കവിത....(piravomnews) ലയനം.
- ആശ്ചര്യംകണ്ടുണരുന്ന രാവുകൾ എങ്ങോ പോയ്‌മറഞ്ഞു.
- ഓർമ്മയ്ക്കു ചിറകുവച്ചിരുന്നെങ്കിൽ
- പോയ്‌മറഞ്ഞനാളുകൾ
- സുന്ദരസ്വപ്നത്തിൽ സൂനംവിടർത്തിയേനേ!
- സങ്കല്പമകലേയ്ക്കുപോകുമ്പോളും
- മറവിയുടെ മാറാപ്പണിഞ്ഞ മൗനങ്ങൾ എന്തോ തിരയുന്നുണ്ടായിരുന്നു.
- മോഹങ്ങൾ കൊഴിഞ്ഞപ്പോഴും
- ഉറക്കം കെട്ടപ്പോഴും എന്തോ തിരയുന്ന കണ്ണുകൾ പീളകെട്ടി,
- കുഴിയുന്നുണ്ടായിരുന്നു.
- റോസാപ്പൂവിന്റെ നൈർമ്മല്യംതുളുമ്പുന്ന വദനഭംഗി,
- വിണ്ടുകീറിയ മണൽത്തിട്ടപോൽ വികൃതഭാവംപൂണ്ടിരുന്നു.
- ആരെയോ നോക്കിയിരിക്കുമ്പോളെത്താത്ത
- നെടുവീർപ്പുകൾ താളംപിടിച്ചിരുന്നു.
- കാലനാംകാമുകൻ വന്നെതിരേറ്റു,
- മഞ്ചത്തിൽ കിടത്തി ഭൂമീദേവിക്കുസമർപ്പിച്ചപ്പോൾ
- കണ്ണുനീർ വാർക്കുന്ന കുറേക്കണ്ണുകൾ
- എന്നെ വലംവയ്ക്കുന്നു.
- എല്ലാ കണ്ണുകളും വെട്ടിച്ചു ഞാനാഴങ്ങളിലേക്ക് ഊളിയിട്ടു.
- ഇനി ഞാനില്ല, രാവില്ല, ഇരുട്ടില്ല, ജനനമില്ല, മരണമില്ല!
- അഗ്നി ക്രൂരതകാട്ടി ചാമ്പലാക്കുന്ന
- പ്രക്രിയയിൽ ലയിച്ചൂ വിഷപങ്കിലജീവിതവിരാമം.
- രചന -ലീലാവതി.
kavitha-- layanam