇരുളിൽ ചാരുകസേരയിൽ ആകാശം നോക്കിയുള്ള കിടപ്പിന്. അവളെക്കാളേറെ അവൾ എന്നെ കരുതിയതിന്റെ പരിഭവങ്ങൾ. അവസാനം പതിവുപോലെ വിദൂരതയിലേക്കു നോക്കി കണ്ണുകൾനിറച്ചു പറയുന്ന അടയാളം. 'നിങ്ങൾ എന്നെ ഇന്നും മനസ്സിലാക്കിയിട്ടില്ലല്ലോ'.? കലങ്ങിപോയ സിന്ദൂരത്തിൽ, സിന്ദൂരരേഖയിൽ ഭ്രാന്തമായി മുത്തുമ്പോൾ, ഹൃദയം പൊട്ടിത്തെറിക്കുമെന്നുതോന്നി. എപ്പോഴോ എങ്ങിനെയോ ഞാൻമൂലം മാത്രം അയഞ്ഞതെങ്കിലും, എനിക്കായുള്ള കരുത്തും, കരുതലുമായിരുന്ന ഒരു മൂന്നാംതന്ത്രിയും മുറിഞ്ഞുവീണിരിക്കുന്നു, ഒപ്പം ഹൃദയം ആദ്യമായി കുത്തികുത്തിചോദിക്കുന്നു. 'ശരിയല്ലേ, അവളുടെ പരാതികളില്ലാത്ത പരിഭവങ്ങൾ, നീ അറിഞ്ഞിരുന്നോ ഇത്രയും കാലമായി.'? അവളെ അറിഞ്ഞിരുന്നുവോ ആത്മാർത്ഥമായി.? ഉത്തരങ്ങൾ തേടാൻ, തർക്കിക്കാൻ എപ്പോഴുമെന്നപോലെ മനസ്സ് ഇപ്പോൾ തയ്യാറാകുന്നില്ല. അവളെ അറിഞ്ഞിരുന്നില്ല എന്ന സത്യം ഒരു മലപ്പൊക്കത്തിൽ എന്നിലേക്ക്‌ ഇടിഞ്ഞുവീണിരിക്കുന്നു. തർക്കങ്ങളിലും, എന്‍റെ ഇഷ്ട്ടങ്ങളിലും അവൾക്കുള്ള പരിഗണനകൾ എങ്ങോ, എന്നോ കളഞ്ഞുപോയിരുന്നു. ഇനി തിരുത്താൻ, തിരിഞ്ഞുനടക്കാൻ ഒരു നിമിഷംപോലും കയ്യിലില്ലാത്ത സമയത്തിന്റെ ശൂന്യതയുടെ തിരിച്ചറിവു എന്നെ വീണ്ടും മരവിപ്പിക്കുന്നു. തമ്മിൽ കൊരുത്തുപോയ രണ്ടക്ഷരങ്ങൾ വീണ്ടും വിറച്ചു ചുണ്ടുകളിൽ പൊള്ളിനിൽക്കുന്നു. സിന്ദൂരരേഖയിൽ ഉതിർത്തിട്ട അവസാന ചുംബനത്തോടൊപ്പം അവളിലേക്ക്‌ പെയ്തിറങ്ങാനായി, തിരിച്ചറിവുകളിൽ ഹൃദയം തകർത്തുമാത്രം ഭൂജാതമാകുന്ന ഒറ്റവാക്ക് മാപ്പ് ..... ഹരീഷ് മൂർത്തി

story marichavare chumbhikumbol

Next TV

Related Stories
#piravom | പിറവം കാർഷിക വിപണിയിൽ ചക്കയും തേങ്ങയും റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി.

Nov 21, 2024 05:54 PM

#piravom | പിറവം കാർഷിക വിപണിയിൽ ചക്കയും തേങ്ങയും റിക്കാർഡ് തുകയ്ക്ക് ലേലത്തിൽ പോയി.

പിറവത്തെ ചെറുകിട കർഷകരാണ് അവരുടെ ഉല്പന്നങ്ങൾ വിപണി വഴി...

Read More >>
# KuruvaSangam | എന്താണ് കുറുവസംഘം...?

Nov 21, 2024 02:51 PM

# KuruvaSangam | എന്താണ് കുറുവസംഘം...?

വീടിന്റെ അടുക്കളഭാഗം കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണത്തിനു നീക്കം നടത്തുന്നത്. താരതമ്യേന ഉറപ്പുകുറഞ്ഞ വാതിലുകളാവും അടുക്കള ഭാഗത്ത്...

Read More >>
 മുൻ കോൺഗ്രസ് നഗരസഭാ ചെയർമാന് ഇടത് ബന്ധമെന്ന് ആരോപണവുമായി കേൺഗ്രസ് നേതാവ്

Nov 16, 2024 12:22 PM

മുൻ കോൺഗ്രസ് നഗരസഭാ ചെയർമാന് ഇടത് ബന്ധമെന്ന് ആരോപണവുമായി കേൺഗ്രസ് നേതാവ്

ഇടത്ത് നേതാക്കളുമായി പങ്കു കച്ചവടം നടത്തി കോടികൾ സമ്പാദിച്ചു വെന്നും, ബന്ധുവായ വരെ ചെയ്ർപേഴ്സൺ ആവാൻ വഴിവിട്ട് സഹായിച്ചു വെന്ന ഗൗരവ കരമായ...

Read More >>
കവിത; തുമ്പപ്പൂവ്

Aug 7, 2024 05:53 PM

കവിത; തുമ്പപ്പൂവ്

നാണംകുണുങ്ങിയാം തുമ്പപ്പൂവേ ഓണം...

Read More >>
കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

Jul 29, 2024 05:48 PM

കവിത;എൻ്റെ വിദ്യാലയത്തിലേക്കൊരു യാത്ര

ഒറ്റക്കെനിക്കൊന്ന് പോകണം, എൻ്റെയാ വിദ്യാലയത്തിൽ... നന്മയുടെ ബാല്യത്തെ ഓർമ്മ- പ്പെടുത്താനൊരു...

Read More >>
കഥ; എരിയുന്നബാല്യങ്ങൾ

Jul 29, 2024 05:35 PM

കഥ; എരിയുന്നബാല്യങ്ങൾ

ശനിയും, ഞായറും കഴിഞ്ഞു സ്കൂളിൽ എത്തിയതാണ് മീനാക്ഷി. എങ്കിലും. കൂട്ടുകാരുടെ കളിചിരിയിലേക്കെത്താൻ ആ കുഞ്ഞു മനസിന് കഴിഞ്ഞില്ല. ഇഴഞ്ഞു നീങ്ങിയ സമയം...

Read More >>
Top Stories