കഥ...നഷ്ടപരിഹാരം
തകർന്നമർന്ന മലഞ്ചെരിവുകളിലൂടെ കലങ്ങികുതിക്കുന്ന പുഴവെളളത്തിലൂടെ ആ വാർത്ത മേഘസ്പോടനത്തെ അതിജീവിച്ചു എങ്ങും പരന്നു. ജോസൂട്ടി മുറ്റത്തിറങ്ങി തന്റെ വീട്ടിലേക്ക് ഒന്നു നോക്കി. രണ്ടു കൊല്ലം മുമ്പ് പണികഴിപ്പിച്ച വീടാണ്. ജീവിതത്തിലെ ഏക സമ്പാദ്യം എന്ന അഹങ്കാരത്തിന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി എല്ലാ മാസവും ഒന്നാം തീയതി പുലരുന്നത് മൊബൈലില്‍ ബാങ്കിന്റെ ഓർമ്മ കുറിപ്പും ഇറയത്ത് ബ്ലേഡിനെക്കാൾ മൂർച്ചയുമായി നില്ക്കുന്ന അറവുകത്തി എന്ന ഓമനപേരുളള പലിശ അവറാച്ചനും....
അമ്മച്ചിയും അപ്പച്ചനും ഒരു മുറിയില്‍ തോരാപാരേ കിടപ്പായിട്ട് ഒന്നരകൊല്ലമായി. മൂത്തമകൾ കന്നി പ്രസവത്തിനു വന്നു നില്ക്കുന്നു. രണ്ടാമത്തവൾക്ക് ആലോചനകൾ ഉണ്ട്. മിനിമം ഇരുപത്തിയഞ്ച് പവനും അഞ്ച് ലക്ഷം രൂപയും വേണം കെട്ടിച്ചുവിടാൻ. മൂന്നാമത്തേവൻ കോളേജില്‍ ആണ്. ഇവരെ ഒക്കെ തീറ്റി പോറ്റാന്‍ താന്‍ ഒരാളും. കടം വീട്ടണം. കറന്റ് ബില്‍ പലചരക്ക് മരുന്ന് വസ്ത്രം എല്ലാം വേണം. പെണ്ണിന്റെ പ്രസവം അവളെ കൈനിറയെ കൊടുത്തു പെറ്റെണീച്ചു പറഞ്ഞയക്കൽ... തലപെരുപ്പോടെ ഇരിക്കുമ്പോഴാണ് കാലം കെട്ട കാലത്തെ ഒരു പെരുമഴ. ആറും കായലും കടലും ഒന്നായപോലെ. അണക്കെട്ടുകളുടെ ഹൃദയതാളം മുറുകുന്നതു ഇടുക്കിക്കാർക്ക് കേൾക്കാം. പെട്ടെന്നാണ് അതിഭീകരമായ ഒരു ശബ്ദം പിറകിലെ മലമുകളില്‍ നിന്ന് ഉയർന്നത്. ജോസൂട്ടി അമ്പരന്നു നോക്കി നില്‍ക്കേ തൊട്ടയൽപക്കങ്ങളിലെ വീടുകള്‍ അപ്രത്യക്ഷമായി. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ ശ്രമിക്കുമ്പോഴേക്കും അയൽ വീടുകളുടെ സ്ഥാനത്ത് ഒരു കൊച്ചു പുഴ കുത്തിയൊലിച്ച് ഒഴുകാന്‍ തുടങ്ങി. മണ്ണിനടിയിൽ അയൽക്കാരുടെ ശരീരങ്ങളും തേടി ജോസൂട്ടിയും ഇരുട്ടും വരെ കർമ്മസേനയോടൊപ്പം നടന്നു. അപ്പോഴാണ് കേട്ടത് മരിച്ച ഓരോ വ്യക്തിയുടെയും ബന്ധുവിന് അഞ്ച് ലക്ഷം രൂപ സർക്കാർ തരുന്നു. ആകാശം ഭേദിച്ച് വാർത്ത പരന്നു. അപ്പച്ചനും അമ്മച്ചിയും കിടക്കുന്ന പിറകിലെ ചായ്പ് മുറിയിലേക്ക് കുറച്ച് കഞ്ഞികോരിക്കുടിച്ച് ജോസൂട്ടി എത്തിനോക്കി. ഇങ്ങിനെ കെടക്കാതെ ഒന്നു ശ്വാസം നിന്ന് കിട്ടിയാല്‍ മതിയാരുന്നു. രണ്ടു രോഗികളെയും പരിചരിച്ച് ആനിയും ഗതികെട്ടിരിക്കുന്നു. ചായ്പ്പിന്റെ മുറ്റത്ത് വരെ മലയിടിഞ്ഞ കല്ലും മണ്ണും ചിതറി കിടപ്പുണ്ട്. രാത്രി ആകാറായി. ഇനിയും ഉരുൾ പൊട്ടാൻ സാധ്യതയുണ്ട്. കർമസേനയോടൊപ്പം ആനിയേയും മക്കളേയും പറഞ്ഞു വിട്ടു. ജോസൂട്ടി മൺവെട്ടിയുമായി ചായ്പ്പിന്റെ മുററത്തേക്കിറങ്ങി. മിനിറ്റുകൾക്കകം ചായ്പ്പ് നിലം പതിച്ചു. മുറ്റത്തു കുടികിടന്ന ചെളിക്കെട്ട് ചായ്പ്പിനകത്തായി. ജോസൂട്ടി അലറികരയാൻ തുടങ്ങിയപ്പോൾ ആളുകള്‍ എത്തിനോക്കി. ജോസൂട്ടിയുടെ ചായ്പ്പ് തകര്‍ന്നു കിടക്കുന്നു. അടിഞ്ഞുകൂടിയ മണ്ണില്‍ പുതഞ്ഞ് ആ വൃദ്ധ മാതാപിതാക്കള്‍. മൂന്ന് മാസം തികയും മുമ്പ് ഒരു ചെറിയ സമ്മേളനം വെച്ച് മരിച്ചു പോയവരുടെ ബന്ധുക്കള്‍ക്ക് മന്ത്രി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്തു. അപ്പച്ചന്റെ പേരിലുള്ള ത് ആനികൈപ്പററി. അമ്മച്ചിയുടെ പേരിലുള്ള ചെക്ക് വാങ്ങി അതിലേക്ക് നോക്കിയ ജോസൂട്ടി കണ്ടത് അൻപത് കൊല്ലം മുമ്പ് ഈറ്റുമുറിയിൽ വെച്ച് ആദ്യമായി തനിക്ക് ജീവാമൃതം പകർന്നു തന്ന അമ്മച്ചിയുടെ മുലക്കണ്ണുകളാണ്. ഓർമ്മയിലെന്നും സ്വാന്തനത്തിന്റെ പാലൂട്ടുന്ന മുലക്കണ്ണുകള്‍. ജോസൂട്ടിയുടെ കയ്യിൽ ഇരുന്നു വിറച്ച ആ ചെക്ക്ലിഫ് അയാള്‍ ധൃതിയില്‍ പോക്കറ്റില്‍ തള്ളി. വീട്ടിലേക്ക് വലിഞ്ഞുനടന്നു.
story nashttapariharam