---
title: "#hotel | പറവൂരിലെ ഹോട്ടലുകളിൽനിന്ന്  പഴകിയ ഭക്ഷണം പിടിച്ചെടുത്തു"
english_title: "#Stale #food #seized from #hotels in #Paravur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213365/stale-food-seized-from-hotels-in-paravur"
published_at: "2024-06-20T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673a7d09cb9c_hotel.jpg"
keywords: []
---

# #hotel | പറവൂരിലെ ഹോട്ടലുകളിൽനിന്ന്  പഴകിയ ഭക്ഷണം പിടിച്ചെടുത്തു

> **Lead Summary:** പറവൂർ : പറവൂർ ടൗണിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

## Article Content

പറവൂർ : പറവൂർ ടൗണിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

തെക്കേനാലുവഴിയിലെ വൈറ്റ് സിറ്റി, പെരുവാരത്തെ കെഎൽ 42 കിച്ചൻ, കെഎംകെ കവലയിലെ നഹാത്ത് ബേക്സ് റസ്‌റ്റോറന്റ്‌ എന്നിവിടങ്ങളിൽനിന്ന് പഴയ ചിക്കൻ, റൈസ്, ബീഫ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

പള്ളിത്താഴത്തെ നാടൻ ഫുഡ് എന്ന ഹോട്ടൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായും ചേന്ദമംഗലം കവലയിലെ പുട്ടുകട മലിനജലം ഓടയിലേക്ക് തള്ളുന്നതായും കണ്ടെത്തി. നിരോധിത പ്ലാസ്‌റ്റിക് ഉപയോഗിച്ചതായും പരിശോധനയിൽ വ്യക്തമായി.

അഞ്ചു ഹോട്ടലുകൾക്കായി നഗരസഭ 1,25,000 രൂപ പിഴയിട്ടു. പിടിച്ചെടുത്തവ നഗരസഭാ ഓഫീസിനുമുന്നിൽ പ്രദർശിപ്പിച്ചു. ഏതാനും ദിവസംമുമ്പ്‌ ഡോൺബോസ്കോ ആശുപത്രിക്ക് എതിർവശമുള്ള സ്വാഗത് ഹോട്ടലിൽനിന്ന്‌ പിടിച്ചെടുത്ത പഴകിയ ഭക്ഷണം ഹോട്ടലിലേക്കുതന്നെ തിരിച്ചുകൊടുത്തത്‌ വലിയ വിവാദമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആരോഗ് വിഭാഗം സൂപ്പർവൈസർ പി വി ജിജുവിനെ (ക്ലീൻ സിറ്റി മാനേജർ) സസ്പെൻഡ് ചെയ്തിരുന്നു. പഴകിയ ഭക്ഷണം പിടികൂടുന്നതിൽ നഗരസഭ അലംഭാവം കാണിക്കുന്നതായി ആക്ഷേപമുയർന്നു.

കൗൺസിൽ യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ വിഷയം ശക്തമായി ഉന്നയിച്ചു. ഇതേത്തുടർന്ന് ഏറെ നാളുകൾക്കുശേ‌ഷമാണ് ഇപ്പോൾ ശക്തമായ നടപടി ഉണ്ടായത്. നിയമലംഘനം നടത്തുന്ന ഹോട്ടലുകളുടെ ഉടമകൾക്കായി ഭരണകക്ഷി കൗൺസിലർമാർ ഇടപെടുന്നത് പതിവായെന്ന ആക്ഷേപം ശക്തമാണ്.

നഗരത്തിലെ ഒരു ഹോട്ടലിൽനിന്ന്‌ ഭക്ഷണം കഴിച്ചവർക്ക്‌ ഭക്ഷ്യവിഷബാധ ഉണ്ടായപ്പോഴും ഒരു ഭരണകക്ഷി കൗൺസിലർ ഇടപെട്ട് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയിരുന്നു. ഇതേത്തുടർന്നാണ്‌ പിടിച്ചെടുത്ത ഭക്ഷണം തിരിച്ചുകൊടുക്കാൻ കാരണമായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ആരോഗ്യവിഭാഗം ഹോട്ടലുകളിൽ പരിശോധനയ്ക്ക് ഇറങ്ങുമ്പോൾത്തന്നെ ഹോട്ടലുകൾക്ക് മുന്നറിയിപ്പുപോകുന്നതായും പരാതിയുണ്ട്.

ജനങ്ങൾ വോട്ട് ചെയ്‌ത്‌ വിജയിപ്പിച്ച ജനപ്രതിനിധിതന്നെ ജനങ്ങളുടെ ആരോഗ്യം തകർക്കാൻ കൂട്ടുനിൽക്കുന്ന ഇത്തരം നടപടികൾ സ്വീകരിക്കുന്നത് നഗരസഭാ ഭരണനേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213365/stale-food-seized-from-hotels-in-paravur)