---
title: "#drinkingwater | പിരിയൻകുളം കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം അവതാളത്തിൽ"
english_title: "#Operation of #Piryankulam #drinking #water #project in #progress"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/203637/operation-of-piryankulam-drinking-water-project-in-progress"
published_at: "2024-05-07T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639a9a5a7c76_piriyankulam.jpg"
keywords: []
---

# #drinkingwater | പിരിയൻകുളം കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം അവതാളത്തിൽ

> **Lead Summary:** പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്ത് അയ്യൻചിറങ്ങരയിലെ പിരിയൻകുളം കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം അവതാളത്തിൽ.

## Article Content

പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്ത് അയ്യൻചിറങ്ങരയിലെ പിരിയൻകുളം കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം അവതാളത്തിൽ.

കാലഹരണപ്പെട്ട മോട്ടോറുകളും വോൾട്ടേജ് ക്ഷാമവും വേനൽ കനത്തതോടെ കുളത്തിലെ ജലം വറ്റുന്നതുമാണ് പ്രതിസന്ധിക്ക്‌ കാരണം.

15, 16, 17 വാർഡുകളിലായുള്ള അയ്യൻചിറങ്ങര, പെരുമാനി മേഖലയിലെ അഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് 1998ൽ പദ്ധതി ആരംഭിച്ചത്. അന്ന് പെരുമാനിയിലെ ഓട്ടത്താണിയിൽ ടാങ്ക് സ്ഥാപിച്ച് പെരുമാനി മേഖലയിലാണ് ആദ്യം കുടിവെള്ളവിതരണം ആരംഭിച്ചത്.

പിന്നീട് 2009ൽ അയ്യൻചിറങ്ങരയിലെ കൂറ്റപാറ മോളത്ത് ഒരു ടാങ്ക് കൂടി സ്ഥാപിച്ച് കുടിവെള്ള വിതരണം വിപുലപ്പെടുത്തി. പമ്പ് ഹൗസും ടാങ്കുകളും വെങ്ങോല പഞ്ചായത്ത് നിർമിച്ച് ജല അതോറിറ്റിക്ക് കൈമാറുകയായിരുന്നു.

കുളത്തിൽ പെരിയാർവാലി കനാലിൽ വെള്ളം വരുമ്പോൾ മാത്രമാണ് ഉറവയുണ്ടാകുന്നത്. തൊട്ടടുത്ത കനാലിൽനിന്ന്‌ കുളത്തിലേക്ക് നേരിട്ട് വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചാൽ ജലക്ഷാമം പരിഹരിക്കാനാകും.

പുതിയ രണ്ട് മോട്ടോറുകൾ സ്ഥാപിക്കുകയും വോൾട്ടേജ് ക്ഷാമം പരിഹരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പിരിയൻകുളം കുടിവെള്ളപദ്ധതി കാര്യക്ഷമമാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് 17–--ാംവാർഡ് മെമ്പർ എം പി സുരേഷ് നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/203637/operation-of-piryankulam-drinking-water-project-in-progress)