കഥ ... ഒരു വിഷാദ സന്ധ്യ
ഏപ്രിൽ ഇരുപത്തിമൂന്നു ശനിയാഴ്ച ഇരുട്ടു മൂടിയ കാലാവസ്ഥ, ഓർമ്മയിൽ നിന്നും മായാത്ത ആ ദിവസം. വൈകുന്നേരമായപ്പോഴേക്കും തെളിഞ്ഞ അന്തരീക്ഷം. ഒരു ചായ ഇടാമെന്ന് വിചാരിച്ചു അടുക്കളയിലേക്ക് പോകാൻ സമയം പതിവില്ലാതെ ഒരു ഫോൺ കോൾ, ഇന്നത്തെ ദിവസത്തെ പ്രസക്തി മക്കൾ മറന്നു പോയതുപോലെ ആരും വിളിച്ചില്ല. നാലു മക്കളുണ്ട്,അവർ പഠിച്ച് ജോലി സമ്പാദിച്ചു കുടുംബത്തോടൊപ്പം വിദേശത്ത്. ദാ,പിന്നെയും ബെല്ലടിക്കുന്നു മടിയോടെ ഫോൺ അറ്റൻഡ്ചെയ്തു ,അത്ഭുതം തോന്നി!, ഒരു അജ്ഞാതന്റെ ശബ്ദം "അങ്ങേയ്ക്ക് തിരക്കില്ലെങ്കിൽ കുറച്ചു സമയം തരൂ, ദൂരെനിന്നും വരികയാണ് എന്റെ അടുത്ത് താങ്കൾക്ക് ഉപകാരപ്പെടുന്ന കുറച്ചു സാധനങ്ങൾ ഉണ്ട്, അത് അവിടെ എത്തിക്കുവാൻ വേണ്ടിയാണ്. പക്ഷേ ഒരു കാര്യം എന്റെ കയ്യിൽ ഉള്ളത് കൊണ്ടു വരുമ്പോൾ താമസിക്കാൻ ഒരു സ്ഥലവും നല്ല ഭക്ഷണവും വേണം." എന്നു പറഞ്ഞു. ഞാനൊന്ന് അമ്പരന്നു പോയി, ഞാൻ എങ്ങനെ സ്വീകരിക്കും, ഒറ്റയ്ക്ക് താമസിക്കുന്ന ഞാൻ എങ്ങനെ ഭക്ഷണം ഉണ്ടാക്കും. ഇവിടെയാണെങ്കിൽ ഭക്ഷണം ഉണ്ടാക്കാൻ ഭാര്യ ഭാമയുമില്ല, എന്നെ വിട്ടുപോയിട്ട് ഇന്നേക്ക് അഞ്ചു വർഷം തികയുന്ന ദിവസം.. ഭാമ പോയ ദുഃഖത്തിൽ തളർന്നിരിക്കുന്ന കാലം, മക്കളാണെങ്കിൽ വിദേശത്തും. അമ്മ മരിച്ചു ബലികർമ്മങ്ങളല്ലാം പൂർത്തിയാക്കി പോയതാണ്, പിന്നീട് യാതൊരുവിവരവുമില്ല, വിളിക്കുമ്പോൾ പറയുന്നത്, " ഇവിടെ വലിയതിരക്കാണച്ഛാ, അച്ഛനൊരു വിധം അഡ്ജസ്റ്റ്ചെയ്യൂ,ഞാനുടനെവരാം". അതിനുശേഷം വ്യക്തി ബന്ധം, കൂട്ടായ്മകൾ, സാമൂഹ്യ പ്രവർത്തനം എന്നിവയിൽ നിന്നുമൊക്കെ വിട്ടുനിന്നു. അങ്ങനെയുള്ള വിഷാദ സന്ധ്യയിൽ ഒരു സുഹൃത്തിന്റെ സാമീപ്യം മനസ്സിനെ വളരെയേറെ സ്വാധീനിച്ചു. ആരായിരിക്കും ഈ വ്യക്തി,അയാൾ പറയുന്നത്, " ഞാനിപ്പോൾ പേരും വീടും നാടും വെളിപ്പെടുത്തുന്നില്ല താങ്കൾ നേരിട്ട് കണ്ട് എന്നെ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം നമുക്ക് പരിചയപ്പെടാം, അതിനുശേഷം വീട്ടിൽ കയറ്റിയാൽ മതി.എന്നോടൊപ്പമുള്ളവരെ താങ്കൾക്ക് പരിചയപ്പെടാൻ സാധിക്കും ". ചായയിട്ടു കുടിക്കാതെ നീരസത്തോടെ ആ ഫോൺ സംസാരം ഓർത്തിരുന്നു. ഏതോ നിയോഗത്താൽ ബന്ധിക്കപ്പെട്ട വിധം ഞാൻ അവരെ കാത്തിരുന്നു. ഇപ്പോൾ വരുന്ന വ്യക്തി ആരാണ് എന്തിനാണ് എന്നെ കാണാൻ വരുന്നത് എന്റെ നാടും വീടും എങ്ങനെ കണ്ടുപിടിച്ചു. അദ്ദേഹം പറയുന്നു, " എന്നെ സ്വീകരിച്ച് അകത്ത് കയറ്റിയാൽ എന്നോടൊപ്പ മുള്ളവരും സ്വമേധയാ നിങ്ങളോടൊപ്പം ചേരും". ഇതെല്ലാം ആലോചിച്ച് കൊണ്ടിരുന്ന സമയത്ത് എന്റെ സുഹൃത്ത് രാമൻ കയറിവന്നു. " എന്താടോ മണി, ഒറ്റയ്ക്ക് ഇങ്ങനെ ആലോചിച്ചിരിക്കുന്നത് ഭക്ഷണം കഴിച്ചോ? വീട്ടിൽ ഇന്നും വഴക്കാ ." ഇത്രയും പറഞ്ഞ അടുത്തുള്ള കസേരയിൽ ഇരിപ്പ് ഉറപ്പിച്ചു. ഞാൻ രാമനോട് ഉണ്ടായ സംഭവമെല്ലാം പറഞ്ഞു. "കഴിഞ്ഞമാസം എന്റെയും വീട്ടിൽ വന്നിരുന്നു ഞാൻ സ്വീകരിച്ചില്ല, വന്നതുപോലെ അവർ തിരിച്ചുപോയി ". ഇത്രയും പറഞ്ഞ് രാമൻ പോയി. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. ഈ വരുന്ന വ്യക്തി സാധാരണക്കാരായിരിക്കില്ല, എന്തൊക്കെയായാലും അവരെ സ്വീകരിക്കുക എന്ന് തീരുമാനിച്ച് കാത്തിരുന്നു. സമയം പോയതറിഞ്ഞില്ല. പ്രതീക്ഷിച്ചിരുന്ന വ്യക്തി നിറഞ്ഞ പുഞ്ചിരിയോടെ വലിയ ബാഗ് തൂക്കി എന്റെ വീട് ലക്ഷ്യമാക്കി എത്തി. എന്റെ മുഖത്ത് ഒരു പരിചയഭാവം മിന്നി തെളിഞ്ഞെങ്കിലും പുറത്ത് പ്രകടിപ്പിക്കാതെ ഞാനും ചെറുപുഞ്ചിരിയോടെ അവരെ സ്വീകരിച്ചു. അവർ കാൽ കഴുകി അകത്തേക്ക് കയറിയപ്പോൾ പറയുകയാണ്, "ഞാനാണ് സ്നേഹം, എനിക്ക് നാല് മക്കൾ കഥ, കവിത, ഗായകി, കലാതിലക്." പോയ രാമൻ പോയതുപോലെ മടങ്ങിയെത്തി. എല്ലാവരെയും സ്വീകരിച്ച് അകത്ത് കയറ്റി ഇരുത്തി. നല്ലൊരു സദ്യ ഉണ്ടാക്കി കഴിച്ചങ്ങനെ ഞാനെന്റെ സ്നേഹവീട്ടിൽ താമസമാക്കി. സ്നേഹിക്കാൻ മക്കളെയും ലഭിച്ചു. അവരോടൊത്തു കഴിയുമ്പോൾ പറന്നകന്ന സന്തോഷവും തിരിച്ചുകിട്ടി. അതിനായ് ഒരുക്കിയതാണ് ഈ വിഭവം.
ശാന്ത. കെ. കെ. 9495818911
story oru vishadha sandhya