കഥ... മൈത്രി
ജനൽ കർട്ടനുകൾ ഞാൻ വകഞ്ഞിട്ടിരിക്കുന്നു. നിനക്ക് വെളിച്ചവും കാറ്റിനും വേണ്ടി. ശ്വേത യാത്ര തിരിച്ചുകഴിഞ്ഞു. മൈത്രി, നിന്നെ ഏറെനേരം വിളിച്ചുണർത്താൻ ഞാൻ പാടുപെട്ടു. നീ ഉണർന്നില്ല. പതിവ് ഞരക്കങ്ങളും , ആലസ്യവുമായി നീ വീണ്ടും കണ്ണടച്ചു. ശ്വേതയെ യാത്രയാക്കി. അവൾ പലതുംപറഞ്ഞു. കുറച്ചുകാലം അവിടെ ബാംഗ്ലൂരിൽ അവളോടൊപ്പം നിൽക്കാൻ, പതിവ് പോലെ ആവശ്യപ്പെട്ടു. ഞാൻ എപ്പോഴുംപോലെ ചിരിച്ചതേയുള്ളു. നിന്‍റെ കാര്യങ്ങൾ പറയുമ്പോഴെല്ലാം അവൾ നിസ്സംഗയായി കേട്ടിരുന്നു. ഇടയ്ക്കിടയ്ക്ക് കരഞ്ഞു. ഇടക്കെപ്പോഴോ എന്‍റെ താടിപിടിച്ചുയർത്തി കുറെനേരം കണ്ണുകളിൽ നോക്കിയിരുന്നു. മുറ്റത്തു മന്ദാരം പൂത്തത്,ഞാൻ അവൾക്കു കാണിച്ചുകൊടുത്തു. പതിവ്പോലെ മൂവാണ്ടൻ മാവിൽ കുറെകല്ലെറിഞ്ഞു. ഒറ്റ മാമ്പഴംപോലും വീണില്ല. രണ്ടുദിവസം പോയതറിഞ്ഞില്ല മൈത്രി. ഇന്നലെ രാത്രി മുഴുവൻ ഞങ്ങൾ എന്തൊക്കെയാ ചെയ്തതെന്നറിയുമോ.? ശ്വേതയുടെ പഴയ ഫോട്ടോകളൊക്കെ ഞാനും, അവളും കൂടിയിരുന്നുകണ്ടു,
വീണ്ടും വീണ്ടും. അവളുടെ നമ്മൾ സൂക്ഷിച്ചുവച്ച കുഞ്ഞുടുപ്പുകളും , കളിപ്പാട്ടങ്ങളുമൊക്കെ, അലമാരയിൽനിന്നു ഞാൻ പുറത്തെടുത്തു. നിനക്ക് ശല്യമാവേണ്ടെന്നുകരുതി ഞാൻ നമ്മുടെ മുറിയുടെ കതകുകൾ ചാരിവച്ചിരുന്നു. വിതറിയിട്ട കളിപ്പാട്ടകൂട്ടത്തിൽ, കുറെനേരം ഞാനും,അവളും കളിച്ചു. പഴയ നിറംമങ്ങിതുടങ്ങിയ ഫോട്ടോകളിൽ അവൾ കൃത്യമായി എന്നെയും ,നിന്നെയും പിന്നെ അവളെയും കണ്ടുപിടിച്ചുകൊണ്ടിരുന്നു. നിന്‍റെ പഴയസാരികൾകൊണ്ട് ഞാൻ തീർത്ത ജനാല കർട്ടനുകളും, കിടക്കവിരികളും കണ്ടപ്പോൾ അവൾ എന്തിനാണ് നിർത്താതെ കരഞ്ഞതെന്നുമാത്രം,എനിക്ക് മനസ്സിലായില്ല.? എന്‍റെ അനുസരണയില്ലാത്ത നരച്ചമുടിയിഴകൾ,അവൾ കോതിവെടിപ്പാക്കി.താടിരോമങ്ങൾ കത്രിച്ചൊതുക്കി.ഏറെനേരംവൈകി അവൾ പുറപ്പെടാൻ എല്ലാം ഒതുക്കി ബാഗിൽവച്ചപ്പോൾ പതിവ്പോലെ എന്‍റെ അനുവാദമില്ലാതെതന്നെ എന്റെയും, വസ്ത്രങ്ങൾ എടുത്തുവച്ചു കൂടെ മരുന്നുകളുടെ ചെറിയപെട്ടിയും. ഏറെ പണിപ്പെട്ടു അവളെ പറഞ്ഞു മനസ്സിലാക്കുവാൻ, നിന്നെ ഒറ്റക്കാക്കിയിട്ടു എനിക്ക് അവളോടൊപ്പം വരാനാവില്ലെന്നു ഞാൻ തീർത്തുപറഞ്ഞു. അവളുടെ പ്രവർത്തിയിൽ ഞാൻ അരിശപ്പെട്ടെന്നു എന്‍റെ കിതപ്പുകളിൽ അവൾക്കു മനസ്സിലായി. എന്‍റെ മെല്ലിച്ചവിരലുകളിൽ അവൾ ഏറെനേരം തടവിക്കൊണ്ടിരുന്നു. എന്‍റെ അരിശത്തിന്റെ കിതപ്പടങ്ങുംവരെ അവളും നിശ്ശബ്ദയായിരുന്നു. ബാൽക്കണിയിലെ ജനാല തുറന്നിട്ട് പാലൊളിചന്ദ്രനെ, ഞങ്ങൾ ഏറെനേരം നോക്കിനിന്നു. നിന്‍റെ രോഗാതുരമായ അവസ്ഥയെയും,നിനക്ക് ഞാൻ എന്ന ആവശ്യകതയെയും ഞാൻ ഏറെപണിപ്പെട്ടു അവളെ മനസിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവളുടെ നനുത്തതലമുടിയിൽ ഞാൻ ഏറെനേരം തടവിക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ എന്‍റെ കൈവിരലുകളിൽ പറ്റിയ നനവ് അവളുടെ കണ്ണുകളുടേതായിരുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു മൈത്രി. ചാരുകസാലയിൽ എന്‍റെ മടിയിൽ മുഖംചേർത്തു, അവൾ എപ്പോഴോ ഉറങ്ങി. അവളുടെ മെല്ലിച്ചകൈത്തണ്ടകൾ നിന്റേതുപോലെതന്നെ എന്നെനിക്കു തോന്നി. കൈവിരലുകൾ ആ പഴയ മൂന്നുവയസുകാരിയുടേതു പോലെയും. രാവിലത്തെ പ്രാതൽ ശ്വേതതന്നെയുണ്ടാക്കി. എനിക്കും, നിനക്കുമുള്ളതു പതിവ്പോലെ ഒരു പ്ലേറ്റിൽ ഞാൻ പകർന്നെടുത്തപ്പോൾ അവൾ തടഞ്ഞു. അവൾതന്നെ നിന്നെ കഴിപ്പിച്ചോളാമെന്നും പറഞ്ഞു. മൈത്രി,അവൾ നമ്മൾ കരുതുംപോലെയല്ല,വളർന്നു വലിയകുട്ടിയായിരിക്കുന്നു.വരുന്ന മാസം ഇരുപത്തിമൂന്ന് തികയും. തിക്കിമുട്ടലുകളിൽ നീ ചോദിക്കേണ്ടത് ഇപ്രാവശ്യവും ഞാൻ തന്നെ ചോദിച്ചു. വിവാഹകാര്യം. റോസാചെടിയുടെ പൂവുകൾ തലോടി അവൾ ചൂണ്ടുവിരൽകൊണ്ട് എന്‍റെ ചുണ്ടുകൾ അമർത്തി പതിവുപോലെപറഞ്ഞു വന്നത് പാതിയാക്കി എന്നെ നിശ്ശബ്ദനാക്കി. കനത്തബാഗുകളുമായി പുറപ്പെടുംമുൻപ് അവൾ നമ്മുടെ മുറിയിൽ ചാരിയിട്ടകതകിൽ മെല്ലെമുട്ടി. നിന്നോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞു. മുറ്റത്തെ തണലിൽ ഞാൻ മാറിനിന്നതും അവൾ പറയട്ടെ എന്ന് കരുതിതന്നെയാണ്. ചുവന്നകണ്ണുകളുമായിട്ടാണ് അവൾ പുറത്തുവന്നത്. പതിവുപോലെ നീ അവളെ ശകാരിച്ചുവോ മൈത്രി.? വഴിതീരുന്നിടത്തു കാർ വന്നിരുന്നു അവൾക്കായി. പോകുംമുൻപു രണ്ട് കാര്യങ്ങൾ അവൾ വാക്കായി വാങ്ങി എന്നിൽനിന്നും. ഒന്ന് നല്ല ഒരാളെ ജോലിക്കായി എന്നെയും, നിന്നെയും നോക്കാൻ ഏർപ്പാടാക്കുമത്രേ എത്രയുംപെട്ടെന്ന്. കേളു പോയതിനുശേഷം എത്രവട്ടം അവൾ ഫോണിൽ പറഞ്ഞതാണ്, മറ്റാരെയെങ്കിലും വയ്ക്കാൻ. ഞാനാണ്, താത്പര്യമെടുക്കാത്തതു എന്നാണ് അവള് പറയുന്നത്.ശരിയല്ലേ മൈത്രി.?അതുകൊണ്ടു ഞാൻ മറുത്തൊന്നുംപറഞ്ഞില്ല. രണ്ട് അടുത്ത വരവിൽ നമ്മൾ അവളുടെ കൂടെ പോയെതീരു. അതിനും ഞാൻ വെറുതെ തലയാട്ടി. കഴുത്തിലൂടെ കയ്യിട്ടു മുറുകെ എന്നെ കെട്ടി പിടിച്ചപ്പോൾ, അവളുടെ ദ്രുതഗതിയിൽ മിടിക്കുന്നഹൃദയം ഇപ്പോൾ പൊട്ടിത്തെറിക്കുമോ എന്ന് ഞാൻ ഭയന്നു. നിർബന്ധിച്ചു കൈകൾ വിടുവിച്ചു കാറിൽ ഇരുത്തി, അവളുടെ കവിളിലെ നനവിൽതൊട്ടു ഞാൻ പ്രാർത്ഥിച്ചു, 'എന്‍റെ കുട്ടിയെ കാത്തോളണേന്നു' ഇന്ന് പൗർണ്ണമിയാണ് മൈത്രി. പുറത്തു നല്ല നിലാവുണ്ട്. 'മൈത്രി....ഉറങ്ങിയോ?.....ഇല്ലേ'.?. 'എനിക്കെന്തോ വിശപ്പുതോന്നുന്നില്ല, ഞാൻ കഴിക്കാതെ നിനക്കും വിശക്കില്ലല്ലോ'.? 'ഞാൻ ഭക്ഷണം എടുക്കട്ടേ നിനക്ക്.? വേണ്ടേ.....?ശരി'. 'ഞാൻ ജനാല തുറന്നിടാം.' :പുറത്തു പാലപൂവിന്റെ ഗന്ധം വരുന്നില്ലേ.? ശ്വേത ഇപ്പോൾ ട്രെയിനിൽ ആയിരിക്കും.? അല്ലെ മൈത്രി.'? 'ശ്വേതയെ നീ എന്തിനു ശകാരിച്ചു.? പാവംകൂട്ടി, വേണ്ടായിരുന്നു മൈത്രി.' 'അവൾ കുട്ടിയല്ലേ.?നിനക്ക് ക്ഷമിക്കരുതോ അവളുടെ എന്തെങ്കിലും തെറ്റുകൾ.'? 'മൈത്രി എന്തെങ്കിലും പറയു. എത്ര നേരമായി ഞാൻ ഓരോന്ന് ചോദിക്കുന്നു.'? 'മോള് എന്ത് പറഞ്ഞു നിന്നോട്.? അവൾക്കു നല്ലവിഷമമുണ്ട്, നമ്മളെ ഒറ്റക്കാക്കിപോകാൻ.' 'ഞാൻ വിചാരിക്കുന്നു,അടുത്ത വരവിൽ അവൾക്കൊപ്പം നമുക്കും പോയാലോ എന്നാണ്.'? 'നീ പേടിക്കണ്ട അവിടെയും ഞാൻ തന്നെയാവും നിന്‍റെ എല്ലാ കാര്യങ്ങളും നോക്കാൻ, അതെ ശരിയാകുവെന്നു, എന്നേക്കാൾ നന്നായി നിനക്കല്ലേ അറിയൂ.' 'മൈത്രി.....നീ എന്താ ഒന്നും പറയാത്തത്.'? 'പുറത്തു ഒഴുകി പരന്നുപോകുന്ന ചന്ദ്രനെ കണ്ടോ ? എത്ര രസമാണ് അല്ലെ.'? 'മൈത്രി നീ ഓർക്കുന്നുണ്ടോ.? നമ്മുടെ ആദ്യരാത്രിയും ഇതുപോലെ ഒരു പൗർണ്ണമിയായിരുന്നു, മട്ടുപ്പാവിലിരുന്നു വെളുക്കുവോളം നമ്മൾ ചന്ദ്രനെകണ്ടു,കഥകൾ പറഞ്ഞു പറഞ്ഞു,പരസ്പരം എപ്പോഴോ വെറും നിലത്തു മറിഞ്ഞുവീണുറങ്ങിപ്പോയി അല്ലെ മൈത്രി.?ഓർക്കുന്നുണ്ടോ അതൊക്കെ.? പിറ്റേന്ന് ആമ്പൽകുളത്തിൽ നീ കുളിക്കാൻപോയപ്പോൾ,ആദ്യ രാത്രിയുടെ എങ്ങനെയോ ചോർന്നുപോയ കഥകൾപറഞ്ഞു, ചെറിയമ്മായിയും, വസുന്ധരചിറ്റയും നിന്നെ കുറെ കളിയാക്കിയതുമൊക്കെ ഇന്നലെപോലെ ഞാൻ ഓർക്കുന്നു.' 'മൈത്രി....കേൾക്കുന്നുണ്ടോ ഞാൻ പറയുന്നതൊക്കെ.? എന്താണ് ഒന്നും പറയാത്തത്'.? 'നേരിയ തണുവുണ്ടല്ലോ.? ബ്ലാങ്കറ്റ് പുതക്കാം.' 'ഇന്ന് ഞാൻ കട്ടിലിൽവിരിച്ചവിരി ഏതാണെന്നറിയുമോ.? നിന്‍റെ പഴയ കാശ്മീരിസാരി, അതിൽ നിന്‍റെ രൂപം തുന്നിചേർത്തു. മുഴുവൻ ശരിയായില്ലയെന്നറിയാം. എന്നാലും എത്ര ദിവസമെടുത്തുവെന്നറിയുമോ നിനക്ക്.? തിമിരക്കണ്ണുമായി, എനിക്ക് ഇതുചെയ്തുതീർക്കാൻ.? വെള്ളിനൂലുകൾകൊണ്ട് വരഞ്ഞിട്ടപോലെ നടുക്ക് നീ, എത്ര സുന്ദരിയായിരിക്കുന്നു.? ചുറ്റും പറക്കുന്ന ചിത്രശലഭങ്ങളെ തുന്നിയെടുക്കാൻ നന്നേ പാടുപെട്ടു. സൂചിമുന വിരലുകളിൽ കുത്തിനോവിച്ചുകൊണ്ടേയിരുന്നു. പഴയപോലെ കാഴ്ച്ചയൊന്നും ശരിയാവാന്നില്ലടോ. ശ്വേതയെപോലും ഞാൻ കാണിച്ചില്ല. ആദ്യം തന്നെതന്നെ, കാട്ടണമെന്നായിരുന്നു വാശി. എന്നിട്ടും എന്താ മൈത്രി ഒന്നും പറയാത്തെ.'? 'ഉറക്കം വരുന്നുണ്ടോ മൈത്രി.'? 'എന്‍റെ ഇടതുകരം ഞാൻ ഉയർത്തി വച്ചിരിക്കുന്നു പതിവ്പോലെ. നെഞ്ചിലേക്ക് ചാഞ്ഞോളൂ.....ഉറങ്ങണ്ടേ.'? 'മൈത്രി'... 'മൈത്രി'... 'തിരയുന്ന എന്‍റെ വിരലുകൾക്ക് നിന്നെ സ്പർശിക്കുവാനാകുന്നില്ലല്ലോ'.? 'മൈത്രി.'.. 'മൈത്രി'.. 'എന്‍റെ ഇടതുഭാഗത്തു നീ ഇല്ലേ.'? 'എന്താ ഒന്നും പറയാത്തത്.'? 'മൈത്രി.'.... 'പാലപ്പൂവിന്റെ ഗന്ധം രൂക്ഷമാകുന്നല്ലോ.? അത് എന്‍റെ സിരകളിൽ, തലച്ചോറിൽ, ലഹരിപോലെ പടർന്നുകയറുന്നല്ലോ.? എനിക്ക് എന്താണ് സംഭവിക്കുന്നത് മൈത്രി.? നീ എവിടെയാണ്.? എന്താണ് വിളികേൾക്കാത്തത്.? മൈത്രി,ചന്ദ്രനിലാവ് മേഘംമറക്കുന്നല്ലോ.? എന്താണ് സംഭവിക്കുന്നത്.? എന്‍റെ കവിളുകൾ നനഞ്ഞിരിക്കുന്നല്ലോ.? ഞാൻ എപ്പോഴാണ് കരഞ്ഞത്.? 'മൈത്രി.'... 'മൈത്രി.'.. നിലാവിന്റെ അവസാനകഷ്ണവും ഈ മുറിയുടെ ചുവരുകളിൽതട്ടി തീക്ഷ്ണപ്രകാശത്തോടെ മാഞ്ഞുപോകുന്നല്ലോ'.? 'എന്‍റെ കണ്ണുകളിൽ വീണ്ടും, വീണ്ടും, ആരാണ് നനവുനിറക്കുന്നത്.? അവ്യക്തമായി എല്ലാം കാണാമെനിക്ക്. നിരങ്ങിനീങ്ങി, മാഞ്ഞുപോകുന്ന നിലവിൽ, എന്‍റെ ഇടതുഭാഗത്തു, നീയില്ലല്ലോ മൈത്രി.'? 'ചുവരുചേർത്തിട്ട മേശ, അതിൽവച്ച കളിമൺപാത്രത്തിലെ പൂക്കളൊക്കെ വാടിയിരിക്കുന്നല്ലോ മൈത്രി.? ചുവട്ടിലെ കസാലയാകെ പൊടിപറ്റികിടക്കുന്നു, ഞാൻ ഇന്നും തുടച്ചതാണല്ലോ.'? 'ചുവരിലെ കലണ്ടർ മാസം തെറ്റികിടക്കുന്നു. വെളിച്ചംകുറഞ്ഞു എല്ലാം അവ്യക്തമാകുന്നല്ലോ. ഇരുൾ പടർന്നുകയറുന്നു. നിലാവ് ചുവരുകളെയും കടന്നുപോകുന്നു. അവ്യക്തതയിലും അവസാന കാഴ്ച്ചയാക്കി ഒരുക്കിതരുന്ന പോലെ നിന്‍റെ ഒരു പഴയ ചിത്രം, ചുവരിൽ ശേഷിക്കുന്നു. അതിൽ ചാർത്തിയ പൂക്കളും കരിഞ്ഞിരിക്കുന്നു.എന്‍റെ കയ്യക്ഷരമല്ലേ ആ ചിത്രത്തിനടിയിൽ.' 'പ്രിയ മൈത്രി ' നിലാവ് മറയുംമുൻപേ, കണ്ണുകൾ വലിച്ചുതുറന്നു, ഒന്നുകൂടി നോക്കട്ടെ. അതിനടിയിൽ മഷിയുണങ്ങാത്ത, കുറച്ചു മുൻപെഴുതിയിട്ട അക്ഷരങ്ങളെകൂടി. 'ലവ് യു മമ്മ
ഹരീഷ് മൂർത്തി
story mythri