---
title: "#traffic | ട്രാക്കിൽ മരം വീണു;  ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു"
english_title: "A #tree fell on the #track;  #Train #traffic was #disrupted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218209/a-tree-fell-on-the-track-train-traffic-was-disrupted"
published_at: "2024-07-08T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b675571fb9_traffic.jpg"
keywords: []
---

# #traffic | ട്രാക്കിൽ മരം വീണു;  ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **കൊച്ചി : ** മരം ട്രാക്കിൽ വീണതിനെ തുടർന്ന്‌ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പച്ചാളം ലൂർദ്‌ ആശുപത്രിക്കുസമീപം ഷൺമുഖപുരത്തായിരുന്നു സംഭവം.

## Article Content

**കൊച്ചി : ** മരം ട്രാക്കിൽ വീണതിനെ തുടർന്ന്‌ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പച്ചാളം ലൂർദ്‌ ആശുപത്രിക്കുസമീപം ഷൺമുഖപുരത്തായിരുന്നു സംഭവം.

വ്യക്തിയുടെ പുരയിടത്തിലെ പൂവരശാണ്‌ ഞായർ രാവിലെ ഒമ്പതരയോടെ കടപുഴകി ട്രാക്കിലേക്ക്‌ വീണത്‌. രണ്ടുമണിക്കൂറിലധികം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം മുടങ്ങി. മരം വീണതോടെ റെയിൽവേയുടെ വൈദ്യുതിലൈനുകളിലൊന്ന്‌ പൊട്ടി.

വലിയ ശബ്ദവും തീയുമുണ്ടായി. ട്രാക്കിനും സമീപത്തെ സർവീസ്‌ റോഡിലുമായാണ്‌ മരം വീണത്‌. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു. റെയിൽവേ അധികൃതർ വൈദ്യുതിബന്ധം വിച്ഛേദിച്ചു.

ക്ലബ്‌റോഡ്‌ അഗ്നി രക്ഷാസേന സ്ഥലത്തെത്തി രണ്ടുമണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ മരം മുറിച്ചുനീക്കിയത്‌. മംഗള എക്സ്പ്രസ്, ശബരി, വേണാട്, പരശുറാം എക്സ്പ്രസുകൾ, പാലക്കാട്–എറണാകുളം മെമു ട്രെയിനുകൾ എന്നിവ പലയിടത്തായി പിടിച്ചിട്ടു.

ഗ്രേഡ്‌ എഎസ്‌ടിഒ വിമൽകുമാർ, ഫയർമാൻമാരായ എ ഷമീർ, എം ശ്യാം, ബി ബിനോയ്‌, ഡ്രൈവർ കെ ഡി സുനിൽ എന്നിവരടങ്ങിയ സംഘമാണ്‌ മരം മുറിച്ചുനീക്കിയത്‌.

റെയിൽവേ ട്രാക്‌ഷൻ വിഭാഗം, ഇലക്ട്രിക്കൽ വിഭാഗം സീനിയർ സെക്‌ഷൻ എൻജിനിയർമാർ, തൊഴിലാളികൾ, ആർപിഎഫ്, കെഎസ്ഇബി, നോർത്ത് പൊലീസ് എന്നിവരുടെ സഹായവുമുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218209/a-tree-fell-on-the-track-train-traffic-was-disrupted)